'കലയങ്ങാടി' നിറഞ്ഞ് മണിമുത്തുകള്‍
.
കാഞ്ഞങ്ങാട്: കലയുടെ പൊന്‍പ്രഭ വിതറുന്ന മണിമുത്തുകള്‍ കലയങ്ങാടികള്‍ നിറഞ്ഞു. 14 ജില്ലകളില്‍ നിന്നെത്തിയ കേരളത്തിന്റെ കലാ കൗമാരത്തിന്റെ നിറവസന്തം ഒരോ വേദിയിലും മാറ്റുരച്ചു തുടങ്ങി. തേജ്വസിനി പുഴ കടന്ന് ചിലര്‍ നീലേശ്വരത്തേക്ക്, ചന്ദ്രഗിരി കടന്ന് ചിലര്‍ അജാനൂരിലേക്ക്, കാഞ്ഞങ്ങാടിറങ്ങി പല ഗ്രാമവേദികളിലേക്ക്. എല്ലാ വഴികളും ഒരിടത്തേക്കല്ല, പല വേദികളിലേക്ക്. കാഞ്ഞങ്ങാട് , നീലേശ്വരം നഗരസഭകളിലെയും അജാനൂര്‍ പഞ്ചായത്തിലെയും വിവിധ പ്രദേശങ്ങളിലെ കലയങ്ങാടികള്‍ നിറച്ച് 28 വര്‍ഷമായി കേരളം കാത്തുവെച്ച കൗമാര കല കൊലുസണിഞ്ഞു. നീലേശ്വരം മുതല്‍ അജാനൂര്‍ വരെയുള്ള വേദികള്‍ താളമേള മുഖരിതം. കാഞ്ഞങ്ങാട് നഗരം ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയം. 60ാമത് സ്‌കൂള്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം. രാവിലെ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ കെ. ജീവന്‍ബാബു പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവത്തിന് തുടക്കമായത്.
കലോത്സവം തുടങ്ങിയ ഇന്നു രാവിലെ മുതല്‍ കാഞ്ഞങ്ങാടേക്കുള്ള എല്ലാ വഴികളിലും കലയുടെ മര്‍മരമുണ്ടായിരുന്നു. ട്രെയിനുകളിലും ബസ്സുകളിലും സ്വകാര്യവാഹനങ്ങളിലും ചെറുപൂരങ്ങളുടെ വരവായിരുന്നു. മത്സരാര്‍ഥികളും ആസ്വാദകരും മഹാകവി പി.യുടെ കളിത്തട്ടിലേക്ക് വന്നിറങ്ങി. ഇനി നാലുനാള്‍ കാഞ്ഞങ്ങാടിനു കലയുടെ പൂരക്കാലമെന്ന് വിളിച്ചോതി വേദികള്‍ ഉണര്‍ന്നതോടെ തെയ്യങ്ങളുടെ നാട്ടില്‍ ഇനി കലയുടെ പെരുങ്കളിയാട്ടം.
ഐങ്ങോത്തെ പ്രധാന വേദിയായ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ നഗരിയിലെ ആറായിരം പേര്‍ക്കിരിക്കാവുന്ന വേദി രാവിലെ നിറഞ്ഞു കവിഞ്ഞു. മോഹിനിമാര്‍ ലാസ്യഭാവവുമായി വേദിയിലെത്തിയപ്പോള്‍ കണ്ടിരുന്ന് ആസ്വദിക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നീ നൃത്തയിനങ്ങള്‍ ഇന്നു തന്നെ അരങ്ങിലെത്തി.
നീലേശ്വരം രാജാസിലെ വേദിയില്‍ ജനപ്രിയ ഇനമായ മോണോ ആക്ട് ആസ്വദിക്കാന്‍ എത്തിയത് ആയിരങ്ങള്‍. പടന്നക്കാട് കാര്‍ഷിക കോളജിലെ വേദിയില്‍ വടക്കെ മലബാറിലെ തനതുകലയായ പൂരക്കളി അരങ്ങേറിയത് ജനനിബിഡമായ ആസ്വാദക വൃന്ദത്തിന് നടുവില്‍. ഇന്നു കൊടിയേറിയ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഡിസംബര്‍ ഒന്നിനു സമാപനമാവും. കാഞ്ഞങ്ങാടെയും നീലേശ്വരത്തെയും അജാനൂരിലെയും കലയങ്ങാടികളിലെ സംസാരം മുഴുവന്‍ കലയുമായി ബന്ധപ്പെട്ടു മാത്രം.
117 കിലോയുടെ സ്വര്‍ണകപ്പിനെ കുറിച്ച് ചിലര്‍ വാചാലരാവുമ്പോള്‍ കിരീടമണിയാന്‍ കച്ചകെട്ടിയ ജില്ലകളെ കുറിച്ചാണ് ചിലരുടെ ചര്‍ച്ച. കാസര്‍കോടെ ഭാഷാ വ്യത്യാസങ്ങളെയും വൈവിധ്യങ്ങളെയും കുറിച്ച് പലര്‍ക്കും എത്ര ചര്‍ച്ച ചെയ്താലും മതിയാവുന്നില്ല. ഇന്നു തുറന്നു വെച്ച കലയങ്ങാടികള്‍ ഇനി നാലുനാള്‍ ്അടയുകയേയില്ല. ആസ്വാദനത്തിന്റെ മധു വരുന്ന എത്രയോ കാലങ്ങളിലേക്ക് പകര്‍ന്ന് നല്‍കും ഈ കലയങ്ങാടികള്‍. വര്‍ഷമെത്ര പോയാലും ഓര്‍മ്മകളില്‍ അലയടിക്കും ഈ കലയങ്ങാടിയുടെ മധുരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."