ഹോമിഭാഭയുടെ മരണത്തിലെ ദുരൂഹതകള്‍ ചുരുളഴിയുമോ?കാതോര്‍ത്ത് ലോകം
ഗ്രനോബിള്‍ (ഫ്രാന്‍സ്): ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവായ ഹോമി ജെ ഭാഭയുടെ മരണത്തിലെ ദുരൂഹത അഞ്ച് പതിറ്റാണ്ടിനു ശേഷം ചുരുളഴിയുമോ എന്ന് കാതോര്‍ത്തിരിക്കുകയാണ് ലോകം. കഴിഞ്ഞ ദിവസം ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ശാസ്ത്ര ലോകത്തിന് ഈ പ്രതീക്ഷയുണര്‍ത്തിയത്.
ഈ പ്രതീക്ഷക്കു വക നല്‍കിയ ഡാനിയല്‍ റോച്ചെ ബോസ്‌റ്റോണ്‍ എന്ന സ്വിസ് ഗവേഷകന്‍ ഇപ്പോള്‍ താരമായിരിക്കുകയാണ്. വിമാനാപകട അവശിഷ്ടങ്ങളില്‍ ഗവേഷണം നടത്തുകയാണ് റോച്ചെ. ആല്‍പ്‌സ് പര്‍വ്വത നിരയിലെ മോബ്ലാ മഞ്ഞുമലയില്‍ നടത്തിയ തിരച്ചിലിലാണ് ഒരു കൈയും സ്ത്രീയുടേതെന്ന് തോന്നുന്ന കാലിന്റെ മുകള്‍ഭാഗവും റോച്ചെ കണ്ടെത്തിയത്. ശരീരാവിഷ്ടങ്ങള്‍ കണ്ടെത്തിയത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് റോച്ചെ പറയുന്നു. ഇതോടൊപ്പം വിമാനത്തിന്റെ നാലു ജെറ്റ് എന്‍ജിനുകളിലൊന്നും കണ്ടെടുത്തിട്ടുണ്ട്.
മോബ്ലാ ഭാഗത്തുതന്നെ 1950ല്‍ എയര്‍ ഇന്ത്യയുടെ ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് മഞ്ഞുമലയില്‍ ഇടിച്ചു തകര്‍ന്ന് 48 പേര്‍ മരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ 1966ലെ വിമാന യാത്രക്കാരുടേതാകാനാണു സാധ്യതയെന്നാണ് റോച്ചെ പറയുന്നത്. ശരീര ഭാഗങ്ങള്‍ പരിശോധനക്കയച്ചിരിക്കുകയാണ്.
1966 ജനുവരി 24നാണ് ഹോമി ജെ ഭാഭയും 11 മലയാളികളും അടക്കം 117 പേര്‍ മരിച്ച വിമാനാപകടം ഉണ്ടാവുന്നത്. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യയുടെ കാഞ്ചന്‍ജംഗ ബോയിങ് 707 വിമാനമാണ് അപകടത്തില്‍ പെട്ടത്. മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം ജനീവയിലെത്തുന്നതിന് തൊട്ടുമുമ്പ് അപകടം സംഭവിക്കുകയായിരുന്നു. അതിനിടയില്‍ ഡല്‍ഹിയിലും ബെയ്‌റൂട്ടിലും വിമാനമിറങ്ങിയിരുന്നു.
വിയന്നയില്‍ നടക്കുന്ന രാജ്യാന്തര അറ്റോമിക് എനര്‍ജി ഏജന്‍സി യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ഹോമി ഭാഭയുടെ യാത്ര.
ഭാഭയെ വധിക്കാനായി അമേരിക്ക വിമാനം ബോംബ് വച്ച് തകര്‍ക്കുകയായിരുന്നുവെന്ന് സി.ഐ.എ ചാരന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ആണവ പദ്ധതികള്‍ മരവിപ്പിക്കുന്നതിനായിരുന്നു അത്. എന്നാല്‍ പൈലറ്റിന്റെ ഭാഗത്തുണ്ടായ പിഴവാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.
ജര്‍മ്മനിയില്‍ നിന്ന് കപ്പല്‍ കൊണ്ടുവരാനായി പോയവരായിരുന്നു അപകടത്തില്‍ മരിച്ച 11 മലയാളികള്‍. ഇവരെല്ലാം മദ്രാസിലെ സൗത്ത് ഇന്ത്യ ഷിപ്പിങ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."