ഭക്ഷ്യസുരക്ഷ: റേഷന്‍ സംഭരിക്കാന്‍ സ്വകാര്യ ഗോഡൗണുകളും
മലപ്പുറം: സര്‍ക്കാര്‍ സംഭരണ ശാലകള്‍ക്കുപുറമേ റേഷന്‍ സംഭരിക്കാന്‍ സ്വകാര്യ ഗോഡൗണുകള്‍ വാടകയ്‌ക്കെടുക്കുന്നു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റേഷന്‍ സംഭരിക്കാന്‍ സ്വകാര്യ ഗോഡൗണുകളെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേന്ദ്രസര്‍ക്കാറിന്റെ ഭക്ഷ്യസുരക്ഷ നിയമപ്രകാരം മൂന്നുമാസത്തെ റേഷന്‍ മുന്‍കൂറായി സംഭരിക്കണമെന്ന നിര്‍ദേശമുണ്ട്. ഇതിനായി 3.93 ലക്ഷം ടണ്‍ ഗോഡൗണ്‍ സൗകര്യം വേണമെങ്കിലും ഇതിനാവശ്യമായ സൗകര്യം കേരള സ്റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പറേഷനുകീഴിലെ സംഭരണശാലകളിലില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വെയര്‍ഹൗസിങ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സര്‍ക്കാറിനു കത്തുനല്‍കിയിരുന്നു. ഇതുപരിശോധിച്ച സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കുവിധേയമായി സ്വകാര്യ ഗോഡൗണുകള്‍ വാടകയ്ക്ക് എടുത്ത് സിവില്‍സപ്ലൈസ് കോര്‍പ്പറേഷന് ലഭ്യമാക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
സ്വകാര്യ ഗോഡൗണുകള്‍ സ്ഥിരംകരാര്‍ വ്യവസ്ഥയില്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ ഭക്ഷ്യസുരക്ഷ നിയമപ്രകാരം സംസ്ഥാന സര്‍ക്കാറിന്റെ ഉത്തമതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണം. വെയര്‍ഹൗസിങ് കോര്‍പറേഷനു സ്വന്തമായി ഗോഡൗണുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സര്‍ക്കാറിന്റെയോ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ സഹകരണ സ്ഥാപനങ്ങളുടെയോ ഗോഡൗണുകള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് മുന്‍ഗണന നല്‍കണം.
സ്വകാര്യ വ്യക്തികളുടേയോ സ്ഥാപനങ്ങളുടെയോ ഗോഡൗണുകള്‍ എടുത്തുനല്‍കുന്ന സാഹചര്യത്തില്‍ പത്രപരസ്യം നടത്തിയും സുതാര്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടും കൂടിയായിരിക്കണം ഇതിനുള്ള നടപടി സ്വീകരിക്കേണ്ടത്. ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിന്റെ ഭാഗമായി ഭക്ഷ്യധാന്യ സംഭരണം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതിനാല്‍ ഒരോ ബ്ലോക്കുകളിലും സംഭരണശാലകള്‍ തുടങ്ങേണ്ടതുണ്ട്.
ഇതിന് വെയര്‍ഹൗസിങ് കോര്‍പറേഷന്റെ ഗോഡൗണുകള്‍ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും സ്ഥാപിക്കാനുള്ള പദ്ധതി കോര്‍പറേഷന്‍ ഉടന്‍ തയാറാക്കണം.
സര്‍ക്കാര്‍ ഗോഡൗണുകള്‍ ആരംഭിക്കാന്‍ കാലതാമസം നേരിടുന്നതിനാലാണിത്. സിവില്‍സപ്ലൈസ് കോര്‍പറേഷന്റെ ആവശ്യപ്രകാരമുള്ള നടപടി താല്‍കാലികമാണെന്നും അഡീഷണല്‍ സെക്രട്ടറി വി.എസ്. സുരേഷ്‌കുമാറിന്റെ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."