നിപാ കണക്കുകള്‍ സംബന്ധിച്ച വിവാദം തെറ്റിദ്ധാരണമൂലമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: നിപാ രോഗബാധിതരുടെ കണക്കുകള്‍ മറച്ചുവച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണമൂലമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. നിപ ബാധ തടയുന്നതിന് ആരോഗ്യ വകുപ്പ് അമാന്തം കാണിച്ചിട്ടില്ലെന്നും ഇത്ര ഫലപ്രദമായി കേരളം മാത്രമാണ് രോഗപ്പകര്‍ച്ച തടഞ്ഞതെന്നും മന്ത്രി പറഞ്ഞു. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിപ സംബന്ധിച്ചു മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൃത്യമായി വായിച്ചവര്‍ക്ക് തെറ്റിദ്ധാരണയുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രദേശത്ത് വൈറസ് ബാധമൂലം മരണമുണ്ടാവുകയാണെങ്കില്‍, അതിനു മുന്‍പ് സമാന രോഗലക്ഷണത്തോടെ മരിച്ച ആളുകളുടെ എണ്ണവും അതേ രോഗംമൂലം മരിച്ചവരുടെ എണ്ണത്തില്‍ ചേര്‍ത്താണു മെഡിക്കല്‍ ജേണല്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത്. ഇതാണ് നിപയുടെ കാര്യത്തിലുമുണ്ടായിട്ടുള്ളത്.
നിപ ബാധിച്ചു രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ രോഗാണുവിനെ കണ്ടെത്താന്‍ കഴിഞ്ഞതും രോഗപകര്‍ച്ച തടയാന്‍ കഴിഞ്ഞതും ആരോഗ്യ വകുപ്പിന്റെ വലിയ നേട്ടമാണ്. രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തശേഷം സമാന രോഗലക്ഷണങ്ങളുമായെത്തിയ എല്ലാവരുടേയും രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 18 എണ്ണം പോസിറ്റിവാണെന്ന് കണ്ടെത്തി. 16 പേര്‍ മരിച്ചു.
രണ്ടു പേരെ രക്ഷിക്കാന്‍ സാധിച്ചു. വൈറസ് ബാധയുണ്ടായാല്‍ 65 മുതല്‍ 100 ശതമാനം വരെ മരണസാധ്യതയുള്ള രോഗത്തില്‍നിന്ന് രണ്ടു പേരെ രക്ഷിക്കാന്‍ സാധിച്ചത് അമേരിക്കപോലുള്ള രാജ്യങ്ങള്‍ അത്ഭുതത്തോടെയാണു കണ്ടത്. കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നതിനു മുന്‍പ് മരിച്ച ആളുകള്‍ക്ക് നിപയുടെ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കില്‍ പോസിറ്റിവ് ആകണമെന്നില്ല. കാരണം, രോഗബാധ സ്ഥിരീകരിച്ച ശേഷം നിപയുടെ തീവ്ര ലക്ഷണമുള്ള ആളുകളുടെ പരിശോധനാഫലം പോലും നെഗറ്റിവെന്നു കണ്ടെത്തിയിരുന്നു.
നാലുപേര്‍ മരിച്ച കുടുംബത്തില്‍പ്പോലും രോഗലക്ഷണമുണ്ടായിരുന്ന ഒരാള്‍ക്ക് നിപയല്ലെന്നു കണ്ടെത്തിയിരുന്നു. അതിനാല്‍ നേരത്തെ മരിച്ചവര്‍ നിപ ബാധിതരാണെന്ന് പറയുന്നതില്‍ പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു. 2020 ഓടെ സംസ്ഥാനത്ത് എയ്ഡ്‌സ് ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ പകുതിയായി കുറയ്ക്കാനുള്ള തീവ്രയത്‌നം ആരോഗ്യവകുപ്പ് ആരംഭിച്ചതായി മന്ത്രി പറഞ്ഞു. എച്ച്.ഐ.വി നിയന്ത്രണം സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. യൂനിവേഴ്‌സിറ്റി കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി.
എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫിസര്‍ ഡോ. സിന്ധു, യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പല്‍ ജെ. അനില്‍ കുമാര്‍, കോളജ് എന്‍.എസ്.എസ് പ്രോഗ്രാം മാനേജര്‍ ഡോ. മനോജ് സംസാരിച്ചു. രാവിലെ കനകക്കുന്നില്‍നിന്ന് യൂനിവേഴ്‌സിറ്റി കോളജിലേക്ക് നടന്ന എയ്ഡ്‌സ് ദിന റാലി സിറ്റി പൊലിസ് കമ്മിഷണര്‍ പി.പി പ്രകാശ് ഫ്‌ളാഗ്ഓഫ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."