മെഡിക്കല്‍- ദന്തല്‍ പ്രവേശനം: സാമൂഹികനീതി ഉറപ്പുവരുത്തണമെന്ന് മെക്ക
കൊച്ചി: വിവേചനപരവും വിചിത്രവുമായ സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്ത് ന്യൂനപക്ഷ- പിന്നോക്ക വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍- ദന്തല്‍ പ്രവേശനത്തിന് സാമൂഹികനീതി ഉറപ്പുവരുത്തണമെന്ന് മെക്ക സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാരുടെ സാമ്പത്തിക കൊള്ളക്ക് തന്ത്രങ്ങള്‍ കണ്ടുപിടിച്ച പുതിയ രീതിയെ സര്‍ക്കാര്‍ അംഗീകരിച്ചത് അനീതിയും കോഴപ്പണത്തിന് കൂട്ടുനില്‍ക്കലുമാണ്. മെഡിക്കല്‍ വിദ്യാഭ്യാസ കച്ചവടത്തിന് ഒത്താശ ചെയ്യുന്ന ആരോഗ്യവകുപ്പ് അടിയന്തിര പുനര്‍വിചിന്തനം നടത്തി ഉത്തരവ് റദ്ദാക്കണം.
പിന്നോക്ക സംവരണത്തിന്റെ അടിത്തറയിളക്കുന്നതും നിലവിലുള്ള സംവരണ സംവിധാനങ്ങളെയാകെ തകിടം മറിച്ച് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഏറെ അപാകതകളുള്ള പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന പിന്നോക്ക വിഭാഗ സംവരണത്തെ ഭാവിയില്‍ ദോഷം ചെയ്യുന്നവിധം സങ്കീര്‍ണവും അശാസ്ത്രീയവും അപ്രായോഗികവുമാണ് ഉത്തരവിലെ വ്യവസ്ഥകളെന്നും മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ അലി പ്രസ്താവിച്ചു.
ഓഗസ്റ്റ് 19, 20 തീയതികളില്‍ ആലപ്പുഴയില്‍ ചേരുന്ന 28ാം വാര്‍ഷിക സമ്മേളനം പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കുവാന്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എം അലിയാരുകുട്ടി അധ്യക്ഷത വഹിച്ചു.
എ.എസ്.എ റസാഖ്, കെ.എം അബ്ദുല്‍കരീം, സി.ബി കുഞ്ഞുമുഹമ്മദ്, ടി.എസ് അസീസ്, എം.എ ലത്തീഫ്, യു റഷീദ്, പ്രൊഫ. ഇ അബ്ദുല്‍ റഷീദ്, എ.ഐ മുബീന്‍, എന്‍.സി ഫാറൂക്ക്, എം അഖ്‌നിസ്, പ്രൊഫ. എ ഷാജഹാന്‍, പി.എസ് അഷറഫ്, എ നസീര്‍, എ ജമാലുദ്ദീന്‍, ഹാഷിം, അബ്ദുല്‍ റഷീദ് മണ്ണഞ്ചേരി, ഷാജിമോന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."