HOME
DETAILS

മഹാരാഷ്ട്രയിലെ പാഠങ്ങള്‍

  
backup
November 27 2019 | 20:11 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

 

ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുന്നതിന് അനുകൂലമായിരുന്നില്ല. അതിന് അദ്ദേഹം പറഞ്ഞ കാരണം ഇന്ത്യയിലെ നേതാക്കന്മാര്‍ ജനാധിപത്യത്തിന് പാകമായിട്ടില്ലെന്നാണ്. ഏതാനും ദശാബ്ദങ്ങള്‍കൊണ്ട് ഇന്ത്യയുടെ ഭരണ നേതൃത്വം'ഉള്ളുപൊള്ളയായ മനുഷ്യരി'ലെത്തിച്ചേരുമെന്നും ആ ദുരന്തം താങ്ങാന്‍ രാജ്യത്തിനാവുകയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഭീതി. മഹാത്മാ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അബുല്‍കലാം ആസാദിനെയും പോലെയുള്ള പ്രഗത്ഭ നേതാക്കന്മാര്‍ ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന കാലത്തായിരുന്നു വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ഈ ആശങ്ക. എന്നാല്‍, ചര്‍ച്ചില്‍ കണക്കാക്കിയ കാലമെത്തുന്നതിന്റെ മുന്‍പ് തന്നെ ഇന്ത്യന്‍ രാഷ്ട്രീയം വൈക്കോല്‍ മനുഷ്യരുടെ കൈകളിലായി. ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പോലും നാം മറക്കുന്നു. നിയമനിര്‍മാണ സഭകള്‍ കൂറുമാറ്റക്കാരുടെ വിളനിലമായി; ആയാറാം ഗയാറാമുമാര്‍ പാര്‍ലമെന്ററി ജനാധിപത്യ രംഗം അടക്കിവാഴാന്‍ തുടങ്ങി. അത്തരം പ്രവണതകള്‍ തടയുക എന്ന ലക്ഷ്യത്തോടെ കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നെങ്കിലും ഫലത്തില്‍ കുതിരക്കച്ചവടം വിപണിയില്‍ സജീവം; വിലപേശലുകള്‍ സര്‍വസാധാരണ; അതുവരുത്തിവയ്ക്കുന്ന പ്രശ്‌നങ്ങള്‍ നിരവധി.
ഇപ്പറഞ്ഞ ദുരന്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ കണ്ടത്; ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള ബി.ജെ.പിയുടെയും ശിവസേനയുടെയും തമ്മിലടി, മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് തീവ്രഹിന്ദുത്വം ഉദ്‌ഘോഷിക്കുന്ന ശിവസേനയോട് സ്ഥാപിച്ച ബാന്ധവം, എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റില്‍പ്പറത്തി പാതിരാത്രിയുടെ മറവില്‍ ഗവര്‍ണറുടെ കാര്‍മികത്വത്തില്‍ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മുഖ്യമന്ത്രി സ്ഥാനാരോഹണം, സ്വന്തം പാര്‍ട്ടിയെ ഒറ്റിക്കൊടുത്ത് എന്‍.സി.പി നിയമസഭ കക്ഷി നേതാവ് അജിത് പവാര്‍ ബി.ജെ.പിക്ക് നല്‍കിയ പിന്തുണ, എന്നിട്ടും ഈ കൗശലങ്ങളെയെല്ലാം തോല്‍പിച്ചുകൊണ്ട് കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന ത്രികക്ഷി സഖ്യത്തിന്റെ തിരിച്ചുവരവ്. ഇതൊന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍പുണ്ടായിട്ടില്ലാത്തതാണ്. കൂറുമാറ്റവും മന്ത്രിസഭകളുടെ ഉത്ഥാന പതനങ്ങളുമെല്ലാം മുന്‍പുണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്രയ്ക്കും നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള രാഷ്ട്രീയ നാടകങ്ങള്‍ മുന്‍പൊരിക്കലുമുണ്ടായിട്ടില്ല. അതിന് നാം 'കടപ്പെട്ടിട്ടുള്ളത്' ബി.ജെ.പിയോടാണ്. കുറച്ചുകൂടി തെളിയിച്ചുപറഞ്ഞാല്‍ ബി.ജെ.പി രാഷ്ട്രീയത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദി - അമിത്ഷാ കൂട്ടുകെട്ടിനോട്.
ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലും എതിര്‍കക്ഷിയില്‍ നിന്ന് എം.എല്‍.എമാരെ തട്ടിയെടുത്ത് മന്ത്രിസഭയുണ്ടാക്കുക എന്ന തന്ത്രം പരീക്ഷിക്കുകയെന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പുതുമയൊന്നുമല്ല. അരുണാചല്‍പ്രദേശിലും ഗോവയിലും പാര്‍ട്ടി ഈ തന്ത്രം വളരെ സമര്‍ഥമായി ഉപയോഗിച്ചു. കര്‍ണാടകയില്‍ തുടക്കത്തില്‍ തന്ത്രം പാളുകയും യെദ്യൂരപ്പ രാജിവയ്ക്കുകയും ചെയ്യേണ്ടിവന്നെങ്കിലും അമിത്ഷായുടെ തന്ത്രങ്ങള്‍ ഒടുവില്‍ ഫലിച്ചു; കോണ്‍ഗ്രസില്‍ നിന്നും ജനതാദളില്‍ നിന്നും എം.എല്‍.എമാരെ ഇളക്കിയെടുത്ത് കുമാര സ്വാമി മന്ത്രിസഭ തകര്‍ക്കുകയും തല്‍സ്ഥാനത്ത് യെദ്യൂരപ്പയെ കുടിയിരുത്തുകയും ചെയ്യുന്നതില്‍ പാര്‍ട്ടി വിജയിച്ചു. രാഷ്ട്രീയ സദാചാരത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ അഴിമതിക്കെതിരില്‍ നിരന്തരം സംസാരിക്കുകയും മൂല്യങ്ങളെപ്പറ്റി സദാവാചാലമാവുകയും ചെയ്യുന്ന പാര്‍ട്ടിക്ക് ഒരിക്കലും ഇതൊന്നും ഭൂഷണമല്ല, എന്ന് മാത്രമല്ല, ഇതൊരു തറവേലയാണ് താനും. കര്‍ണാടകയിലും മഹാരാഷ്ട്രയിലും പ്രയോഗിച്ച രാഷ്ട്രീയ തന്ത്രങ്ങള്‍ ബി.ജെ.പിയെ വെറുമൊരു തറപ്പാര്‍ട്ടിയുടെ തലത്തിലേക്കാണ് എത്തിച്ചിട്ടുള്ളത്. ദേവേന്ദ്ര ഫഡ്‌നാവിസിന് രാജിവയ്‌ക്കേണ്ടിവന്നു എന്നതല്ല പ്രശ്‌നം, ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്രത്തോളം തരംതാഴാമോ എന്നുള്ളതാണ്.
അമിത്ഷാ-നരേന്ദ്ര മോദി ദന്ദ്വം അധികാരം പിടിച്ചെടുത്ത സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി ഉപയോഗിച്ചത് ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കാര്യം നേടുകയെന്ന തന്ത്രമാണ്. അതോടൊപ്പം സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടേറ്റ്, ഇന്‍കം ടാക്‌സ് തുടങ്ങിയ വകുപ്പുകളെയും കാര്യസാധ്യത്തിനുവേണ്ടി ഉപയോഗിച്ചു. മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ മേല്‍ ചുമത്തിയ 70,000 കോടി രൂപയുടെ അഴിമതി കേസ് അവസാനിപ്പിച്ചുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടെഴുതി. യാതൊരു മര്യാദയും പാലിക്കാതെ ഗവര്‍ണറും പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചേര്‍ന്ന് കൊച്ചുവെളുപ്പാന്‍ കാലത്ത് അതീവ രഹസ്യമായി ഭൂരിപക്ഷമില്ലാത്ത ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കി- വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞത് എത്ര ശരി. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് അഭിമാനിക്കാന്‍ യാതൊന്നുമില്ലാത്ത അവസ്ഥയിലേക്കാണ് ഈ സംഭവ വികാസങ്ങള്‍ വിരല്‍ചൂണ്ടുന്നത്. മത്സരത്തില്‍ ഉദ്ധവ് താക്കറെ ജയിച്ചുവോ ശരദ് പവാര്‍ ജയിച്ചുവോ സോണിയ ജയിച്ചുവോ എന്നതല്ല ചോദ്യം. ഇന്ത്യന്‍ ജനാധിപത്യം അതിദയനീയമായി തോറ്റുവോ എന്നതാണ്. ഈ തോല്‍വിക്ക് കാരണം ബി.ജെ.പി മാത്രമാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരാജയം എത്രത്തോളമെത്തി എന്നതിന്റെ തെളിവാണ് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാന്‍ ബി.ജെ.പി രംഗത്തിറക്കിയ നേതാക്കന്മാരുടെ 'പ്രൊഫൈലുകള്‍'. നാരായന്‍ റാണെ, ഗണേഷ് നായക്, രാധാകൃഷ്ണ വിഖെ പാട്ടില്‍ തുടങ്ങിയവരെ ഉപയോഗിച്ചായിരുന്നു ബി.ജെ.പിയുടെ ഓപറേഷന്‍. ഇവരെല്ലാവരും ഒരു കാലത്ത് മറ്റുപാര്‍ട്ടികളില്‍ സജീവമായി പ്രവര്‍ത്തിച്ചവരാണ്. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ബി.ജെ.പിയിലേക്ക് അടര്‍ത്തിയെടുക്കപ്പെട്ടവരാണ്. നാരായണ്‍ റാണെ ബി.ജെ.പിയുടെ നേതാവായിരുന്നു. പിന്നീട് കോണ്‍ഗ്രസിലും ഒടുവില്‍ ബി.ജെ.പിയിലുമെത്തിയ ആളണ് റാണെ. ഗണേഷ് നായിക്കും ശിവസേനക്കാരനായിരുന്നു, പിന്നീട് എന്‍.സി.പി വഴി ബി.ജെ.പിയിലെത്തിയ വ്യക്തിയാണ്. അതായത് 'ചാരിത്ര ശുദ്ധി' ഒട്ടുമില്ലാത്ത വ്യക്തികളെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെത്തിക്കുന്നതില്‍ ഒട്ടും മനസ്സാക്ഷിക്കുത്തില്ല ബി.ജെ.പിയ്ക്ക്. അമിത്ഷായുടെ ചാണിക്യതന്ത്രങ്ങള്‍ കെട്ടിപ്പൊക്കിയിട്ടുള്ളത് ഇത്തരം അധാര്‍മിക അടിത്തറയുടെ മേലാണ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം നമ്മെ ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ അധാര്‍മികതയെക്കുറിച്ചാണ്.
അടുത്തു നടക്കാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ചിത്രം പരിശോധിച്ചാല്‍ ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് സന്നിവേശിപ്പിച്ചിട്ടുള്ള അധാര്‍മികതയുടെ അംശങ്ങള്‍ എത്രത്തോളം അപഹാസ്യമാണെന്ന് കുറേകൂടി വ്യക്തമാകും. ജനതാദള്‍, കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂറുമാറ്റത്താല്‍ ഒഴിവുവന്ന 15 നിയമസഭ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇങ്ങനെ കൂറുമാറിയ എം.എല്‍.എമാരെല്ലാം ബി.ജെ.പി ടിക്കറ്റില്‍ മാത്സരിക്കുന്നു. ഇവര്‍ ജയിച്ചാല്‍ മന്ത്രിയാക്കുമെന്നാണ് മുഖ്യമന്ത്രി യെദ്യൂരപ്പ നല്‍കിയ ഉറപ്പ്.
ഇപ്പോള്‍ തന്നെ കര്‍ണാടകയിലെ പതിനെട്ട് അംഗ മന്ത്രിസഭയിലെ പത്തുപേരുടെയും രാഷ്ട്രീയ വേരുകള്‍ കോണ്‍ഗ്രസിലോ ജനതാരാഷ്ട്രീയത്തിലോ ആണ്; ഇപ്പോള്‍ മത്സര രംഗത്തുള്ള കൂറുമാറിയ എം.എല്‍.എമാര്‍ കൂടി മന്ത്രിമാരായാല്‍ മുപ്പത്തിനാലംഗ മന്ത്രിസഭയില്‍ യഥാര്‍ഥ ബി.ജെ.പിക്കാര്‍ കുറവായിരിക്കും. 'ഭാരതീയ ജനതാ കോണ്‍ഗ്രസ് ദള്‍' മന്ത്രിസഭയായിരിക്കും ഇതെന്നാണ് കര്‍ണാടകയിലെ ഒരു രാഷ്ട്രീയ തമാശ. ഇങ്ങനെ ബി.ജെ.പിയിലേക്ക് കൂറുമാറിയവരില്‍ കര്‍ണാടകയിലെ സോഷ്യലിസ്റ്റ് സൈദ്ധാന്തികന്‍ എ.എച്ച് വിശ്വനാഥ് പോലുമുണ്ട്; ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാരിലെ മൂന്ന് ഉപമുഖ്യമന്ത്രിമാരില്‍ രണ്ടുപേര്‍ ജനതാപരിവാറില്‍പ്പെട്ടവരാണ്. അതായത് ബി.ജെ.പി അതിന്റെ രാഷ്ട്രീയ ശക്തിക്ക് വേണ്ടി ആശ്രയിക്കുന്നത് ഇതര പാര്‍ട്ടികളില്‍ നിന്ന് ചാക്കിട്ടുപിടിക്കുന്നവരെയാണ്.
ഈ ചാക്കിട്ടുപിടുത്തത്തിന് അവര്‍ ഉപയോഗിക്കുന്നത് പ്രത്യയശാസ്ത്ര പ്രതിബദ്ധതകളല്ല, പണവും അധികാരവുമാണ്. അതിന്റെ നഗ്നമായ തെളിവാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ സംഭവങ്ങളെ അതിനാല്‍തന്നെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയ പരാജയങ്ങളുടെ അടിസ്ഥാനത്തിലല്ല കാണേണ്ടത്. നരേന്ദ്ര മോദിയും അമിത്ഷായും കൊണ്ടുനടക്കുന്ന രാഷ്ട്രീയത്തിന്റെ സഹജ സ്വഭാവമായ അധാര്‍മികത ഇന്ത്യന്‍ ജനാധിപത്യത്തെ എത്രത്തോളം ദുഷിപ്പിച്ചു എന്നതിലേക്കാണ് മഹാരാഷ്ട്ര വിരല്‍ചൂണ്ടുന്നത്. ഇന്ത്യന്‍ രാഷ്ട്രീയം അധഃപതിച്ചിട്ടുള്ള അവസ്ഥയുടെ ഇരുട്ട് മുഴുവനും അതില്‍ നമുക്ക് ദര്‍ശിക്കാം.
ഇത്രയും അധാര്‍മികമായ രീതിയില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിനാല്‍ പാര്‍ട്ടിക്കുണ്ടാവുന്ന ലാഭ നഷ്ടങ്ങളെ കുറിച്ച് ബി.ജെ.പി നേതൃത്വം ശരിയായി വിലയിരുത്തിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. മഹാരാഷ്ട്രയിലെ പരാജയം താല്‍കാലികമായ തോല്‍വി മാത്രമാണ് എന്നായിരിക്കും പാര്‍ട്ടിയുടെ വിലയിരുത്തല്‍. മോദി-ഷാ കൂട്ടുകെട്ടില്‍ അസംതൃപ്തിയുള്ളവര്‍ ഈ തോല്‍വിയെക്കുറിച്ച് പൊലിപ്പിക്കാനും പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടാന്‍ അതിനെ ഉപയോഗപ്പെടുത്താനുമാണ് സാധ്യത, എന്നാല്‍ അതിനപ്പുറത്തുള്ള മാനങ്ങള്‍ പരാജയത്തിനുണ്ട്. ബി.ജെ.പി എന്ന പാര്‍ട്ടിയുടെ റേറ്റിങ് വളരെ കുറഞ്ഞുവെന്നാണ് അവയില്‍ പ്രധാനം.
യാതൊരുവിധ ധര്‍മ നീതിയും ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇല്ല എന്ന് മഹാരാഷ്ട്ര സ്ഥാപിച്ചെടുത്തു. അത് ഗുണം ചെയ്തിട്ടുള്ളത് കോണ്‍ഗ്രസിനാണ്. ശിവസേന എന്ന തീവ്ര ഹിന്ദുത്വ പാര്‍ട്ടിയോട് സഖ്യം സ്ഥാപിക്കുക വഴി കോണ്‍ഗ്രസിന് നഷ്ടപ്പെട്ട മതേതര പ്രതിച്ഛായയെക്കുറിച്ച് ആധി ബി.ജെ.പിയുടെ നടപടികള്‍ മൂലം ആര്‍ക്കും പ്രശ്‌നമല്ലാതായി. ബി.ജെ.പി ഇത്രയും അധഃപതിച്ച് പോവുമെങ്കില്‍, ഈ അവിഹിത നടപടിയെ എതിര്‍ക്കാന്‍ ഏതു ചെകുത്താനോടും കൂട്ടുകൂടാം എന്ന ന്യായം കോണ്‍ഗ്രസിന് ആളുകള്‍ അനുവദിച്ച് കൊടുക്കുന്നു. എന്നുമാത്രമല്ല, ശിവസേനയുടെ അതിതീവ്രവാദത്തെ ഇത്തിരിയെങ്കിലും നേര്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.
മഹാരാഷ്ട്രയിലെ തോല്‍വി കോണ്‍ഗ്രസിന് ഉണ്ടാക്കിക്കൊടുത്ത ആത്മവിശ്വാസം ചെറുതല്ല. അതേസമയം അത് ബി.ജെ.പിക്ക് വരുത്തിവച്ച പ്രതിച്ഛായ നഷ്ടവും ഒട്ടും ചെറുതല്ല. പാണ്ടന്‍ നായയുടെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല എന്ന് ആളുകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. ഇന്ത്യയിലെ വന്‍സംസ്ഥാനങ്ങളില്‍ മിക്കതിലും ബി.ജെ.പിക്ക് ഇപ്പോള്‍ അധികാരം ഇല്ല. ഈ അധികാരമില്ലായ്മയുടെ പശ്ചാത്തലത്തില്‍ എത്രത്തോളം പാര്‍ട്ടിക്ക് ഇനി പിടിച്ചു നില്‍ക്കാന്‍ സാധിക്കും? അമിത്ഷാ കാറ്റൊഴിച്ച ബലൂണാണെന്ന് പാര്‍ട്ടിക്കാര്‍ തന്നെ ചിന്തിച്ചുതുടങ്ങിക്കാണണം. ഈ ചിന്ത തിരിച്ചടിയായി മാറാന്‍ അധികകാലം വേണ്ട.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ ഭരിക്കുന്ന ദേശീയ പാര്‍ട്ടിക്ക് ധാര്‍മികത തീര്‍ത്തും നഷ്ടപ്പെടുന്നത് ആഗോളതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസതക്കേല്‍പ്പിക്കുന്ന പരുക്കും ചെറുതായിരിക്കില്ല. ഇതൊന്നും കണക്കിലെടുക്കാതെയായിരുന്നുവോ ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കുവാന്‍ വേണ്ടിയുള്ള കരുനീക്കങ്ങള്‍? ഓപറേഷന്‍ തീര്‍ത്തും പാളി. അതിന് ബി.ജെ.പി കൊടുക്കേണ്ട വില കനത്തതായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago