ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നുസീറ്റും തൃണമൂലിന്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വാധീനത്തിന് യാതൊരു കുറവും വന്നിട്ടില്ലെന്ന് വ്യക്തമാക്കി ഉപതെരഞ്ഞെടുപ്പ് ഫലം. മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോള്‍ മൂന്നിടത്തും ഭരണകക്ഷിയായ തൃണമൂല്‍ വിജയിച്ചു. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ ഒരുസീറ്റ് നിലനിര്‍ത്തുകയും ചെയ്തു.
ഖരഗ്പുര്‍ സദര്‍, കാളിഗഞ്ച്, കരീംപൂര്‍ എന്നീ നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കരീംപൂര്‍ തൃണമൂലിന്റെ സിറ്റിങ് സീറ്റായിരുന്നു. ഖരഗ്പുര്‍ ബി.ജെ.പിയുടെയും കാളിഗഞ്ച് കോണ്‍ഗ്രസിന്റെയും സീറ്റായിരുന്നു. 30 വര്‍ഷമായി തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ഈ രണ്ടുമണ്ഡലത്തിലും വിജയിച്ചിട്ടില്ല. മൂന്നു മണ്ഡലങ്ങളിലും കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യംചേര്‍ന്നാണ് മത്സരിച്ചതെങ്കിലും മൂന്നിടത്തും സഖ്യം മൂന്നാംസ്ഥാനത്തെത്തി. ധാരണ പ്രകാരം കാളിഗഞ്ചിലും ഖരഗ്പുര്‍ സദറിലും കോണ്‍ഗ്രസും കരീംപൂരില്‍ സി.പി.എമ്മുമാണ് മത്സരിച്ചത്.
കാളിഗഞ്ചില്‍ തൃണമൂലിന്റെ തപന്‍ ദേവ് സിന്‍ഹ 2304 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിറ്റിങ് എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ പര്‍മതാ നാഥ് റേ നിര്യാതനായതിനെതുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കരീംപൂരില്‍ 23,650 ഉം ഖരഗ്പൂര്‍ സദറില്‍ 20,788 ഉം വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചത്. കരീംപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച തൃണമൂല്‍ നേതാവ് മെഹുവാ മൊയിത്രയും ഖരഗ്പുര്‍ സദറിനെ പ്രതിനിധീകരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും ലോക്‌സഭയിലേക്കു വിജയിച്ചതോടെയാണ് ഈ രണ്ടിടത്തും ഒഴിവുവന്നത്. പാര്‍ട്ടി അധ്യക്ഷന്റെ സിറ്റിങ് സീറ്റ് നഷ്ടമായത് ബി.ജെ.പിക്കേറ്റ പ്രഹരത്തിന് ശക്തികൂടുകയും ചെയ്തു
കാളിഗഞ്ചില്‍ തൃണമൂലിന് 97,417ഉം ബി.ജെ.പിക്ക് 94,999ഉം കോണ്‍ഗ്രസിന് 18,854ഉം വോട്ടുകളും ലഭിച്ചു.
കരീംപൂരില്‍ തൃണമൂലിന് 73,445ഉം ബി.ജെ.പിക്ക് 49795ഉം സി.പി.എമ്മിന് 13285ഉം വോട്ടുകള്‍ ലഭിച്ചു. ഖരഗ്പുര്‍ സദറില്‍ തൃണമൂലിന് 72,424 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് 51,613 വോട്ടുകളാണ് ലഭിച്ചത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 22,530 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.
അതേസമയം ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ പിത്തോറഗഡ് നിയമസഭാ മണ്ഡലം ബി.ജെ.പി നിലനിര്‍ത്തി. മന്ത്രി പ്രകാശ് പന്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വിധവ ചന്ദ്ര പന്താണ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."