HOME
DETAILS
MAL
രാജഗോപാലിനറിയണം, സംസ്ഥാനത്തെ മതം തിരിച്ചുള്ള കണക്ക്
backup
November 26 2019 | 04:11 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബി.ജെ.പിയ്ക്ക് അറിയണം സംസ്ഥാനത്തെ ജാതിയും മതവും തിരിച്ചുള്ള കണക്ക്. നിയമസഭയിലെ ബി.ജെ.പി അംഗമായ ഒ.രാജഗോപാല്‍ വഴി ഒന്നിലധികം വിഷയങ്ങളില്‍ ജാതി കണക്ക് ചോദിച്ച് ചോദ്യം നല്‍കി. പ്രധാനമായും പൊതു വിതരണ വകുപ്പിനോടും വിദ്യാഭ്യാസ വകുപ്പിനോടുമാണ് ചോദ്യം ചോദിച്ചത്. അപകടം മണത്ത വിദ്യാഭ്യാസ മന്ത്രി രാജഗോപാലിന്റെ ചോദ്യങ്ങള്‍ക്കാന്നും ഉത്തരം നല്‍കിയില്ല. ഭക്ഷ്യ മന്ത്രിയാകട്ടെ ജാതി തിരിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മറ്റു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.
പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ മതം തിരിച്ചുള്ള കണക്കുകളാണ് വിദ്യാഭ്യാസ വകുപ്പിനോട് ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടത്. നിയമസഭയില്‍ നവംബര്‍ ഏഴിനാണ് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനോട് രാജഗോപാല്‍ ഈ ചോദ്യം ഉന്നയിച്ചത്.
'സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വകാര്യ മേഖലയില്‍ എത്ര സ്ഥാപനങ്ങളുണ്ട്. ഇങ്ങനെയുള്ള സ്വകാര്യ വിദ്യാഭ്യാസ മേഖലാ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളില്‍ പെട്ട മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എത്ര? കേരളത്തിലുള്ള എയ്ഡഡ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം മതവിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എത്രയാണ്?'. ഇങ്ങനെയായിരുന്നു വിദ്യാഭ്യാസ മന്ത്രിയോടുള്ള ഒ. രാജഗോപാലിന്റെ ചോദ്യം.
നവംബര്‍ 11ന്, ബി.പി.എല്‍ ഗുണഭോക്താക്കളുടെ മതം തിരിച്ചുള്ള കണക്കും ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു. മന്ത്രി പി. തിലോത്തമനോടായിരുന്നു രാജഗോപാലിന്റെ ഈ ചോദ്യം. ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡം എന്തെന്നും സംസ്ഥാനത്തുള്ള എത്ര കുടുംബങ്ങള്‍ ബി.പി.എല്‍ പട്ടികയില്‍ ഉണ്ടെന്നും ഇതില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം കുടുംബങ്ങളുടെ ശതമാനം എത്ര ഉണ്ടെന്നുമായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ ചോദ്യം.
ഈ ചോദ്യത്തിന് സെപ്റ്റംബര്‍ 29 വരെ 3,96,071 കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മതം അടിസ്ഥാനമാക്കിയുള്ള കണക്ക് സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ലെന്നുമായിരുന്നു മന്ത്രി പി. തിലോത്തമന്‍ നല്‍കിയ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."