തീക്കനലിലും ഉറുമ്പ്; ചിരിപ്പിച്ച് റിയോയിലെ സുരക്ഷ: സുരക്ഷാ തലവനെ കൊള്ളയടിച്ച് മാതൃക
പയസിന്റെ തമാശയും റിയോയിലെ സുരക്ഷയും റിയോ ഡി ജനീറോയുടെ മേയര്‍ എഡ്വാര്‍ഡോ പയസ് ഒളിപിംക് ഉദ്ഘാടനത്തിന് ശേഷം ചോദിച്ച ചോദ്യം ഇതാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലമേതാണ്. കാണികള്‍ പയസിന്റെ ചോദ്യത്തെ ഗൗരവമായെടുക്കാത്തതിനാല്‍ ഉത്തരവും അദ്ദേഹം തന്നെ പറഞ്ഞു. റിയോ. ഉത്തരംകേട്ട പാടെ പലരും പറയാന്‍ തുടങ്ങി. ഇയാള്‍ക്കെന്താ വട്ടുണ്ടോ എന്ന്. ഇതു മനസിലാക്കിയിട്ടെന്നോണം പയസിന്റെ മറുപടിയും വന്നു. എനിക്ക് വട്ടൊന്നുമില്ല. ലണ്ടനെയും ബെയ്ജിങിനെയും കവച്ചു വയ്ക്കുന്ന സുരക്ഷയായിരിക്കും റിയോയില്‍ താരങ്ങളും സന്ദര്‍ശകര്‍ക്കും ലഭിക്കുക. പയസിന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രസ്താവന നാട്ടുകാരൊഴികെ ബാക്കിയെല്ലാവരും കണ്ണുമടച്ച് വിശ്വസിച്ചു. റിയോയില്‍ ആദ്യമെത്തിയവര്‍ക്ക് ചെറിയ തോതില്‍ പ്രശ്‌നങ്ങള്‍ സംഭവിച്ചിരുന്നതിനാല്‍ താരങ്ങള്‍ ബ്രസീല്‍ അധികൃതര്‍ക്ക് അക്രമങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് വിശ്വസിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ മേയര്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയതിനാല്‍ ഇനി പേടിക്കാനില്ലെന്നായിരുന്നു പുറത്തു നിന്നുള്ളവര്‍ വിശ്വസിച്ചിരുന്നത്.
എന്നാല്‍ വിശ്വാസമല്ലേ എല്ലാം എന്ന് പറഞ്ഞ മേയറുടെ വാക്കുകള്‍ വെള്ളത്തില്‍ വരച്ച വരയാണെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വ്യക്തമായി. മൂന്നിലധികം അക്രമ സംഭവങ്ങളാണ് റിയോയില്‍ നടന്നിരിക്കുന്നത്. ആദ്യത്തെ സംഭവമാണ് ഏറ്റവും രസകരം. ബ്രസീല്‍ നിയോഗിച്ച 85,000 സുരക്ഷാ ജീവനക്കാരുടെ തലവനായ ഫെലിപ്പ് സെയ്ക്‌സാസ് ആക്രമിക്കപ്പെട്ടിരുന്നു. രാത്രിയുള്ള സുരക്ഷാ പരിശോധയ്ക്കിടെ സെയ്ക്‌സാസിനെ ആയുധധാരികളായ നാലു പേര്‍ ചേര്‍ന്നാണത്രേ ആക്രമിച്ചത്.
അദ്ദേഹത്തിന് കാര്യമായ പരുക്കുണ്ട്. കൂടെയുണ്ടായിരുന്ന പൊലിസുകാരില്‍ കുറച്ചു പേര്‍ ഓടി രക്ഷപ്പെട്ടെന്നും വാര്‍ത്തയുണ്ട്. നല്ല പൊലിസുകാര്‍ ഇവര്‍ ശരിക്കും ജനസേവകര്‍ തന്നെ. എന്നാല്‍ കുറച്ചു പേര്‍ അക്രമികള്‍ക്കു നേരെ വെടിയുതിര്‍ത്തെന്നും ഇതിലൊരാള്‍ കൊല്ലപ്പെട്ടെന്നും പറയുന്നുണ്ട്. എന്തായാലും ഒരു വിധത്തിലാണ് സെയ്ക്‌സാസ് അവിടെ നിന്നും രക്ഷപ്പെട്ടത്. തിരിച്ചു വെടിയുതിര്‍ത്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അദ്ദേഹത്തിന്റെ ജീവന്‍ പോലും നഷ്ടപ്പെട്ടെനേ.
ഇത് മേയറുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടെന്നായിരുന്നു മറുപടി. അതോടൊപ്പം ഉപദേശവും. പൊലിസുകാര്‍ ഇങ്ങനെ പേടിച്ച് ജീവിക്കാതെ ഉശിരോടെ പോരാടണം എന്നായിരുന്നു ഉപദേശം. ഇത് കേട്ട് പൊലിസുകാരിലൊരുത്തന്‍ ചോദിച്ചത്രേ. പണിയെടുത്തതിന് ശമ്പളവുമില്ല, പോരാത്തതിന് നാട്ടുകാരുടെ തല്ലും വാങ്ങണോ എന്ന്.
എന്നാല്‍ കാര്യങ്ങള്‍ അവിടം കൊണ്ടൊന്നും അവസാനിച്ചില്ല. അടുത്ത പണി പോര്‍ച്ചുഗീസ് വിദ്യാഭ്യാസ മന്ത്രി തിയാഗോ ബ്രാന്‍ഡാവോ റോഡ്രിഗസിനും ഭാര്യ റിത്ത റോഗിനുമായിരുന്നു. ടീമിന്റെ സൈക്ലിങ് മത്സരമൊക്കെ കണ്ട് റൂമിലേക്ക് മടങ്ങുകയായിരുന്ന മന്ത്രിയെയും ഭാര്യയെയും കുറച്ചു പേര്‍ തടഞ്ഞു.
ഇവരോട് മന്ത്രി ചോദിച്ചു. പോര്‍ച്ചുഗലിന്റെ പ്രശ്‌നങ്ങള്‍ പറയാന്‍ വന്നതാണോ എന്ന്. ഉടനെ മന്ത്രിയെ തടഞ്ഞ സംഘം തോക്ക് കൈയിലെടുക്കുകയും മന്ത്രിയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന സകലതും കൊള്ളസംഘം കൊണ്ടുപോയി.
മന്ത്രി പരാതിപ്പെട്ടിട്ടും ഫലമൊന്നുമാണ്ടില്ല. മേയര്‍ മൗനവൃതത്തില്‍ എന്നാണ് അദ്ദേഹത്തിനോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പിന്നീട് മാധ്യമപ്രവര്‍ത്തകരും സന്ദര്‍ശകരുമാണ് കവര്‍ച്ചയ്ക്കിരയായത്. അവരുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നുണ്ട്.
റിയോയിലെ ഇത്തരം ദുരന്തകളില്‍ മറ്റുള്ളവര്‍ പ്രതികരിക്കാതിരുന്നത് കൊണ്ട് പ്രശ്‌നങ്ങള്‍ വഷളാവുന്നതാണ് കണ്ടത്. ഗ്രീക്ക് ടീമിന്റെ അധികൃതരില്‍ നിന്ന് 11,000 ഡോളറും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് കവര്‍ച്ചക്കാര്‍ കൊണ്ടുപോയത്. തൊട്ടുപിന്നാലെ തന്നെ പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥനും ഇതേ ദുരനുഭവം ഉണ്ടായി. കാമറയും ലാപ്‌ടോപുമാണ് അദ്ദേഹത്തിന് നഷട്‌പ്പെട്ടത്. ഈ ഉദ്യോഗസ്ഥന്‍ കവര്‍ച്ചയ്ക്കിരയാവുന്നത് തൊട്ടടുത്ത ഹോട്ടലിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.
എന്നാല്‍ ഈ ദൃശ്യങ്ങള്‍ കൈമാറില്ലെന്ന് ഹോട്ടലുകാര്‍ പി.ആര്‍ ഉദ്യോഗസ്ഥനെ അറിയിച്ചു. പൊലിസുദ്യോഗസ്ഥരുടെ ഇയാളെ കൈകവിട്ടു. വന്നു പെട്ടത് നരകത്തിലാണെന്നാണ് അദ്ദേഹം പറയുന്നത്.
റിയോയിലെ പ്രസിദ്ധമായ ബീച്ചാണ് എല്‍പാനമ ബീച്ച്. അക്രമസംഭവങ്ങളൊന്നും അറിയാതെ ഇവിടെ എത്തിയതായിരുന്നു ആസ്‌ത്രേലിയന്‍ തുഴച്ചില്‍ ടീമിന്റെ പരിശീലകര്‍. ഇരുട്ടില്‍ നിന്ന് ചാടി വീണ കുറച്ചുപേര്‍ ഇവരെയും കൊള്ളയടിച്ചു. എന്നാല്‍ പരിശീലകര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ അക്രമി സംഘം തോക്കു കൊണ്ട് മര്‍ദിച്ചിട്ടുണ്ട്. ടീമിന്റെ ജഴ്‌സി വരെ ഇവര്‍ കൊണ്ടു പോയെന്നാണ് റിപ്പോര്‍ട്ട്. ആസ്‌ത്രേലിയന്‍ ടീം ഇതിനെതിരേ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. തുടര്‍ന്ന് താരങ്ങളാരും രാത്രി പുറത്തിറങ്ങരുതെന്ന് റിയോ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷേ ഇത്രയൊക്കെയായിട്ടും റിയോയെ പുകഴ്ത്തിയ മേയര്‍ എന്തുകൊണ്ട് മിണ്ടുന്നില്ല എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."