സ്‌നേഹം ഉണ്ടായാല്‍ പോരാ, പ്രകടിപ്പിക്കണം
മനുഷ്യന്റെ മനസും താല്‍പര്യങ്ങളും വ്യത്യസ്തമാണ്. തങ്ങളുടെ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനു സാധ്യമായ വഴിതേടുകയെന്നത് മനുഷ്യന്റെ രീതിയാണ്. ഉദ്ദേശിച്ച രീതിയില്‍ താല്‍പര്യങ്ങള്‍ പൂര്‍ത്തിയാവുന്നില്ലെന്ന തോന്നലുകളില്‍ അതു നേടിയെടുക്കാനുള്ള ഏതു വഴികളും തേടുന്നവരുണ്ട്. പ്രവാസ തിരക്കുകളില്‍ ഫോണ്‍വിളികള്‍ പോലും ഇല്ലാതെ വന്ന ഭര്‍ത്താവിനെ പഴിപറഞ്ഞ വീട്ടമ്മ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടുകയാണ്. മക്കളേയും കുടുംബത്തേയും വിട്ടു ആ ഡ്രൈവറുടെ കൂടെ പോവാന്‍ അവളെ പ്രേരിപ്പിച്ചതാവട്ടെ, സ്‌നേഹം തുളുമ്പിയ അവന്റെ ഒരു കുശലാന്വേഷണം മാത്രം. തന്റെ വാഹനത്തിലെ യാത്രക്കാരിയുടെ മുഖത്തെ വിഷാദം മുതലെടുത്താണ് അയാള്‍ അഭിനയം തുടങ്ങിയത്. ട്രിപ്പിനിടയില്‍ മിഠായി വാങ്ങിക്കൊടുത്തും ഫോണ്‍നമ്പര്‍ കൈമാറിയും ദൈനംദിന വിവരങ്ങളെല്ലാം അന്വേഷിച്ചറിഞ്ഞും അയാള്‍ അകലെയുള്ള ഭര്‍ത്താവിനേക്കാള്‍ അരികിലുണ്ടെന്ന ഭാവം കൊടുത്തു. ഒരു നാള്‍ ഭര്‍ത്താവിന്റെ സമ്പാദ്യവും സ്വര്‍ണാഭരണങ്ങളുമായി ഇരുവരും ഒളിച്ചോടുന്നതാണ് സംഭവം.
കോഴിക്കോട്ടെ ഒരു ഉള്‍നാടന്‍ഗ്രാമത്തില്‍ നിന്നും എന്റെ മുന്‍പില്‍ കൊണ്ടുവന്ന ഒരു പെണ്‍കുട്ടിയുടെ കഥ അതിലും വ്യത്യസ്തമാണ്. പത്താം ക്ലാസ് പാസായിരിക്കുമ്പോഴാണ് അവള്‍ വീട്ടിലെ ടൈല്‍സ് പണിക്കാരനു കൂടെ ഒളിച്ചോടിയത്. ഏതോ ടൂറിസ്റ്റ്‌േേകന്ദ്രത്തില്‍ നിന്നും സുമനസുകളുടെ സഹായത്തോടെ വീട്ടില്‍ തിരിച്ചെത്തിച്ച കുട്ടിയേയും കൂട്ടി മാതാപിതാക്കളാണ് ചികിത്സയ്‌ക്കെത്തിയത്. വീട്ടില്‍ ജോലിക്കു വന്ന ദിവസം അഞ്ചോ പത്തോ മിനിട്ടു മാത്രം സംസാരിച്ചാണ് ഇരുവരും ഒളിച്ചോടിയത്. കൗണ്‍സിലിങ്ങില്‍ കുട്ടിയുടെ മറുപടി വിചിത്രമായിരുന്നു. തന്റെ കൂടെ വന്നില്ലെങ്കില്‍ വീട്ടുമുറ്റത്തെ മാവിന്‍കൊമ്പത്ത് അയാള്‍ തൂങ്ങിമരിക്കുമെന്നു പറഞ്ഞത്രെ. മനസു നൊന്താണ് അയാളുടെ കൂടെ അവള്‍ പോയത്!
ഭര്‍ത്താവിന്റെ അകല്‍ച്ചയും പെണ്ണിന്റെ ലോലമായ മനസും പ്രലോഭിപ്പിച്ചു നടത്തിയ മുതലെടുപ്പിന്റെ രണ്ടുചിത്രങ്ങളാണ് മുകളില്‍ പറഞ്ഞ രണ്ടു ഉദാഹരണങ്ങള്‍. ആവശ്യമായ സ്‌നേഹവും സഹകരണവും ലഭിക്കാതെ വരാനിടവരുന്നത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നത് തീര്‍ച്ചയാണ്. സ്‌നേഹം ഉള്ളിലുള്ളത് പ്രകടിപ്പിക്കാനാകാത്ത കുടുംബനാഥന് ഖേദിക്കേണ്ടിവരുമെന്നുറപ്പാണ്. ലോലമായ സ്ത്രീ ഹൃദയങ്ങളെ കെണിയില്‍ വീഴ്ത്താനുള്ള ലോബികളും സജീവമാണ്. താല്‍ക്കാലിക സുഖലോലുപതയാണ് ആധുനിക മനുഷ്യന്റെ താല്‍പര്യം.
പണത്തിന്റെ സ്വാധീനം, സൗന്ദര്യ പ്രദര്‍ശനം, സാങ്കല്‍പിക ലോകത്തേക്കുള്ള സിനിമകളുടെ സ്വാധീനം തുടങ്ങിയവയൊക്കെ തെറ്റിലേക്കു വഴികാട്ടുന്നുണ്ട്. ചെയ്യുന്നത് തെറ്റാണെന്ന ബോധത്തോടുകൂടിയാണ് തിന്മക്കടിമപ്പെടുന്നത്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന കുട്ടികളില്‍ തിന്‍മകളുടെ വഴിയിലേക്കുള്ള സ്വകാര്യത വേഗത്തില്‍ കൈവരുകയാണ്. നന്മയെ കാണാനുള്ള കണ്ണുകള്‍ അന്ധമാവുകയും തിന്മയെ സ്വീകരിക്കുകയും ചെയ്യുന്ന കാഴ്ചയാണിത്. തെറ്റില്‍ നിന്നും തടയുന്നതു പോലും വകഭേദിക്കാനുള്ള പ്രവണതയാണ് കൗമാരക്കാരില്‍ കണ്ടുവരുന്നത്. തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനു വിഘാതമാകുമ്പോള്‍ അതു മതത്തിന്റെ പേരില്‍ ചാര്‍ത്തപ്പെടുകയാണ് ചെയ്യുന്നത്. മാന്യമായ വേഷവിധാനം പെണ്ണിനു നല്‍കുന്ന സുരക്ഷ പ്രസക്തമാണല്ലോ. എല്ലാ മേഖലയിലും ഇതേപോലെ സുരക്ഷിതത്വത്തിന്റെ മാര്‍ഗങ്ങളാണ് മതത്തിന്റെ ചട്ടക്കൂടില്‍ ഉള്‍ക്കൊള്ളുന്നത്. ഇതു തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിഘാതമാവുമെന്നു കാണുമ്പോഴാണ്, അതു തിരസ്‌കരിക്കാനുള്ള പ്രവണത വളരുന്നത്. തെറ്റിലേക്ക് വഴുതി വീഴാനുള്ള സാഹചര്യങ്ങളില്‍ നിന്നും മുക്തമാകുന്നതിനു ആവശ്യമായ ബോധവല്‍ക്കരണം വേണം. പലര്‍ക്കും ലഹരി കൊണ്ട് ഒരു ഉപകാരവും ഇല്ലെന്ന ബോധ്യമുണ്ടെങ്കിലും തിന്മയുടെ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്നു. ഇതു പൈശാചികതയാണ്.
പുതിയ തലമുറക്ക് വേണ്ടത് ധാര്‍മികമായ ബോധമാണ്. വിദ്യാഭ്യാസ സംരഭങ്ങളില്‍ ധാര്‍മിക ബോധനം പ്രധാനമാണ്. അദൃശ്യമായ അല്ലാഹുവിനെ അദൃശ്യമായ മനസുകൊണ്ട് കാണുന്ന വിശ്വാസിക്കു തിന്മക്കൊപ്പം സഞ്ചരിക്കാനാവില്ല. അതിനു ഖുര്‍ആന്‍ ബോധിപ്പിച്ച ഭക്തി ഉള്‍ക്കൊണ്ടുള്ള മനസ് പരിവര്‍ത്തിപ്പിക്കണം. വിദ്യാഭ്യാസ മേഖലയില്‍ മനശാസ്ത്രപരമായ സമീപനങ്ങള്‍ വളര്‍ത്തിയെടുക്കണം. അതു പോലെ, മാനസികാരോഗ്യത്തിനു പ്രാധാന്യം നല്‍കണം. സമാധാനമുള്ള മനസിന്റെ ഉടമയാവുകയാണ് നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം. ഒരു കാര്യം തെരഞ്ഞെടുക്കുമ്പോള്‍ നന്മയില്ലാത്തവ നാം തെരഞ്ഞെടുത്തുകൂടാ. അതോടൊപ്പം ഉദ്ദേശിച്ചകാര്യങ്ങളില്‍ ഒരു തരിയെങ്കിലും തിന്മ കാണുന്നുവെങ്കില്‍ അതു വേണ്ടെന്നു വയ്ക്കാനും സാധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."