രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ആശുപത്രികളുടെയും സംസ്ഥാനത്ത് 12,363 സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍
മുഹമ്മദലി പേലേപ്പുറം
മലപ്പുറം: രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സംസ്ഥാനത്ത് ആശുപത്രികളും വര്‍ധിക്കുന്നതായി കണക്കുകള്‍. സംസ്ഥാനത്ത് 12,363 സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് സര്‍ക്കാരിന്റെ സര്‍വേ റിപ്പോര്‍ട്ടിലുള്ളത്.
ഏറ്റവും കൂടുതല്‍ ഏറണാകുളം ജില്ലയിലാണ് (1,810). ഏറ്റവും കുറവ് വയനാട്ടില്‍ (301). കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലാണ് മെഡിക്കല്‍ സ്ഥാപനങ്ങളുടെ എണ്ണം ഇത്രയധികം വര്‍ധിച്ചത്. ഏഴുവര്‍ഷത്തിനിടെ 5,761 സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് പുതിയതായി പ്രവര്‍ത്തനം തുടങ്ങിയതെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു.
കാസര്‍കോട് (487), കണ്ണൂര്‍ (959), കോഴിക്കോട് (1,206), മലപ്പുറം (1,353), പാലക്കാട് (653), തൃശൂര്‍ (979), ഇടുക്കി (487), കോട്ടയം (980), ആലപ്പുഴ (881), പത്തനംതിട്ട (451), കൊല്ലം (850), തിരുവനന്തപുരം (966) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളുടെ എണ്ണം. അലോപ്പതി ചികിത്സാസമ്പ്രദായ പ്രകാരമാണ് 6,920 സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. 2,859 ഹോമിയോ ആശുപത്രികള്‍, 2,440 ആയുര്‍വേദ ആശുപത്രികള്‍, 73 യൂനാനി ആശുപത്രികള്‍, 138 സിദ്ധ ആശുപത്രികള്‍, 175 യോഗ, നാച്യുറോപ്പതി, 403 മര്‍മ ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു.
വ്യക്തികള്‍, ട്രസ്റ്റുകള്‍, കോഓപറേറ്റീവ് സൊസൈറ്റികള്‍, കമ്പനികള്‍ തുടങ്ങിയവയുടെ ഉടമസ്ഥതയിലാണ് സ്ഥാപനങ്ങള്‍ നടത്തിവരുന്നത്. മെഡിക്കല്‍ സ്ഥാപനങ്ങളില്‍ 80.55 ശതമാനവും വ്യക്തികളുടെ ഉടമസ്ഥതയിലാണ്. 419 സ്ഥാപനങ്ങള്‍ മതവിഭാഗങ്ങളുടെ അധീനതയിലുള്ളതാണ്. 61 ശതമാനവും വാടക കെട്ടിടത്തിലോ പാട്ടത്തിനെടുത്ത കെട്ടിടത്തിലോ ആണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ 1996 സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ കിടത്തിച്ചികിത്സാ സൗകര്യമുണ്ട്. ഇവയില്‍ ആകെ 1,05,373 കിടക്കകളുണ്ടെന്നാണ് കണക്കുകള്‍. 46 മെഡിക്കല്‍ സ്ഥാപനങ്ങളില്‍ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിനുള്ള സജ്ജീകരണമുണ്ട്. പ്രധാനമായും കോര്‍ണിയ, ഹൃദയം, വൃക്ക, കരള്‍ എന്നിവ മാറ്റിവയ്ക്കുന്നതിനുള്ള സജ്ജീകരണമാണുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗമുള്ള 1,227 സ്ഥാപനങ്ങളും പകല്‍ മാത്രം അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന 1,175 സ്ഥാപനങ്ങളുമാണുള്ളത്. 1,015 ഇടങ്ങളില്‍ വനിതകള്‍ക്കായി പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. അലോപ്പതി, ഹോമിയോ മേഖലകളിലായി 11,423 മുഴുസമയ ഡോക്ടര്‍മാര്‍ സേവനം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."