മായാവതി പങ്കെടുത്തേക്കില്ല, 'മഹാസഖ്യ' ചര്‍ച്ച 10ന്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ ഐക്യനിര രൂപീകരിക്കുന്നതിനായി പ്രതിപക്ഷം ശക്തമായ നീക്കം തുടങ്ങി. ഈ മാസം 10നു ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ രാജ്യവ്യാപകമായി മഹാസഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യ ചര്‍ച്ച നടക്കുക.
തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം 11നു വരാനിരിക്കേയാണ് ചര്‍ച്ച നടക്കുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനവും തുടങ്ങാനിരിക്കുകയാണ്. ഇതിനു മുന്‍പായാണ് പ്രതിപക്ഷം മഹാസഖ്യത്തിനു രൂപം കൊടുക്കുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ച നടത്തുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മുന്‍ കേന്ദ്രമന്ത്രി ശരത് യാദവ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം യോഗത്തില്‍ സംബന്ധിക്കും. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ് യോഗം ചേരുന്നത്.
മോദിയുടെ ജനവിരുദ്ധ നയങ്ങളെ ചൂണ്ടിക്കാട്ടി ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു യോഗത്തില്‍ തീരുമാനമുണ്ടാകും. ആര്‍.ബി.ഐ, സി.ബി.ഐ, കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍, ആദായനികുതി വകുപ്പ് തുടങ്ങിയവയെയെല്ലാം ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ദുരുപയോഗം ചെയ്യുന്നതും ചര്‍ച്ചയാകും.
കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന കര്‍ഷക റാലിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം ഒത്തുചേര്‍ന്നിരുന്നു. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്കു കാരണക്കാര്‍ മോദി സര്‍ക്കാര്‍ മാത്രമാണെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വേദി പങ്കിട്ടതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
അതേസമയം, 10ന് നടക്കുന്ന യോഗത്തില്‍ ബി.എസ്.പി അധ്യക്ഷ മായാവതി പങ്കെടുക്കില്ലെന്നു വിവരമുണ്ട്. കേന്ദ്രത്തിനെതിരായ പ്രതിപക്ഷത്തിന്റെ കൂട്ടായ്മയില്‍ പലപ്പോഴും മായാവതി ഉണ്ടാകാറില്ല. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിക്കുന്ന സാഹചര്യത്തിലായിരിക്കാം മായാവതി യോഗത്തില്‍ സംബന്ധിക്കാതിരിക്കുന്നതെന്നാണ് ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."