കലാകേരളത്തിന്റെ കണ്ണുകള്‍ ഇമചിമ്മാതെ ഇനി നാലുനാള്‍ തുളുനാട്ടിലേക്ക്; സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കാസര്‍കോട്ട് തുടക്കം
കാഞ്ഞങ്ങാട്: കലാകേരളത്തിന്റെ കണ്ണുകള്‍ ഇമചിമ്മാതെ ഇനി നാലുനാള്‍ കാഞ്ഞങ്ങാട്ടേക്ക്. അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സപ്തഭാഷാ സംഗമഭൂമിയില്‍ തിരിതെളിയുന്നതോടെ തുളുനാട്ടില്‍ ഇനി കലയുടെ പെരുങ്കളിയാട്ടം. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ നാമധേയത്തില്‍ ഒരുക്കിയ പ്രധാനവേദിയില്‍ ഇന്ന്് രാവിലെ ഒന്‍പതിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കലോത്സവത്തിന് തിരിതെളിയിക്കും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. ചലച്ചിത്രതാരം ജയസൂര്യ സംബന്ധിക്കും.
രാവിലെ എട്ടു മണിക്ക് ഐങ്ങോത്തെ പ്രധാനവേദിക്ക് മുന്‍പില്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ. ജീവന്‍ ബാബു പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാകുക. പതാക ഉയര്‍ത്തലിനു ശേഷം ദൃശ്യവിസ്മയ കമ്മിറ്റി ഒരുക്കുന്ന മേള വിസ്മയം അരങ്ങേറും. 60ഓളം അധ്യാപകര്‍ അണിനിരക്കുന്ന സ്വാഗതഗാനത്തിന്റെ അകമ്പടിയോടെയാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കമാകുക.
അപ്പീലുമായി ഇതുവരെ 280 പേര്‍ കൂടി എത്തിയതോടെ മൂന്നു ദിവസമായി നടക്കുന്ന കലോത്സവത്തില്‍ മത്സരാര്‍ഥികളുടെ എണ്ണം 10,000 കടക്കും. 28 വേദികളിലായി 239 ഇനങ്ങളാണ് അരങ്ങിലെത്തുക. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ കലോത്സവം മൂന്നു ദിവസമാക്കിയെങ്കില്‍ കാഞ്ഞങ്ങാട്ട് നാലു ദിവസമാണ് കലോത്സവം. ഘോഷയാത്ര ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെയാണ് കാഞ്ഞങ്ങാട്ടെ കലോത്സവവും. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും അജാനൂര്‍ പഞ്ചായത്തുകളിലുമായുള്ള വേദികളിലേക്ക് മത്സരാര്‍ഥികള്‍ക്ക് എത്തിച്ചേരാനായി സംഘാടക സമിതി 40ഓളം ബസ്സുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ അഞ്ചു മിനിറ്റു കൂടുമ്പോഴും ഓരോ വേദിയില്‍ നിന്ന് ബസ്സുകള്‍ പുറപ്പെടും. ഇന്ന് 74 ഇനങ്ങളും നാളെ 77 ഇനങ്ങളും മൂന്നാം ദിനം 74 ഇനങ്ങളും നടക്കും. സമാപന ദിവസമായ ഡിസംബര്‍ ഒന്നിന് 14 ഇനങ്ങള്‍ മാത്രമാണ് നടക്കുക. അന്ന് മൂന്നു മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ഇന്നലെ രാവിലെ 10 മണി മുതല്‍ തന്നെ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. രാവിലെയോടെ തന്നെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ഥികളും അധ്യാപകരും കലോത്സവ നഗരിയിലെത്തി. റെയില്‍വേ സ്റ്റേഷനില്‍ മത്സരാര്‍ഥികള്‍ക്ക് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
state school youth festival to begin in kasargode
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."