കാണാതായെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം, പൊലിസിനെയും നാട്ടുകാരെയും വട്ടംകറക്കിയ യുവാവ് തിരിച്ചെത്തി
കുന്ദമംഗലം: പൊലിസിനെയും നാട്ടുകാരെയും കഴിഞ്ഞ രണ്ടു ദിവസം വട്ടം ചുറ്റിച്ച കാണാതായ പന്തീര്‍പാടം സ്വദേശിയായ യുവാവ് തിരിച്ചെത്തി. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്ന് പത്ര വിതരണത്തിന് പോയ പന്തീര്‍പാടം കാരകുന്നുമ്മല്‍ മാധവന്റെ മകന് ലിനീഷ് ബാബു(38)വിനെയാണ് കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കുന്ദമംഗലം പൊലിസില്‍ പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്ന് കുന്ദമംഗലം പൊലിസ് ഇയാളുടെ മൊബൈല്‍ ലൊക്കേഷന്‍ വച്ച് എവിടെയാണുള്ളതെന്ന് കണ്ടത്താന്‍ ശ്രമിച്ചുവെങ്കിലും കാരന്തൂര്‍ മസ്ജിദിന് സമീപമുള്ള ടവറില്‍ നിന്നാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് സൂചന ലഭിച്ചത്.
ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസം നാട്ടുകാരും പൊലിസും ഈ ടവറിന് സമീപമുള്ള വീടുകളിലും ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലും പരിശോധന നടത്തി വരികയായിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ മനസിലാകാതിരിക്കാന്‍ മറ്റെന്തെങ്കിലും സോഫ്റ്റ്വെയര് ഉപയോഗിച്ചിട്ടുണ്ടാവാനാണ് സാധ്യത. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ഇയാള്‍ കാസര്‍കോട് ഉണ്ടെന്ന് ബന്ധുക്കളെ വിവരമറിയിച്ചത്. രാത്രി പത്ത് മണിയോടെ കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തിയ ഇയാളെ കുന്ദമംഗലം പൊലിസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു.
സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പണമിടപടുമായി ബന്ധപ്പെട്ട് കാസര്‍കോട് പോയതാണെന്നാണ് ഇയാള്‍ പൊലിസിന് മൊഴി നല്‍കിയിരിക്കുന്നത്. നാളെ രാവിലെ 11ന് സ്റ്റേഷനില്‍ ഹാജറാകാമെന്ന ഉറപ്പില്‍ ലിനീഷിനെ സഹോദരനൊപ്പം വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."