യമനിലെ ഹുദൈദ തുറമുഖത്തിനു അന്ത്രാഷ്ട്ര നിയന്ത്രണം അനിവാര്യം: സഖ്യസേന
റിയാദ്: യമനിലെ ഹൂഥികള്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് ഇവരുടെ കീഴിലുള്ള ഹുദൈദ തുറമുഖം വഴിയാണെന്നും ഇതിനെ തടയിടാന്‍ തുറമുഖത്തു നിയന്ത്രണം ആവശ്യമാണെന്നും സഊദി നേതൃത്വത്തിലുള്ള സഖ്യ സേന ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മക്കയ്ക്ക് നേരെയുണ്ടായ മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സഖ്യസേന വീണ്ടും ആവശ്യവുമായി രംഗത്ത് എത്തിയത്.
യമനിലെ അതിപ്രധാന തുറമുഖം കൂടിയായ ഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം ഇപ്പോഴും ഹൂതികളുടെ കൈകളിലാണെന്നതാണ് സഖ്യ സേനക്കും സഊദിക്കും തലവേദനയായിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച്ച മക്കക്ക് നേരെ ഹൂതികള്‍ ബാലിസ്റ്റിക് മിസൈലാണ് തൊടുത്തു വിട്ടത്. ഇതടക്കം സഊദിക്കെതിരെ ഉപയോഗിക്കുന്ന സകല ആയുധങ്ങളും ഈ തുറമുഖം വഴിയാണ് യമനില്‍ എത്തുന്നതെന്നാണ് സഖ്യ സേനയുടെ ആരോപണം.
ഇവിടെ നാമമാത്രമായ അന്താരാഷ്ട്ര നിരീക്ഷണം മാത്രമാണെന്നും നിയന്ത്രണങ്ങള്‍ ഇല്ലാത്തതു മൂലം അനായാസം ആയുധങ്ങള്‍ യമനിലേക്ക് കടത്തുകയാണെന്നും സഖ്യ സേന ആരോപിച്ചു. ദുരിതാശ്വാസത്തിനും ഭക്ഷ്യവസ്തുക്കള്‍ക്കും നല്കിയ പെര്‍മിറ്റുകള്‍ ദുരുപയോഗം ചെയ്താണ് ആയുധങ്ങള്‍ കടത്തുന്നതിനും സഖ്യ സേന ആരോപിച്ചു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ളഹുദൈദ തുറമുഖത്തിന്റെ ഉത്തരവാദിത്വം ഐക്യരാഷ്?ട്രസഭ ഏറ്റെടുക്കണമെന്ന് നേരത്തെ തന്നെ സഖ്യ സേന ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി മക്കയ്ക്ക് നേരെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സഊദി വ്യോമ സേന തകര്‍ക്കുകയായിരുന്നു. വെറും 69 കിലോമീറ്റര്‍ ഇപ്പുറം വച്ചാണ് ഇത് തകര്‍ക്കാനായത്. പത്ത് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഹൂതികള്‍ മക്കയെ ലക്ഷ്യം വെക്കുന്നത്. ഇതേ തുടര്‍ന്നാണ് തുറമുഖ നിയന്ത്രണ നിര്‍ദേശവുമായി സഖ്യ സേന രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."