കേരള മുസ്ലിംകളുടെ രാഷ്ട്രീയ സമ്പന്നതയില്‍ സംസ്ഥാനത്തിനു പുറത്തുള്ള മുസ്ലിംകളും പ്രതീക്ഷയര്‍പ്പിക്കുന്നു: സി.കെ. സുബൈര്‍
മനാമ: കേരള മുസ്ലിംകളുടെ രാഷ്ട്രീയ സമ്പന്നത ഏറെ പ്രതീക്ഷകളോടെയാണ് കേരളത്തിന് പുറത്തുള്ള മുസ്ലിം സമൂഹം നോക്കി കാണുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ബഹ്റൈനില്‍ അഭിപ്രായപ്പെട്ടു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയുള്ള നിരന്തര യാത്രാനുഭവങ്ങളുടെ വെളിച്ചത്തിലാണ് തനിക്കിത് ബോധ്യപ്പെട്ടതെന്നും ആ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി എല്ലാവരും കൂടെ നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനില്‍ എത്തിയ സി.കെ. സുബൈര്‍ മനാമയില്‍ കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച 'ഗമനം' നേതൃ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു. കേരളത്തിലെ മുസ്ലികളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തികമായി ഉയര്‍ന്നു നില്ക്കുന്ന ധാരാളം വന്‍ വ്യവസായികളും പണക്കാരും അഹമ്മദാബാദ് ഉള്‍പ്പെടെ മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നിരവധിയുണ്ട്.
നൂറ്റാണ്ടുകള്‍ ഇന്ത്യയില്‍ അധികാരത്തിലിരുന്ന മുഗള്‍ ചക്രവര്‍ത്തി മാരുടെയും മുസ്ലിം ഭരണാധികാരികളുടെയും ബാക്കി പത്രമായി വലിയ പള്ളികളും കെട്ടിട സമുച്ചയങ്ങളും അവിടങ്ങളില്‍ കാണാന്‍ കഴിയും. എന്നാല്‍ ജീവിത നിലവാരത്തില്‍ സച്ചാര്‍ റിപ്പോര്‍ട്ട് സൂചിപ്പിച്ചത് പോലെ ദളിതരുടെയും ആദിവാസികളുടെയും അവസ്ഥക്ക് സമാനമായോ ചിലയിടങ്ങളില്‍ അതിനും താഴെയോ ആണ്. ഇലക്ട്രിക്ക് പോസ്റ്റുകള്‍ അവസാനിക്കുന്നിടത്തു നിന്നും താറിട്ട റോഡുകള്‍ അവസാനിക്കുന്നിടത്തു നിന്നും ജീവിതം ആരംഭിക്കുന്ന ഒരു സമൂഹമായി അവിടങ്ങളിലെ മുസ്ലിംകള് മാറിപ്പോയത് എങ്ങിനെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട് സുബൈര്‍ പറഞ്ഞു.
നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അധികാരത്തിന്റെ സര്‍വ ഗര്‍വ്വും ഉപയോഗിക്കുന്നവര്‍ക്ക് മുമ്പില്‍ വോട്ടിന്റ മഹാ സാധ്യതകളെ കുറിച്ച് നിരന്തരം ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്ഥനങ്ങളിലാണ് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും സുബൈര്‍ പറഞ്ഞു.
മനാമയിലെ കെ.എം.സി.സി ആസ്ഥാന് നടന്ന ചടങ്ങില്‍ കെഎംസിസി ബഹ്റൈന്‍ പ്രസിഡന്റ് എസ്.വി. ജലീല്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി അലി കൊയിലാണ്ടി ഉല്‍ഘാടനം ചെയ്തു.
സി.കെ.അബ്ദുറഹ്മാന്, കുട്ടൂസ മുണ്ടേരി, ഷംസുദ്ദീന് വെള്ളികുളങ്ങര, കെ.കെ.സി മുനീര്‍, വി.വി.എ. റഷീദ് ആശംസകള്‍ നേര്‍ന്നു. കെഎംസിസി സംസ്ഥാന ഭാരവാഹികളായ ടി.പി. മുഹമ്മദലി,പി.വി. സിദ്ദീഖ്, ഗഫൂര്‍ കൈപ്പമംഗലം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."