വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മാര്‍ച്ച്
എരുമപ്പെട്ടി: കടങ്ങോട് മേഖലയില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.ഐ കടങ്ങോട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കാട് വിട്ടിറങ്ങുന്ന വന്യമൃഗങ്ങള്‍ കടങ്ങോട് മേഖലകളിലെ വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് വലിയ രീതിയിലാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് മണ്ടംപറമ്പ് കോളനിയില്‍ എത്തിയ വാനര സംഘം ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. വീടുകള്‍ക്കുള്ളില്‍ കയറി ഭക്ഷണങ്ങള്‍ കഴിക്കുകയും, അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാരിവലിച്ചിട്ട് നശിപ്പിക്കുകയും ചെയ്യുന്നു. വാതിലുകള്‍ അടച്ചിട്ടാല്‍ ഓട് പൊളിച്ചാണ് കുരങ്ങന്മാര്‍ അകത്ത് കയറുന്നത്. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന കുരങ്ങന്മാരുടെ ആക്രമണത്തില്‍ നിര്‍ധനരായ കോളനി നിവാസികളാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഇതിന് പുറമെ കാട്ടുപന്നികളും മയിലും ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. കായ്കനികളുണ്ടാകുന്ന സ്വാഭാവിക വനം ഇല്ലാതാക്കി ജലക്ഷാമമുണ്ടാക്കുന്ന അക്കേഷ്യ, യൂക്കാലി പ്ലാന്റേഷനുകള്‍ ആരംഭിച്ചതാണ് മൃഗങ്ങള്‍ ഭക്ഷണവും വെള്ളവും തേടി നാട്ടിലിറങ്ങാന്‍ ഇടയാക്കുന്നത്. വനത്തില്‍ ഫലവൃക്ഷങ്ങള്‍ നട്ട് പിടിപ്പിച്ചും ചെറുകുളങ്ങള്‍ നിര്‍മിച്ചും മൃഗങ്ങള്‍ക്ക് ഭക്ഷണത്തിനും കുടിവെള്ളത്തിനും സൗകര്യം ഒരുക്കുക, മൃഗങ്ങളുടെ ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് സഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സി.പി.ഐ മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് നടന്ന ധര്‍ണ സി.പി.ഐ കുന്നംകുളം മണ്ഡലം അസി.സെക്രട്ടറി ഒ.കെ ശശി ഉദ്ഘാടനം ചെയ്തു.
കടങ്ങോട് ലോക്കല്‍ കമ്മിറ്റി അസി.സെക്രട്ടറി വി. പരമേശ്വരന്‍ അധ്യക്ഷനായി. ടി.പി ജോസഫ്, മുരളി പന്നിത്തടം, കെ.വി ശങ്കരനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."