ബോക്സിങ്: അഞ്ച് സ്വര്‍ണമടക്കം ഇന്ത്യക്ക് എട്ട് മെഡലുകള്‍
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന ഗ്രാന്‍പ്രീ ഉസ്തി നഡ് ലബെം ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് അഞ്ച് സ്വര്‍ണമടക്കം എട്ട് മെഡലുകള്‍. അഞ്ച് സ്വര്‍ണം രണ്ട് വെള്ളി ഒരു വെങ്കലം മെഡലുകളാണ് ഇന്ത്യ ഇടിച്ച് നേടിയത്. ശിവ ഥാപ (60 കിലോ), മനോജ് കുമാര്‍ (69 കിലോ), അമിത് ഫംഗല്‍ (52 കിലോ), ഗൗരവ് ബിധുരി (56 കിലോ), സതിഷ് കുമാര്‍ (91 കിലോയ്ക്ക് മുകളില്‍) എന്നിവരാണ് സ്വര്‍ണം സ്വന്തമാക്കിയത്. കവിന്ദര്‍ ബിഷ്ട് (52 കിലോ), മനിഷ് പന്‍വര്‍ (81 കിലോ) എന്നിവര്‍ വെള്ളിയും സുമിത് സംഗ്വാന് (91 കിലോ) വെങ്കലവും നേടി.
52 കിലോയില്‍ ഇന്ത്യന്‍ ഫൈനലാണ് അരങ്ങേറിയത്. അമിത് ഫംഗല്‍ 3-2 എന്ന സ്കോറിന് കവിന്ദറിനെ വീഴ്ത്തുകയായിരുന്നു. 56 കിലോയില്‍ ഗൗരവ് ബിധുരി പോളണ്ട് താരം ഇവനോവ് ജറസ്ലോവിനെ ഏകപക്ഷീയ പോരാട്ടത്തില്‍ 5-0ത്തിന് ഇടിച്ചിട്ടു. പിന്നാലെ ശിവ ഥാപയും എതിരാളിക്ക് ഒറ്റ പോയിന്റും വിട്ടുനല്‍കാതെ 5-0ത്തിന് വിജയിച്ചു. സ്ലോവാക്യന്‍ താരം ഫിലിപ് മെസരോസാണ് ശിവയുടെ കൈക്കരുത്തിന് ഇരയായത്. മനോജും ഏകപക്ഷീയമായി തന്നെ സ്വര്‍ണം സ്വന്തമാക്കി. ചെക്ക് താരം തന്നെയായ ഡേവിഡ് കോര്ടക്കിനെ 5-0ത്തിന് പരാജയപ്പെടുത്തിയാണ് മനോജ് വിജയിച്ചത്.
ജര്‍മന്‍ താരം ഇബ്രജിം ബസ്വേവിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സതിഷ് കുമാര്‍ വിജയിച്ചത്. 3-2നായിരുന്നു താരത്തിന്റെ സുവര്‍ണ നേട്ടം. അടുത്ത മാസം 25 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ നടക്കുന്ന ലോക പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ് ടൂര്‍ണമെന്റിലെ മികച്ച മുന്നേറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."