തുലാമഴ ഇല്ല; നിളയിലെ നീരൊഴുക്ക് കുറഞ്ഞു, ജലസേചന പദ്ധതികള്‍ അവതാളത്തിലായി
പട്ടാമ്പി: നിളയിലെ നീരൊഴുക്ക് കുറഞ്ഞതും തുലാമഴ വിട്ടുനിന്നതും മൂലം ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ ചെങ്ങണാംകുന്ന്ജലസേചന പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. 60, 50 കുതിരശക്തിയുള്ള രണ്ട് മോട്ടോറുകള്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയും ചില സമയംരാത്രിയും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇപ്പോള്‍ വാള്‍വുകള്‍ പുഴവെള്ളത്തിനുമുകളില്‍ കാണുന്നനിലയിലാണ്.
ഞായറാഴ്ച പാടശേഖരസമിതികള്‍ തൊഴിലാളികളെക്കൊണ്ട് ചാലുകീറിച്ചും വെള്ളം കെട്ടിനിര്‍ത്തിച്ചും തത്കാലത്തേക്ക് ജലലഭ്യത ഉറപ്പാക്കി. വെള്ളത്തിന്റെ കുറവ് കൊണ്ടൂര്‍ക്കര, പാമ്പാടി, കണ്ടാറി, പാടശേഖരങ്ങളിലെ 200ഓളം കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കയാണ്. 2017ല്‍ ഭാരതപ്പുഴയില്‍ ഓങ്ങല്ലൂര്‍ പഞ്ചായത്ത് നിര്‍മിച്ച ജനകീയ തടയണ ഇക്കുറിയും ഡിസംബര്‍ രണ്ടാംവാരത്തിനുമുമ്പെങ്കിലും നിര്‍മിക്കണമെന്നാണ് കൊണ്ടൂര്‍ക്കര, പാമ്പാടി പാടശേഖരസമിതി സെക്രട്ടറിമാരായ കളത്തില്‍ മുസ്തഫയും കെ. മോഹനകൃഷ്ണനും പറയുന്നത്. കണ്ടാറിയില്‍ 80ഉം, പാമ്പാടിയില്‍ 200ഉം കൊണ്ടൂര്‍ക്കരയില്‍ 470ഉം ഏക്കര്‍ നെല്‍ക്കൃഷി ഇക്കുറി രണ്ടാംവിളയ്ക്കുണ്ട്. പട്ടാമ്പി ബ്ലോക്കിലെ ഏറ്റുവുമധികം നെല്‍ക്കൃഷിയുള്ള പഞ്ചായത്താണ് ഓങ്ങല്ലൂര്‍. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ മാത്രമേ മുഴുവനായും കൊയ്യുവാന്‍ കഴിയൂ. ഇക്കുറി പ്രളയത്തില്‍ ഏറ്റവുമധികം വിളഞ്ഞനെല്ല് ചീഞ്ഞുപോയത് ഈ പ്രദേശത്തായിരുന്നു. കനാല്‍ വ്യാപകമായി കുത്തൊഴുക്കില്‍ തകര്‍ന്നിരുന്നു. കര്‍ഷകര്‍ സ്വന്തം ചെലവില്‍ കനാലുകള്‍ നന്നാക്കുകയാണുണ്ടായത്. അതേ സമയം പള്ളിപ്രം പദ്ധതിക്കുതാഴെ 2016ല്‍ കെട്ടിയപോലെ ജനകീയ തടയണ കെട്ടുന്ന കാര്യം ഉടന്‍ പരിഗണിക്കും. അടുത്തവര്‍ഷം നിര്‍ദിഷ്ട ചെങ്ങണാംകുന്ന് റഗുലേറ്റര്‍ കമ്മിഷന്‍ ചെയ്യുന്നതോടെ ജലക്ഷാമം തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുഓങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."