HOME
DETAILS
MAL
റവന്യു വകുപ്പ് ഉടക്കിട്ടു; ഡാം സുരക്ഷാ പദ്ധതി സ്തംഭിച്ചു
backup
November 26 2019 | 04:11 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക ബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന ഡാം സുരക്ഷ പദ്ധതി സ്തംഭിച്ചു. ഡാമുകളുടെ സുരക്ഷയെക്കുറിച്ചുള്ള പഠനത്തിനും പര്യവേഷണത്തിനുമായി നിയോഗിക്കപ്പെട്ട സംസ്ഥാന ഡാം സുരക്ഷ വിഭാഗത്തിനുള്ള ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണത്തെച്ചൊല്ലി വകുപ്പുകളുടെ തമ്മിലടിയാണ് പദ്ധതി സ്തംഭിയ്ക്കാന്‍ കാരണം.
2020 മേയില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് തിരുവനന്തപുരം പി.എം.ജിയില്‍ പൊതുമരാമത്ത് വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആസ്ഥാനമന്ദിരം നിര്‍മിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി തന്നെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു.
18 ഡാമുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഡ്രിപ് ഒന്നാംഘട്ട പദ്ധതി 2020 ഏപ്രിലില്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.
എന്നാല്‍ റവന്യു വകുപ്പിലെ ചില ഉന്നതരുടെ ഇടപെടലാണ് പദ്ധതി പാതി വഴിയില്‍ നിലച്ചത്.
ലോകബാങ്ക് ധനസഹായത്തോടെ കേരളമടക്കം ആറ് സംസ്ഥാനങ്ങളിലായി 257 ഡാമുകളുടെ സുരക്ഷയും പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിനാണ് ലോക ബാങ്ക് സഹായം നല്‍കിയത്. 2018ലെ മഹാ പ്രളയത്തെ തുടര്‍ന്നാണ് കേരളവും പദ്ധതിയില്‍ ഇടം പിടിച്ചത്.
കഴിഞ്ഞ ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു പൊതുമരാമത്ത്, ജലസേചന വകുപ്പുകളുടെ സംയുക്ത ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആസ്ഥാന മന്ദിരം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
പദ്ധതിയുടെ പണി ആരംഭിച്ചപ്പോള്‍ റവന്യൂ വകുപ്പ് ഉടക്കിട്ടു. ഭൂമിയുടെ അവകാശം തങ്ങള്‍ക്കാണെന്നും റവന്യു വകുപ്പില്‍നിന്ന് അനുമതി വാങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പദ്ധതി തടസപ്പെടുത്തിയത്.
ഭൂമി കൈമാറാന്‍ അനുമതി നല്‍കുന്ന ഒരു ഉത്തരവും റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഡാം സേഫ്റ്റി അതോറിറ്റി ആസ്ഥാനത്തിനായി മാത്രം കോടികളുടെ രൂപ വിനിയോഗിക്കുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടി റവന്യൂ, ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. വേണു സര്‍ക്കാരിന് കത്തു നല്‍കുകയും ചെയ്തു.
എന്നാല്‍ റവന്യൂ വകുപ്പ് ഉന്നയിച്ച എതിര്‍പ്പ് സാങ്കേതികമായി പോലും ശരിയല്ലെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ നിലപാട്. ഒരു വകുപ്പില്‍നിന്ന് മറ്റൊന്നിലേക്ക് ഭൂമി കൈമാറ്റം ചെയ്താല്‍ മാത്രമേ റവന്യൂ വകുപ്പിന്റെ ഇടപെടല്‍ നിര്‍ബന്ധമാകൂ.
ഡാം സേഫ്റ്റി അതോറിറ്റിക്ക് കെട്ടിടം പണിയുന്ന സ്ഥലം പൊതുമരാമത്തിന്റെയും ജലസേചന വകുപ്പുകളുടെയും സംയുക്ത ഉടമസ്ഥതയിലാണ്. പൊതുമരാമത്തിന്റെ സഹ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജലസേചന വകുപ്പാണ് ഡ്രിപ്പ് പദ്ധതിക്കായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
അതുകൊണ്ട് ഭൂമി ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരിന് കത്തു നല്‍കി. എന്നാല്‍ തുടര്‍ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."