HOME
DETAILS

കടലിന്റെ മക്കള്‍ക്ക് കഞ്ഞി കുമ്പിളില്‍ത്തന്നെ

  
backup
December 01 2018 | 23:12 PM

156456165498896546868-2145

#വി.എസ് പ്രമോദ്

നമ്മുടെ സംസ്ഥാനത്തിന്റെ സുപ്രധാന നേട്ടത്തെയാണു കേരള മോഡല്‍ എന്നു പ്രകീര്‍ത്തിക്കപ്പെടുന്നത്. സമ്പത്തു കുറവാണെങ്കിലും ജനങ്ങളുടെ ജീവിതനിലവാരം, ആരോഗ്യം, കുറഞ്ഞ ശിശുമരണനിരക്ക്, വിദ്യാഭ്യാസം എന്നിവയിലെല്ലാം വികസിതരാജ്യങ്ങളോടു കിടപിടിക്കുന്ന നിലവാരത്തിലെത്തിയെന്നാണ് ഈ സംജ്ഞയിലൂടെ അര്‍ഥമാക്കുന്നത്.
ഈ കേരള മോഡലില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട രണ്ടു വിഭാഗങ്ങളാണ് ആദിവാസികളും മത്സ്യത്തൊഴിലാളികളും. വികസനത്തില്‍ മറ്റെല്ലാ മേഖലയിലും ബഹുദൂരം മുന്നേറിയപ്പോള്‍ ഈ രണ്ടു വിഭാഗങ്ങളും അവഗണിക്കപ്പെട്ടു. മറ്റുള്ളവരുടെ മുന്നേറ്റത്തിനൊത്ത് ഇവര്‍ സാമൂഹികമായും സാംസ്‌കാരികമായും കൂടുതല്‍ കൂടുതല്‍ പിന്നാക്കാവസ്ഥയിലായി.
ഭരണകൂടം ഇവരുടെ ഉന്നമനത്തിനെന്ന പേരില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കാര്യമായ ഫലം കണ്ടില്ല. ഇന്നും മത്സ്യത്തൊഴിലാളികളും ആദിവാസികളും പഴയ ദുരിതാവസ്ഥയിലാണ്, നല്ല വീടില്ല, ശുദ്ധജലമില്ല, ശുചിത്വമില്ല, ജീവിതനിലവാരത്തിലും വിദ്യാഭ്യാസത്തിലും ഏറെ പിന്നില്‍, മാതൃശിശു മരണനിരക്കു കൂടുതല്‍.
മത്സ്യത്തൊഴിലാളികളുടേത് കുറേക്കൂടി ഭീതിതമായ അവസ്ഥയാണ്. അവരുടെ തൊഴിലിടം ഏതു നിമിഷവും ജീവനെടുക്കുന്നതാണ്. പോയി വരാമെന്നു പറഞ്ഞു കടലില്‍ പോകാന്‍ കഴിയില്ല. കടലൊന്നു മുഖം കറുപ്പിച്ചാല്‍ പിന്നെ കടലില്‍ പോയവന്‍ ഓര്‍മയായി മാറും. ദുരന്തമൊന്നും സംഭവിച്ചില്ലെങ്കിലും വരുമാനം ഉറപ്പിക്കാവുന്ന തൊഴിലല്ലിത്. മീന്‍ കിട്ടിയാല്‍ കിട്ടി. കിട്ടിയില്ലെങ്കില്‍ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ മുഴുപ്പട്ടിണി.
ഇതൊക്കെയാണെങ്കിലും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും സാമൂഹ്യാവസ്ഥയിലും നിര്‍ണായക സ്വാധീനമുള്ളവരാണു മത്സ്യത്തൊഴിലാളികള്‍. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കേരളത്തില്‍ 11.5 ലക്ഷം ആളുകളുടെ ജീവനോപാധികൂടിയാണു മത്സ്യമേഖല. ജനങ്ങളുടെ പോഷകാഹാര ലഭ്യതയില്‍ നിര്‍ണായമായ സ്വാധീനം മത്സ്യമേഖലയ്ക്കുണ്ട്.
2017ലെ കണക്കനുസരിച്ചു 7.74 ലക്ഷം മെട്രിക് ടണ്‍ മത്സ്യം കേരളം ഉല്‍പ്പാദിപ്പിച്ചു. ഇതില്‍ 95 ശതമാനവും കടലിലെ മത്സ്യബന്ധനത്തിലൂടെയായിരുന്നു. അഞ്ചു ശതമാനമാണു മത്സ്യകൃഷിയിലൂടെ ഉല്‍പ്പാദിപ്പിച്ചത്. കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.58 ശതമാനവും കൃഷി അനുബന്ധ മേഖലയുടെ 13.29 ശതമാനവും മത്സ്യമേഖലയുടെ സംഭാവനയാണെന്നത് അത്ഭുതപ്പെടുത്തുന്നതാണ്.
2016നെ അപേക്ഷിച്ച് 2017ല്‍ കേരളത്തിന്റെ മത്സ്യോല്‍പ്പാദനത്തില്‍ നേരിയ വര്‍ധനവുണ്ടായി. 5.22 ലക്ഷം ടണ്ണായിരുന്നത് ഏഴു ശതമാനം വര്‍ധിച്ച് 5.85 ലക്ഷം ടണ്ണായി. 2017 ല്‍ മത്സ്യ കയറ്റുമതിയിലൂടെ രാജ്യത്തിനു ലഭിച്ചത് 45,107 കോടി രൂപയുടെ വിദേശനാണ്യമാണ്. ഇതില്‍ 5,919 കോടി രൂപ (13 ശതമാനം) കേരളത്തിന്റെ സംഭാവനയാണെന്നത് ശ്രദ്ധേയമാണ്.
മത്സ്യമേഖല നേരിടുന്നതാകട്ടെ സമാനതകളില്ലാത്ത വെല്ലുവിളികളുമാണ്. നിയമനിര്‍മാണങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും മത്സ്യമേഖലയെ വരിഞ്ഞുമുറുക്കുന്ന സമീപനം അധികാരികളില്‍നിന്നും ഉണ്ടാകുമ്പോള്‍ ഈ രംഗത്തേയ്ക്കു കടന്നുവരുന്ന സ്വകാര്യ കുത്തകകളെയും വന്‍കിടക്കാരെയും നിയന്ത്രിക്കുന്നതിനുള്ള നടപടികളൊന്നുമില്ലതാനും.


ബോട്ടുകളില്‍ ഘടിപ്പിക്കുന്നതിനുള്ള മോട്ടോറുകള്‍, നൈലോണ്‍ വല, ഇന്ധനം എന്നിവയുടെ വന്‍തോതിലുള്ള വില വര്‍ധന, ഉല്‍പ്പാദന ചെലവ്, ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തതെല്ലാം മത്സ്യത്തൊഴിലാളി മേഖലയ്ക്കു ഭീഷണിയാണ്. മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത്, മത്സ്യക്കുഞ്ഞുങ്ങളുടെ കുറഞ്ഞ നിയമാനുസൃത വലിപ്പം നിജപ്പെടുത്തല്‍, മത്സ്യബന്ധന വലകളുടെ വലിപ്പവും കണ്ണി വലിപ്പവും നിയന്ത്രിക്കല്‍, അശാസ്ത്രീയ മത്സ്യബന്ധനം, അമിത മത്സ്യബന്ധനം എന്നിവയെല്ലാം ഭീഷണിയാകുന്നതു കേരളത്തിലെ പോലെ മത്സ്യബന്ധനം നിതൃവ്യത്തിയായ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കാണ്.
ഇടനിലക്കാരുടെ സ്വാധീനം ഇത്രയേറെയുള്ള മറ്റൊരു വ്യാപാരമേഖലയും ഇല്ല. ജീവന്‍ പണയപ്പെടുത്തി മത്സ്യത്തൊഴിലാളി കൊണ്ടുവരുന്ന ഉല്‍പ്പന്നത്തില്‍ മത്സ്യത്തൊഴിലാളിക്കു നിയന്ത്രണമില്ല. ചീഞ്ഞുപോകുമെന്നതിനാല്‍ നിശ്ചിതസമയത്തിനുള്ളില്‍ മത്സ്യം വിറ്റഴിക്കാന്‍ അവന്‍ നിര്‍ബന്ധിതനാകും. വിലയില്‍ കടുംപിടുത്തത്തിനു കഴിയില്ല. ഈ അവസരം മുതലെടുത്തു ലാഭം കൊയ്യുന്നത് ഇടനിലക്കാരാണ്.
ആറുമാസം തൊഴിലും ആറുമാസം തൊഴിലില്ലായ്മയുമായി കഴിയുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ കൂടെപ്പിറപ്പാണു കടബാധ്യത. ഇന്നിപ്പോള്‍ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ നല്‍കി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളില്‍ ഭീതിനിറയ്ക്കുമ്പോള്‍ കടലില്‍ പോകുന്നതൊഴിവാക്കിയാല്‍ അവനു നഷ്ടമാകുന്നത് ഒരു തൊഴില്‍ദിനമാണ്. ആ നഷ്ടം പിന്നീടൊരിക്കലും പരിഹരിക്കപ്പെടില്ല.
തീരദേശ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ കരട് വിജ്ഞാപനവും വാണിജ്യ കപ്പലുകള്‍ക്കു പ്രത്യേക കപ്പല്‍ ചാല്‍ എന്ന നിര്‍ദേശവും മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവിതത്തിനും ഭീഷണിയാണ്. 1991 ലെ തീരദേശ നിയന്ത്രണ വിജ്ഞാപനം 2011ലെ തീരദേശ പരിപാലന വിജ്ഞാപനം എന്നിവ പരിഷ്‌കരിക്കാനാണു 2018ല്‍ കരട് നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. 2011ലെ കരടനുസരിച്ച് കടലോര മേഖലയില്‍ നിരോധിത മേഖല 500 മീറ്റര്‍ ആയിരുന്നത് 50 മീറ്ററായി ചുരുക്കിയത് ഉള്‍പ്പെടെ പുതിയ നിബന്ധനകളും ചട്ടങ്ങളും തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഗുണം ചെയ്യുമെന്നാണ് പുതിയ കരട് നിയമം അവകാശപ്പെടുന്നത്.
മത്സ്യത്തൊഴിലാളി സമൂഹത്തിന് പാര്‍പ്പിടം വയ്ക്കുന്നതിനാണ് ഈ ഇളവുകള്‍ നല്‍കിയതെന്നും പറയുന്നുണ്ട്. എന്നാല്‍ ഇതിനുള്ള ചില വ്യവസ്ഥകള്‍ ജനവാസം കുറഞ്ഞ തീരദേശ ഗ്രാമങ്ങള്‍ക്ക് തിരിച്ചടിയാണ്. ഒരു ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ കുറഞ്ഞത് 2161 ല്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന മേഖലയിലാണ് ഈ ഇളവുകള്‍ ലഭിക്കുന്നത്. ഇത്രയും ജനസംഖ്യ ഇല്ലാത്ത മേഖലകളില്‍ പഴയപടിയാണ് കാര്യങ്ങള്‍. ഇത്തരം മേഖലകളില്‍ 200 മീറ്റര്‍ പരിധിയില്‍ നിര്‍മാണങ്ങള്‍ക്ക് വിലക്ക് തുടരും.


വിശാലമായ പാടശേഖരങ്ങള്‍, ചതുപ്പുകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവയുള്ള മേഖലകളില്‍ കൂടുതല്‍ ജനസംഖ്യ ഉണ്ടാവാനിടയില്ല. ഈ മേഖലയിലൊക്കെ തൊഴിലാളികള്‍ക്ക് ഇളവുകള്‍ ലഭിക്കില്ല. തീരദേശവാസികള്‍ക്ക് ഉപജീവനത്തിനായി കടകള്‍, സ്വയം തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനും പുതിയ കരട് പ്രകാരവും തടസമുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ക്ക് കടലില്‍നിന്നും 500 മീറ്റര്‍ തന്നെയാണ് പരിധി. പക്ഷേ, സാധാരണക്കാരുടെ ആവശ്യങ്ങള്‍ ഈ വിധത്തില്‍ നിഷേധിക്കുമ്പോള്‍ തന്നെ ഇതേ സ്ഥലത്തു റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും പുതിയ കരട് പ്രകാരമുണ്ട്.
കണ്ടല്‍ക്കാടുകളുടെയും ജലാശയങ്ങളുടെയും ജൈവസുരക്ഷയും തീരദേശ മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനു ഭീഷണിയാകുന്ന പരിഷ്‌കാരങ്ങളും കരടുനിയമത്തിലുണ്ടെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ജനസാന്ദ്രത കൂടുതലുള്ള കേരളതീരത്തു പരിസ്ഥിതി സംരക്ഷിച്ചും മത്സ്യത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ഉപജീവനവും അതിജീവനവും ഉല്‍പ്പാദനോന്മുഖമായ സമഗ്ര വികസനമാണ് ആവശ്യം.
പരമ്പരാഗത മത്സ്യത്തൊഴിലാളി നേരിടുന്ന മറ്റൊരു തിരിച്ചടിയാണ് കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനായി പ്രത്യേക കപ്പല്‍ ഇടനാഴി എന്ന ആശയം. നടുക്കടലില്‍ വാണിജ്യ കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും കൂട്ടിയിടിക്കുന്ന സംഭവം നിരന്തരമുണ്ടാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക കപ്പല്‍ ഇടനാഴിയെന്ന ആലോചനയിലെത്തിയത്. തീരത്തുനിന്നും 15 നോട്ടിക്കല്‍ മൈല്‍ ദൂരത്തിനു ശേഷം ആരംഭിക്കുകയും 20 നോട്ടിക്കല്‍ മൈലില്‍ അതായത് 37.5 കിലോമീറ്റര്‍ ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്നതാണ് നിര്‍ദ്ദിഷ്ട കപ്പല്‍ ചാല്‍.
ഈ പറയുന്ന ദൂരത്താണ് ആയിരക്കണക്കിനു വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ യന്ത്രവത്കൃത ബോട്ടില്‍പോയി മീന്‍പിടിക്കുന്നത്. മാത്രമല്ല കപ്പല്‍ ചാലിനായി അതിര്‍ത്തി എങ്ങനെ നിര്‍ണയിച്ചു നിര്‍ത്തുമെന്നും അവര്‍ ചോദിക്കുന്നുണ്ട്. ഇതെല്ലാം ബാധിക്കുന്നത് നമ്മുടെ ആഭ്യന്തര മത്സ്യ ഉല്‍പ്പാദനത്തെയും മത്സ്യ കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശനാണ്യത്തെയും ഒരു സമൂഹത്തിന്റെ ജീവനോപാധിയേയും ആയിരിക്കും.
കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും മത്സ്യത്തൊഴിലാളി മേഖലക്കുള്ള മറ്റൊരു പ്രധാന വെല്ലുവിളിയാണ്. സമുദ്രനിരപ്പില്‍ ഉണ്ടാകുന്ന വര്‍ധന, തീരം നഷ്ടമാകല്‍, സമുദ്രത്തിന്റെ ചൂടില്‍ ഉണ്ടാകുന്ന വര്‍ധന, കടല്‍ കൂടുതല്‍ അംമ്ലള മയമാകുന്നത്, മത്സ്യ ഉല്‍പ്പാദനത്തില്‍ ഉണ്ടാകുന്ന കുറവ്, കൊടുങ്കാറ്റ്, ചുഴലി എന്നിവയെല്ലാം കാലാവസ്ഥാ വ്യതിയാനംകൊണ്ട് മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ്.
കേരളത്തിന്റെ 590 കിലോമീറ്റര്‍ തീരമേഖലയില്‍ ഏതാണ്ട് എട്ട് ശതമാനത്തോളം തീരം മാത്രമാണ് നഷ്ടപ്പെടാതെനിലകൊള്ളുന്നത്. കഴിഞ്ഞ 26 വര്‍ഷത്തിനിടെ ഇന്ത്യയുടെ മൂന്നിലൊന്ന് തീരമേഖല നഷ്ടമായെന്നാണ് കണക്കുകള്‍ പറയുന്നത്. നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠങ്ങള്‍ പ്രകാരം 1990നും 2016നുമിടയില്‍ ഇന്ത്യയുടെ 33 ശതമാനം തീരമേഖല കടലെടുത്തതായി പറയുന്നു. ഈ കാലയളവില്‍ കേരളതീരത്തിന്റെ 40 ശതമാനത്തോളവും കടലെടുത്തതായി പഠനം ചൂണ്ടിക്കാട്ടുന്നു.
മത്സ്യബന്ധന മേഖല പൊതുവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലെന്ന കാര്യം പ്രധാനമാണ്. സംഘടനാ സംവിധാനങ്ങളുടെ ദൗര്‍ബല്യവും കൂട്ടായി വിലപേശാനുള്ള കരുത്തില്ലാത്തതും മത്സ്യത്തൊഴിലാളി സമൂഹത്തിന് അര്‍ഹമായ അവകാശങ്ങള്‍ ലഭിക്കുന്നതിന് തടസമാകുന്നു. മത്സ്യമേഖലയുടെ സുസ്ഥിര വികസനം, മത്സ്യവിഭവ സംരക്ഷണം, മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിഗണന തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളായി സര്‍ക്കാരുകള്‍ പരിഗണിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

(അവസാനിച്ചു)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

International
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago
No Image

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

National
  •  2 months ago
No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago