HOME
DETAILS

തിരിതെളിഞ്ഞു

  
backup
November 28 2019 | 20:11 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81

കാഞ്ഞങ്ങാട്: ഒഴുകിയെത്തിയ ആയിരക്കണക്കിന് കലാസ്വാദകരെ സാക്ഷിയാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു. ഇനി കലയുടെ വിസ്മയങ്ങള്‍ പെയ്ത് നിറയുന്ന നാല് ദിനങ്ങള്‍.
പ്രധാനവേദിയായ ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയരക്ടര്‍ കെ. ജീവന്‍ ബാബു പതാക ഉയര്‍ത്തിയതോടെയാണ് കലാ മാമാങ്കത്തിന് തുടക്കമായത്.
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍, എം.സി ഖമറുദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പങ്കെടുത്തു. 28 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

കാസ്രോട്ടെ ആളെ
നിങ്ങ കണ്ട് ക്ക

കലോത്സവ ഉദ്ഘാടന വേദിയിലേക്ക് ഒഴുകിയെത്തിയത് കണക്കുകൂട്ടലുകള്‍ തെറ്റിച്ച ജനക്കൂട്ടം.രാവിലെ 9 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും രാവിലെ 7 മണി മുതല്‍ തന്നെ ഐങ്ങോത്തെ പ്രധാന വേദിയിലേക്ക് ആസ്വാദകര്‍ ഒഴുകിയെത്തി തുടങ്ങിയിരുന്നു.
മേള വിസ്മയം കഴിഞ്ഞ് സ്വാഗത ഗാനം ആരംഭിച്ചപ്പോഴേക്കും ആറായിരം കസേരകളും നിറഞ്ഞ് ആള്‍ക്കൂട്ടം കലോത്സവ നഗരിയില്‍ നിറഞ്ഞു. കലോത്സവം ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കടലിരമ്പം പോലെ ഒഴുകിയെത്തിയ ആള്‍ക്കൂട്ടം കലോത്സവത്തിന്റെ ചരിത്രമാണെന്ന് പറഞ്ഞു.
വേദി ഒന്നില്‍ മോഹിനിയാട്ട മത്സരം ആരംഭിച്ചത് 11.30 ഓടെയാണ്. അപ്പോഴും പി.കുഞ്ഞിരാമന്‍ നായരുടെ പേരില്‍ ഒരുക്കിയ പ്രധാന വേദിയില്‍ ആസ്വാദക പ്രവാഹമായിരുന്നു

 

കലയുടെ വരവും
അവധിയുടെ ബാക്കിയും
സ്വന്തം ലേഖകന്‍
കാഞ്ഞങ്ങാട് : കലയുടെ വരവിനൊപ്പം അവധിയുടെ നീക്കിയിരിപ്പ് ഉപയോഗിച്ച് സംസ്ഥാന കലോത്സവം അതിഗംഭീരമാക്കാനാണ് വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍. സാധാരണ ലഭിക്കുന്ന അവധിയ്ക്ക് പുറമേ ലഭിക്കുന്ന അവധികള്‍ പലരും ഒന്നിച്ച് എടുക്കാറില്ല. ഡിസംബറില്‍ ഈ വര്‍ഷത്തെ അവധികള്‍ മുഴുവന്‍ എടുത്ത് തീര്‍ക്കേണ്ടതുണ്ട്. അതിനാല്‍ ബാക്കിയുള്ള അവധികള്‍ ഉപയോഗിച്ച് കലോത്സവം കലക്കി കളയാമെന്ന ചിന്തയിലാണ് ഒട്ടുമിക്ക സര്‍ക്കാര്‍ ജീവനക്കാരും. 29, 30 തീയ്യതികളില്‍ അവധിയെടുത്താല്‍ പിന്നൊരു ഞായറാഴ്ച്ച കൂടി അവധിയുണ്ട്. കുടുംബത്തോടെ നന്നായി തന്നെ കലോത്സവം ആസ്വദിക്കാനും ആഘോഷിക്കാനുമാണ് ബാക്കി വന്ന അവധി ദിനങ്ങള്‍ പലരും ഉപയോഗിക്കും.
ഉള്ള അവധികള്‍ ഉപയോഗിച്ചാല്‍ തന്നെ പലര്‍ക്കും രണ്ടാഴ്ച്ചത്തെ അവധിയെങ്കിലും ബാക്കിയുണ്ടാവേണ്ടതാണ്. പലരും വര്‍ഷാവസാനം അവധികള്‍ കൂട്ടത്തോടെയെടുത്ത് അവധി ഉപയോഗിക്കാറാണ് പതിവ്. എന്നാല്‍ ഇക്കുറി കലോത്സവം നവംബര്‍ അവസാനമെത്തിയത് പലരും കൃത്യമായി ഉപയോഗിക്കുകയാണ്. ബാക്കി വരുന്ന അവധി ദിനമുപയോഗിച്ച് 28 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ കലോത്സവം കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ് മിക്കവരുടെയും തീരുമാനം. തലസ്ഥാനത്തു നിന്നടക്കം കാസര്‍കോട് വന്നു താമസിച്ച് ജോലി ചെയ്യുന്ന നിരവധി പേരുണ്ട്.
ഇവരെല്ലാം എല്ലാ കാലവും നീണ്ട അവധി ഉപയോഗിച്ച് നാട്ടില്‍ പോവുകയാണ് പതിവ്. കുടുംബത്തോടൊപ്പം കഴിയാനായി നാട്ടിലേക്ക് പോകുന്നവര്‍ ഇക്കുറി കലോത്സവം ഗംഭീരമാക്കാന്‍ കുടുംബത്തെ കാസര്‍കോടേക്ക് വരുത്തിച്ചിരിക്കുകയാണ്. അധ്യാപകര്‍ക്ക് കലോത്സവ ഡ്യൂട്ടിയുള്ളതിനാല്‍ അവര്‍ക്ക് അവധി ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ മറ്റു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതു വീണുകിട്ടിയ സുവര്‍ണാവസരമായി. ചുരുക്കത്തില്‍ ഇനി വരുന്ന രണ്ടുനാള്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നിലയില്‍ വന്‍ കുറവുണ്ടാകും.

'കലയങ്ങാടി '
നിറഞ്ഞ്
മണിമുത്തുകള്‍

വി.കെ പ്രദീപ്
കലയുടെ പൊന്‍പ്രഭ വിതറുന്ന മണിമുത്തുകള്‍ കലയങ്ങാടികള്‍ നിറഞ്ഞു. 14 ജില്ലകളില്‍ നിന്നെത്തിയ കേരളത്തിന്റെ കലാ കൗമാരത്തിന്റെ നിറവസന്തം ഒരോ വേദിയിലും മാറ്റുരച്ചു തുടങ്ങി. തേജ്വസിനി പുഴ കടന്ന് ചിലര്‍ നീലേശ്വരത്തേക്ക്, ചന്ദ്രഗിരി കടന്ന് ചിലര്‍ അജാനൂരിലേക്ക്, കാഞ്ഞങ്ങാടിറങ്ങി പല ഗ്രാമവേദികളിലേക്ക്. എല്ലാ വഴികളും ഒരിടത്തേക്കല്ല, പല വേദികളിലേക്ക്. കാഞ്ഞങ്ങാട് , നീലേശ്വരം നഗരസഭകളിലെയും അജാനൂര്‍ പഞ്ചായത്തിലെയും വിവിധ പ്രദേശങ്ങളിലെ കലയങ്ങാടികള്‍ നിറച്ച് 28 വര്‍ഷമായി കേരളം കാത്തുവെച്ച കൗമാര കല കൊലുസണിഞ്ഞു. നീലേശ്വരം മുതല്‍ അജാനൂര്‍ വരെയുള്ള വേദികള്‍ താളമേള മുഖരിതം. കാഞ്ഞങ്ങാട് നഗരം ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയം. 60ാമത് സ്‌കൂള്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം. രാവിലെ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ കെ. ജീവന്‍ബാബു പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവത്തിന് തുടക്കമായത്.
കലോത്സവം തുടങ്ങിയ ഇന്നു രാവിലെ മുതല്‍ കാഞ്ഞങ്ങാടേക്കുള്ള എല്ലാ വഴികളിലും കലയുടെ മര്‍മരമുണ്ടായിരുന്നു. ട്രെയിനുകളിലും ബസ്സുകളിലും സ്വകാര്യവാഹനങ്ങളിലും ചെറുപൂരങ്ങളുടെ വരവായിരുന്നു. മത്സരാര്‍ഥികളും ആസ്വാദകരും മഹാകവി പി.യുടെ കളിത്തട്ടിലേക്ക് വന്നിറങ്ങി. ഇനി നാലുനാള്‍ കാഞ്ഞങ്ങാടിനു കലയുടെ പൂരക്കാലമെന്ന് വിളിച്ചോതി വേദികള്‍ ഉണര്‍ന്നതോടെ തെയ്യങ്ങളുടെ നാട്ടില്‍ ഇനി കലയുടെ പെരുങ്കളിയാട്ടം.
ഐങ്ങോത്തെ പ്രധാന വേദിയായ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ നഗരിയിലെ ആറായിരം പേര്‍ക്കിരിക്കാവുന്ന വേദി രാവിലെ നിറഞ്ഞു കവിഞ്ഞു. മോഹിനിമാര്‍ ലാസ്യഭാവവുമായി വേദിയിലെത്തിയപ്പോള്‍ കണ്ടിരുന്ന് ആസ്വദിക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നീ നൃത്തയിനങ്ങള്‍ ഇന്നു തന്നെ അരങ്ങിലെത്തി. നീലേശ്വരം രാജാസിലെ വേദിയില്‍ ജനപ്രിയ ഇനമായ മോണോ ആക്ട് ആസ്വദിക്കാന്‍ എത്തിയത് ആയിരങ്ങള്‍. പടന്നക്കാട് കാര്‍ഷിക കോളജിലെ വേദിയില്‍ വടക്കെ മലബാറിലെ തനതുകലയായ പൂരക്കളി അരങ്ങേറിയത് ജനനിബിഡമായ ആസ്വാദക വൃന്ദത്തിന് നടുവില്‍. ഇന്നു കൊടിയേറിയ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഡിസംബര്‍ ഒന്നിനു സമാപനമാവും. കാഞ്ഞങ്ങാടെയും നീലേശ്വരത്തെയും അജാനൂരിലെയും കലയങ്ങാടികളിലെ സംസാരം മുഴുവന്‍ കലയുമായി ബന്ധപ്പെട്ടു മാത്രം. 117 കിലോയുടെ സ്വര്‍ണകപ്പിനെ കുറിച്ച് ചിലര്‍ വാചാലരാവുമ്പോള്‍ കിരീടമണിയാന്‍ കച്ചകെട്ടിയ ജില്ലകളെ കുറിച്ചാണ് ചിലരുടെ ചര്‍ച്ച. കാസര്‍കോടെ ഭാഷാ വ്യത്യാസങ്ങളെയും വൈവിധ്യങ്ങളെയും കുറിച്ച് പലര്‍ക്കും എത്ര ചര്‍ച്ച ചെയ്താലും മതിയാവുന്നില്ല. ഇന്നു തുറന്നു വെച്ച കലയങ്ങാടികള്‍ ഇനി നാലുനാള്‍ ്അടയുകയേയില്ല. ആസ്വാദനത്തിന്റെ മധു വരുന്ന എത്രയോ കാലങ്ങളിലേക്ക് പകര്‍ന്ന് നല്‍കും ഈ കലയങ്ങാടികള്‍. വര്‍ഷമെത്ര പോയാലും ഓര്‍മ്മകളില്‍ അലയടിക്കും ഈ കലയങ്ങാടിയുടെ മധുരം.


ഒന്നില്‍ നിന്ന് 60 ലേക്ക്
ടി.കെ ജോഷി
1957 ജനുവരി 26 എറണാകുളം ഗേള്‍സ് ഹൈസ്‌കൂളിലാണ് ആദ്യ കലോത്സവത്തിന് തിരി തെളിഞ്ഞത്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു വേണ്ടിയുള്ള സമരം തലസ്ഥാനത്ത് കൊടുമ്പിരി കൊള്ളുന്നതിനാല്‍ മേള അവസാന നിമിഷം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. 60 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 400 ഓളം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത ആദ്യമേളയില്‍ 12 ഇനങ്ങളിലായി 18 മത്സരങ്ങള്‍ ഉണ്ടായിരുന്നു. പ്രസംഗം, പദ്യപാരായണം, ഉപകരണ സംഗിതം, വായ്പാട്ട്, ഏകാംഗ നൃത്തം, കരകൗശല പ്രദര്‍ശനം, കലാപ്രദര്‍ശനം, സംഘഗാനം, സംഘനൃത്തം, നാടകം, ടാബ്ലോ, ഷാഡോ പ്ലേ എന്നിവയായിരുന്നു ഇനങ്ങള്‍. ഇതില്‍ പ്രസംഗം, പദ്യപാരായണം, ഉപകരണ സംഗീതം, വായ്പാട്ട്, ഏകാംഗ നൃത്തം, നാടകം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരമുണ്ടായിരുന്നു. ഊട്ടുപുരയോ അടുക്കളയോ ഉണ്ടായിരുന്നില്ല. മത്സരാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സമീപത്തെ ഹോട്ടലിലേക്ക് ടോക്കണ്‍ കൊടുക്കുകയായിരുന്നു.
യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് യാത്രാ പടി കൊടുത്തിരുന്നു. ബസ് ചാര്‍ജോ മൂന്നാം ക്ലാസ് ട്രെയിന്‍ ചാര്‍ജോ ആയിരുന്നു നല്‍കിയിരുന്നത്. 12 മണിക്കൂറിലധികം യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് ഭക്ഷണ ചെലവിനാമി ഒരു രൂപാ വീതം നല്‍കിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഡോ. വെങ്കിടേശ്വരന്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റായി വിജയികള്‍ക്ക് നല്‍കിയത്.

 


വന്നോരെല്ലാം
പറഞ്ഞു ജോറന്നെ...
ഭാഷാ വൈവിധ്യത്തിന്റെയും സാംസ്‌കാരിക പെരുമയുടെയും മണ്ണിലേക്ക് വിരുന്നെത്തിയ കലോത്സവത്തിലേക്ക് സ്വാഗതമോതി തകര്‍പ്പന്‍ ദൃശ്യ ശ്രാവ്യ വിസ്മയം. ഇരുപത് മിനുട്ടോളം നീണ്ട സ്വാഗത ഗാനവും ദൃശ്യാവിഷ്‌കാരവും കാസര്‍കോഡിന്റെ തനിമ വിളിച്ചോതുന്നതായി. മഹാകവി കുട്ടമത്തിന്റെ ചെറുമകന്‍ കെ.വി. മണികണ്ഠദാസിന്റെതാണ് സ്വാഗതഗാന ത്തിന്റെ വരികള്‍. സപ്തഭാഷാഭൂമിയെ പ്രകീര്‍ത്തിച്ചും പ്രാചീന നാട്ടു ചരിത്രത്തെ സ്മരിച്ചും കാസര്‍കോടന്‍ മണ്ണില്‍ പിറന്ന സാംസ്‌കാരിക പ്രതിഭകളെ അടയാളപ്പെടുത്തിയും ആണ് സ്വാഗതഗാനം അതിഥികളെ സ്വാഗതം ചെയ്തത്.
സ്വാഗത ഗാനത്തിന് സംഗീതം നല്‍കിയത് പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനാണ്. 60 ഓളം അധ്യാപകര്‍ ചേര്‍ന്നാണ് സ്വാഗത ഗാനം ആലപിച്ചത്. കുട്ടികള്‍ അവതരിപ്പിച്ച കലകളുടെ വൈവിധ്യങ്ങള്‍ സ്വാഗതഗാനത്തെ നയന മനോഹരമാക്കി.

അപ്പീല്‍ കുറഞ്ഞത് ആശ്വാസം: മന്ത്രി
കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇക്കുറി അപ്പീലുകളില്‍ വന്ന കുറവ് ആശ്വാസമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞു. കലോത്സവത്തില്‍ സമയക്രമം കൃത്യമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമയക്രമം കൃത്യമായി പാലിച്ചില്ലെങ്കില്‍ മത്സരക്രമം ആകപ്പാടെ തെറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ചാക്യാര്‍മാര്‍
കുറയുന്നുവോ
നിസാം കെ. അബ്ദുല്ല

കാഞ്ഞങ്ങാട്: ഒരു കാലത്ത് സമൂഹത്തിലെ അരാജകത്വങ്ങള്‍ക്കെതിരെ രാജ കൊട്ടാരങ്ങളിലും മറ്റും ആക്ഷേപഹാസ്യത്തിലൂടെ പ്രതികരിച്ചിരുന്ന ചാക്യാന്‍മാരുടെ പിന്‍മുറക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവോ?. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം മത്സരാര്‍ഥികളുടെ എണ്ണത്തിലെ കുറവാണ് കാണികളില്‍ ഇങ്ങിനെയൊരു സംശയത്തിന് ഇടയാക്കിയത്.
14 ജില്ലകളെ പ്രതിനിധീകരിച്ച് ഒന്‍പത് മത്സരാര്‍ഥികള്‍ മാത്രമാണ് സംസ്ഥാന കലോത്സവത്തിനെത്തിയത്. അതില്‍ തന്നെ പലരും ജില്ലാ തലങ്ങളില്‍ എതിരാളികളില്ലാതെ മത്സരിക്കേണ്ടി വന്നവരാണ്. സംസ്ഥാന തലത്തില്‍ എത്തുമ്പോഴേക്ക് ഏതാണ്ട് അര ലക്ഷത്തിന് മുകളിലാണ് രക്ഷിതാക്കള്‍ക്ക് ചിലവ് വരുന്നത്.
സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങള്‍ക്ക് ഈ ചിലവ് ബാലികേറാ മലയായതാണ് മത്സരാര്‍ഥികളുടെ എണ്ണത്തില്‍ ഇത്ര കുറവുണ്ടാകാന്‍ കാരണമെന്നും പറയപ്പെടുന്നു. എങ്കിലും കൂത്തില്‍ നിന്നും പരിണാമം കൊണ്ട ചാക്യാര്‍കൂത്ത് കലാകാരന്‍മാര്‍ ശുഷ്‌കമായ സദസിന് മുന്നിലും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. രാമായണത്തിലെയും മഹാഭാരതത്തിലെയും വിവിധ ഭാഗങ്ങളിലെ സംഭവ വികാസങ്ങള്‍ തന്‍മയത്തത്തോടെയും സരസമായും അവതരിപ്പിച്ച് കൈയടി നേടിയാണ് ഓരോ കലാകാരന്‍മാരും വേദി വിട്ടത്.


അബ്ദുല്ലായ്ച്ച വേണമായിരുന്നു;
60ാമത് കലോത്സവം പൊലിപ്പിക്കാന്‍
ശക്കീബ് മുഹമ്മദ്
കാഞ്ഞങ്ങാട്: ചെമ്മനാട്ടെ നെച്ചിപ്പടുപ്പിലെ ചന്ദ്രഗിരിയുടെ പഴയ കടത്തുകാരന്‍ തോണി അബ്ദുല്ലായ്ച്ചയുടെ കഥയാണിത്. 1991 ല്‍ കാസര്‍കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മത്സരാര്‍ഥികളുടെ ഒരു സ്റ്റേജ് തന്നെയായിരുന്നു അബ്ദുല്ലായ്ച്ചയുടെ തോണി. സംസ്ഥാനത്തിന്റെ പല ജില്ലകളില്‍ നിന്നുമെത്തുന്നവര്‍ അബ്ദുല്ലായ്ച്ചയുടെ തോണിയിലായിരുന്നു കയറിയിരുന്നത്. പിന്നെ ചന്ദ്രഗിരിപ്പുഴയുടെ ഇപ്പുറത്ത് നിന്നും മറുകരയെത്തുന്നത് വരെ തോണിയില്‍വച്ച് പരിശീലനമായിരിക്കും. കോല്‍ക്കളിപ്പാട്ടും ഒപ്പനയുടെ താളവുമായി മൊത്തം ഓളമായിരിക്കും മറുകരയെത്തുന്നത് വരെ. മത്സരാര്‍ഥികളുടെ താളത്തിനൊത്ത് അബ്ദുല്ലായ്ച്ചയും ഒത്തു ചേരും. തോണിക്കാരന്‍ അബ്ദുല്ലായ്ച്ച അറിയാവുന്ന മാപ്പിളപ്പാട്ടുകളും ഇശല്‍ ബൈത്തുകളും മത്സരാര്‍ഥികളുമായി ഒത്തുചേര്‍ന്ന് കൈമുട്ടിപ്പാടും. താളിപ്പടുപ്പ് മൈതാനമായിരുന്നു 1991 ലെ കലോത്സവത്തിലെ പ്രധാന വേദി.
ചന്ദ്രഗിരി പാലം വരുന്നതിന് മുമ്പ് കടത്തുവഴിയായിരുന്നു പ്രധാന ഗതാഗത മാര്‍ഗം. ചന്ദ്രഗിരി പുഴയുടെ തീരത്ത് ഒരുപാട് കടത്തുകാരുണ്ടെങ്കിലും അബ്ദുല്ലായ്ച്ചയോടായിരുന്നു മത്സരാര്‍ഥികള്‍ക്ക് കൂടുതലും പ്രിയം. ചന്ദ്രഗിരി പാലം വരുന്നതിന് മുന്‍പ് ചെമ്മനാട്ടെ കടവില്‍ നിന്നും മറ്റിടങ്ങളിലേക്കും യാത്രക്കാരെ കൊണ്ടുപോയിരുന്ന കടത്തുകാരില്‍ ഏറ്റവും അവസാനം വിട പറഞ്ഞയാളായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു അബ്ദുല്ലായ്ച്ച അസുഖബാധിതനായി മരണപ്പെട്ടത്. ഏകദേശം 25 വര്‍ഷം മുന്‍പാണ് ചന്ദ്രഗിരി പാലം പണി പൂര്‍ത്തിയാകുന്നത്. തന്റെ ഇരുപതാമത്തെ വയസിലാണ് കടത്തുകാരനായി വരുന്നത്. സ്വന്തമായി തോണിയില്ലാത്തതിനാല്‍ വാടകക്കെടുത്ത തോണിയാണ് ഉപയോഗിച്ചിരുന്നത്.
അന്ന് കടത്തുകൂലി നിശ്ചയിക്കാനുള്ള അധികാരമുണ്ടായിരുന്നത് ചെമ്മനാട് ജമാഅത്തിനായിരുന്നു. മഹല്ല് ജമാഅത്ത് നിശ്ചയിക്കുന്ന ഒരു തുകയുടെ ലിസ്റ്റ് കടവുകാര്‍ക്ക് നല്‍കും. അതനുസരിച്ചാണ് കടവുകാര്‍ കൂലി വാങ്ങിക്കുന്നത്. അഞ്ച് പൈസയാണ് ജമാഅത്തുകാര്‍ നിശ്ചയിച്ച തുകയെങ്കിലും വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായാണ് യാത്ര അനുവദിച്ചിരുന്നത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് എത്തിയ മത്സരാര്‍ഥികള്‍ക്ക് പുറമെ കടവത്ത് സ്‌കൂളിലേക്കായിരിക്കും വിദ്യാര്‍ഥികള്‍ കൂടുതലുണ്ടായിരുന്നത്. തളങ്കര മുസ്‌ലിം സ്‌കൂളില്‍ ഹൈസ്‌കൂള്‍ വന്നപ്പോള്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചു. എണ്ണം വര്‍ധിച്ചുവെങ്കിലും ജമാഅത്ത് കമ്മിറ്റി കുട്ടികളുടെ സൗജന്യ യാത്ര ഒഴിവാക്കിയതുമില്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തിയവര്‍ക്കും ചെറിയ നിരക്കിലായിരുന്നു അബ്ദുല്ലായ്ച്ച അവരെ കരക്കെത്തിച്ചിരുന്നത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാളുകളില്‍ രാവിലെ നാലു മണിക്ക് വീട്ടില്‍ നിന്നിറങ്ങും. പിന്നെ വീട്ടിലേക്ക് തിരിച്ചു വരുന്നത് രാത്രി വൈകിയാണ്. ഒരു ദിവസത്തെ കലക്ഷനായി 40 രൂപയോ 60 രൂപയോ ലഭിക്കും. മാസത്തില്‍ 100 രൂപയാണ് തോണിയുടമക്ക് നല്‍കേണ്ടിയിരുന്നത്.രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയ സി.എച്ച് മുഹമ്മദ് കോയ, ബനാത്ത്വാല, സേട്ടുസാഹിബ് തുടങ്ങിയവരെ തോണിയില്‍ കടവ് കടത്തിയതും ഇദ്ദേഹമായിരുന്നു. കാഞ്ഞങ്ങാട് നടക്കുന്ന അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്തവത്തിന് ചെമ്മനാട്ടുകാരന്‍ അബ്ദുല്ലായ്ച്ചയും കൂടി വേണമായിരുന്നുവെന്നാണ് 1991 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സാക്ഷിയായ പഴയ കാല അധ്യാപകര്‍ പറയുന്നു.

ദുനിയാബിലെ ഏറ്റോം
ബെലിയെ പരിപാടി ഈടെ
നടക്ക്ന്ന് എല്ലാരെം ബിളിക്ക്ന്ന്....

പി.കെ മുഹമ്മദ് ഹാത്തിഫ്
ഇബലെല്ലാ സ്റ്റേജില്‍ കളിക്കണ്ടത്... ഇബലെല്ലോ ഏടപ്പോയേ... ഉദ്ഘാടനച്ചടങ്ങിനായി സദസെേില വി.ഐ.പി ഇരിപ്പിടത്തില്‍ അതിഥികള്‍ കൃത്യം ഒമ്പത് മണിക്കെത്തിയെങ്കിലും സ്വാഗത ഗാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാന്‍ വൈകിയപ്പോള്‍ സദസിലുള്ളവരുടെ പ്രതികരണമാണിത്. 9.33 ഓടെ കലോത്സവത്തിന്റെ സ്വാഗതഗാനം ആരംഭിച്ചു. കാസര്‍ഗോഡിന്റെ തനത് കലാരൂപങ്ങള്‍ അണിനിരത്തി നൃത്താവിഷ്‌കാരത്തോടെയാണ് സ്വാഗതഗാനം അരങ്ങേറിയത്. കാസര്‍ഗോഡ് ജില്ലയിലെ 60 അധ്യാപകരാണ് ഗാനത്തിന് ശബ്ദം നല്‍കിയത്. 15 മിനുട്ട് ദൈര്‍ഘ്യമുള്ള ഗാനം മഹാകവി കുട്ടമ്മത്തിന്റെ ചെറുമകനും അധ്യാപകനുമായ കെ.പി മണികണ്ഠദാസാണ് രചിച്ചത്. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതസംവിധാനവും, രാധാകൃഷ്ണന്‍ മാണിക്കോത്ത് രംഗാവിഷ്‌കാരം, സതീഷ് കണ്ണൂര്‍ നൃത്താവിഷ്‌കാരവും നിര്‍വഹിച്ചു.

സ്പീക്കര്‍

മതിലുകളെല്ലാം ഇടിഞ്ഞ്,
മനസിന്റെ അതിരുകള്‍
ആകാശമാവുമെന്ന്...
ഒ.എന്‍.വി കുറുപ്പിന്റെ കവിത ചൊല്ലിയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്തത്.
കലോത്സവങ്ങള്‍ കലകളുടെയും സര്‍ഗഭാവങ്ങളുടെയും അസാധാരാണ സംഗമഭൂമിയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക ഊര്‍ജത്തിന്റെ ഉറവ വറ്റാത്ത ആഘോഷമാണ് കലോത്സവങ്ങളെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.

ജയസൂര്യ

സ്‌കൂള്‍ കാലത്തെ ഓര്‍മകള്‍ അയവിറക്കി കലോത്സവ വേദിയില്‍ ചലച്ചിത്രതാരം നടന്‍ ജയസൂര്യ. ഈ കലോത്സവ വേദി കാണുമ്പോള്‍ എനിക്കെന്റെ സ്‌കൂള്‍ കാലത്തെ കലോത്സവങ്ങളാണ് ഓര്‍മ വരുന്നത്. അന്ന് കലോത്സവത്തില്‍ സംസ്‌കൃത നാടകത്തിലായിരുന്നു അഭിനയിച്ചിരുന്നത്. രണ്ടാം സ്ഥാനമായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചത്. ഓര്‍മകള്‍ അയവിറക്കിയപ്പോള്‍ സദസ് മുഴുവന്‍ കരഘോഷത്താല്‍ അത് സ്വീകരിച്ചു.മുഖ്യാതിഥിയായി പ്രഭാഷണം നടത്തുന്നതിനിടെയാണ് അദ്ദേഹം തന്റെ കുട്ടിക്കാല ഓര്‍മകള്‍ സദസിന് മുമ്പില്‍ പങ്കുവെച്ചത്.

കടന്നപ്പള്ളി രാമചന്ദ്രന്‍
പ്രസംഗിക്കാതെ പാട്ടുപാടിയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ താരമായത്.
കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ട് നിസ്‌കരിച്ചാലും... കാണുന്നതും ഒന്ന്, കേള്‍ക്കുന്നതും ഒന്ന്, കരുണാമയനായ ദൈവമൊന്ന്... മന്ത്രിയുടെ പാട്ടിനൊപ്പം നിറഞ്ഞു കവിഞ്ഞ സദസും കൈത്താളം പിടിച്ചു. മുഴുവന്‍ പാട്ടും പാടി മൈക്ക് തിരികെ വെക്കുമ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് മന്ത്രിയുടെ പാട്ടിന് പിന്തുണ നല്‍കിയത്.

ആരംഭിച്ചത് 9.49 ന്
9.49 ന് കെ.ഷാജഹാന്‍ ഐ.എ.എസ് സ്വാഗതം പറഞ്ഞതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനായി.
പൊതുവിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എം.സി ഖമറുദ്ധീന്‍, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, എന്‍.എ നെല്ലിക്കുന്ന്, ജില്ലാ കലക്ടര്‍ സരിത് ജോസഫ്, പൊലിസ് മേധാവി ജയിംസ് ജോസഫ്, പി.പി രമേശന്‍, കെ.പി ജയരാജന്‍, ബീഫാത്തിമ ഇബ്രാഹിം, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.


രാജാസിലെ
പ്രജാക്ഷേമം
കാഞ്ഞങ്ങാട്: കുറേ ആളുകളും പൊലിസുകാരെയും കണ്ട് ഒരു പിടി ഉച്ച ഭക്ഷണം കിട്ടുമെന്ന് വിചാരിച്ച് കയറിയതാ ലക്ഷ്മണനെന്ന വയോധികന്‍. പക്ഷെ ഒന്നും കിട്ടിയില്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലും അഞ്ചും വേദികള്‍ നീലേശ്വരം രാജാസ് സ്‌കൂളിലാണ്.
വട്ടപ്പാട്ടും ഏകാഭിനയവും നടക്കുന്നത് ഇവിടെയാണ്. ക്ഷേത്രങ്ങളിലും വെള്ളാട്ടം നടക്കുന്ന വീടുകളിലും കയറി ഭക്ഷണം കഴിക്കുന്ന ലക്ഷ്മണന്‍ രാജാസ് സ്‌കൂളിലെ ആള്‍കൂട്ടം കണ്ട് ഭക്ഷണത്തിനായി കയറിയതായിരുന്നു. ഭക്ഷണം കിട്ടാതെ വന്നതോടെ ആരോരും ശ്രദ്ധിക്കാതെ സ്‌കൂള്‍ വരാന്തയില്‍ തളര്‍ന്നിരുന്നു. വൈകിട്ടോടെ സ്‌കൂളിലെ മൂന്ന് പൂര്‍വ വിദ്യാര്‍ഥിനികളാണ് ലക്ഷ്മണനെ ശ്രദ്ധിക്കുന്നത്. വിദ്യാര്‍ഥിനികള്‍ ലക്ഷ്മണന് കുടിക്കാന്‍ വെള്ളവും ചായയും കൊടുത്തു. ചൂട് ചായ ആര്‍ത്തിയോടെ കുടിച്ച ലക്ഷ്മണന് ആല്‍പം ജീവന്‍ വച്ചതോടെ ചിരിച്ചുകൊണ്ട് ഒരു കമന്റും പറഞ്ഞു. പഴയകാലത്തെ രാജാക്കന്‍മാരുടെ സ്‌കൂളല്ലേ പ്രജാ ക്ഷേമമെന്ന്.


അധികൃതര്‍ മൗനം കൊണ്ടു മറയിട്ടു
എങ്കിലും ഉദ്ഘാടന
ചടങ്ങില്‍ ഷഹ്‌ലയുടെ ഓര്‍മകളെത്തി
കാഞ്ഞങ്ങാട്: ഷഹ്‌ലയെ കേരളത്തിന് അത്രവേഗം മറക്കാനാവില്ല. കലോത്സവ കാഴ്ചകളിലോ ആരവങ്ങളിലോ അലിഞ്ഞില്ലാതാകുന്നതല്ല ആ അഞ്ചാം ക്ലാസുകാരിയുടെ അനുഭവം. വയനാട് സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച കേരളത്തിന്റെ നൊമ്പരമായി മാറിയ ഷഹ്‌ലയെ പക്ഷെ അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി മറന്നു. അധികൃതര്‍ ഷഹ്‌ലയുടെ ഓര്‍മകള്‍ക്ക് മൗനം കൊണ്ടു മറയിട്ടപ്പോള്‍ രാജ്്‌മോഹന്‍ എം.പി മാത്രം ആ കുരുന്നിനെ അനുസ്മരിച്ചു. ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥോ ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനോ ഷഹ്‌ലയുടെ രക്തസാക്ഷിത്വത്തില്‍ നിന്നുള്ള പാഠം അധ്യാപക സമൂഹത്തിന് പകര്‍ന്ന് നല്‍കാന്‍ ശ്രമിച്ചില്ല.
മുഖ്യപ്രഭാഷണത്തിനിടെയാണ് വേദിയിലെ പ്രമുഖരെ അഭിസംബോധന ചെയ്ത ശേഷം ഷഹ്‌ലയെയും പാലയില്‍ നടന്ന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റിനിടയില്‍ ഹാമര്‍ തലയില്‍ പതിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണും ഉണ്ണിത്താന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. കളിക്കുന്നതിനിടെ തലയില്‍ പട്ടിക കഷണം വീണ് മരിച്ച വിദ്യാര്‍ഥി നവനീതിനും അദ്ദേഹം ആദരാഞ്ജലികളര്‍പ്പിച്ചു. ഉണ്ണിത്താന്റെ വികാരനിര്‍ഭരമായ പ്രസംഗം കേട്ട് സദസും ഒരു നിമിഷം നിശബ്ദമായി. അതായിരിക്കാം കലോത്സവ നഗരി ഷഹ്‌ലക്ക് നല്‍കിയ ആദരാഞ്ജലി. എങ്കിലും കലോത്സവ സദസും പ്രതീക്ഷിച്ചിരിക്കാം പ്രൗഢമായ ഈ കലോത്സവ വേദി ഉദ്ഘാടന ചടങ്ങില്‍ ഒരു മിനിറ്റ് ഈ കുരുന്നുകള്‍ക്കായി നിശബ്ദമാകുമെന്ന്.


വൈകിക്കിട്ടിയ അപ്പീല്‍,
ഗതാഗത കുരുക്കും, ഒടുവില്‍
അഭിനയിച്ച് നേടി സിദ്ധാര്‍ഥ്

കാഞ്ഞങ്ങാട്: അപ്പീല്‍ അനുവദിച്ചു കിട്ടുമ്പോള്‍ ഏറെ വൈകി. കിട്ടിയ അപ്പീലുമായി അപ്പീല്‍ കമ്മിറ്റിക്ക് മുന്‍പാകെ എത്തി. അവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള രജിസ്‌ട്രേഷന്‍ നടക്കുന്ന ദുര്‍ഗാ സ്‌കൂളിലേക്ക് അവിടെ നിന്നും ഹൈസ്‌കൂള്‍ വിഭാഗം ഏകാഭിനയ മത്സരം നടക്കുന്ന ആറു കിലോമീറ്റര്‍ അപ്പുറത്തുള്ള രാജാസ് സ്‌കൂളിലേക്ക്. ഇവിടെയും സിദ്ധാര്‍ഥിനെ ഗതാഗത കുരുക്കില്‍ മുറുക്കി. ഏറെ വൈകി രാജാസിലെത്തിയപ്പോള്‍ മത്സരം കഴിഞ്ഞു. മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സ്റ്റേജ് കമ്മിറ്റിയും അറിയിച്ചതോടെ സിദ്ധാര്‍ഥ് നിരാശനായി. തന്റേതല്ലാത്ത കുറ്റത്തിന് എന്നെ എന്തിന് മത്സരത്തിന് പങ്കെടുപ്പിക്കാതിരിക്കണമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പലരും ഒത്തുകൂടി. ഒടുവില്‍ ബന്ധപ്പെട്ടവരില്‍ നിന്നും മറുപടി വന്നു മത്സരിക്കാമെന്ന്. മത്സരം കഴിഞ്ഞ് വിധി വന്നപ്പോള്‍ എ ഗ്രേഡ് കിട്ടുകയും ചെയ്തു. പതിനേഴാം നമ്പറായി ഏകാഭിനയത്തില്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ട സിദ്ധാര്‍ഥ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഏകാഭിനയത്തില്‍ മത്സരിച്ച വിഷയത്തില്‍ ചെറിയ മാറ്റം വരുത്തി. ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് ഷഹല ഷെറിന്റെ സംഭവം മറ്റു വിഷയങ്ങള്‍ക്കൊപ്പം അവതരിപ്പിച്ചത് നിറഞ്ഞ സദസിന്റെ കൈയ്യടി നേടിയാണ് സിദ്ധാര്‍ഥ് വേദി വിട്ടത്. തിരുവനന്തപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സിദ്ധാര്‍ഥ്.


അറബി ഗാനം: 14നും എ ഗ്രേഡ്

കാഞ്ഞങ്ങാട്: ഹൈസ്‌കൂള്‍ വിഭാഗം അറബിഗാന മത്സരത്തില്‍ പങ്കെടുത്ത 14 പേര്‍ക്കും എ ഗ്രേഡ്. അപ്പീലില്ലാതെ ഓരോ ജില്ലയില്‍ നിന്നും ഒരാള്‍ വീതമാണ് അറബി ഗാനത്തില്‍ മത്സരിച്ചത്. ആവര്‍ത്തന വിരസതയില്ലാതെ വ്യത്യസ്തതയാര്‍ന്ന ഗാനങ്ങളാണ് മത്സരത്തിനെത്തിയത്. അജാനൂര്‍ ഇഖ്ബാല്‍ എച്ച്.എസ്.എസിലെ വേദി 21 കണ്ണന്‍ കേരളവര്‍മ്മനില്‍ രാവിലെ കൃത്യം ഒന്‍പത് മണിക്ക് തന്നെ മത്സരം ആരംഭിച്ചു. കലോത്സവത്തിലെ രണ്ടാമത് ഫലം പ്രഖ്യാപിച്ച ഇനമാണിത്. കെ.പി അജ്‌സാമുദ്ധീന്‍ (പാണക്കാട് ഡി.യു.എച്ച്.എസ്), സി.ഐ അര്‍ഷല്‍ (വന്നാപുറം എസ്.എന്‍.എം സ്‌കൂള്‍), പി.പി ഫസ്‌ലുല്‍ റഹ്മാന്‍ (മമ്പറം എച്ച്.എസ്.എസ്), ഹാദി അമീന്‍ (ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടില്‍), ടി.പി മില്‍തന്‍ (എം.ഇ.എസ്.എച്ച്.എസ്.എസ് ഇരിമ്പിലിയം), വി.എന്‍ മുഹമ്മദ് റൗമിന്‍ (സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് മതിലകം), എ. മുഹമ്മദ് അബ്ദുല്ല (അമ്പലത്തറ കോര്‍ഡോണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), കെ.എസ് മുഹമ്മദ് യാസീന്‍ (എസ്.പി.ഡബ്ല്യു.എച്ച്.എസ് ആലുവ), എന്‍.പി മുഹമ്മദ് അജ്മല്‍ (ജി.എച്ച്.എസ്.എസ് ആഴ്ചവട്ടം), മുഹമ്മദ് ഇര്‍ഫാന്‍ (ജി.വി.എച്ച്.എസ് കക്കയം), മുഹമ്മദ് ഷാമില്‍ (ജി.എച്ച്.എസ്.എസ് കൊപ്പം), റിഷാദ് കെ.ടി (ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്), എം.സാബിര്‍ഷ (കൊട്ടിയം സി.എഫ്.എച്ച്.എസ്), എസ്. ഷുഹൈബ് (എന്‍.എസ്.എസ് എച്ച്.എസ്.എസ് അടൂര്‍) എന്നിവരാണ് എ ഗ്രേഡ് നേടിയത്.

ആദ്യഫലം പുറത്തുവന്നത് വേദി 11ല്‍ നിന്ന്

കാഞ്ഞങ്ങാട്: കലോത്സവത്തിന്റെ ആദ്യഫലം പുറത്തുവന്നത് കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് എച്ച്.എസ്.എസിലെ വേദി 11 കെ. മാധവനില്‍ നിന്ന്. ഹൈസ്‌കൂള്‍ വിഭാഗം ലളിതഗാനമാണ് ഇവിടെ അരങ്ങേറിയത്. ഒരു അപ്പീലടക്കം 15 പേരായിരുന്നു മത്സരത്തിനായി പേര് നല്‍കിയത്. എന്നാല്‍ 14 പേര്‍ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ ഒന്‍പത് പേര്‍ക്ക് എ ഗ്രേഡ് ലഭിച്ചു. അഞ്ചുപേര്‍ ബി ഗ്രേഡാണ് നേടിയത്. ഈ വേദിയില്‍ രാവിലെ ഒന്‍പതിന് തന്നെ മത്സരം ആരംഭിച്ചിരുന്നു.
ഇതിനു പുറമെ ഉച്ചയ്ക്ക് 1.30ന് മുമ്പായി അഞ്ച് മത്സരയിനങ്ങളുടെ ഫലമാണ് പുറത്തു വന്നത്. ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗം അറബിഗാനം, ഹൈസ്‌കൂള്‍ (ജനറല്‍) വീണ, ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗം ശാസ്ത്രീയ സംഗീതം, ഹൈസ്‌കൂള്‍ സംസ്‌കൃതം ആണ്‍കുട്ടികളുടെ വിഭാഗം അഷ്ടപതി എന്നിവയുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്.


കോല്‍ക്കളി തിരിച്ചുപിടിച്ച് കൊയിലാണ്ടി
കാഞ്ഞങ്ങാട്: വീശിയടിക്കുന്ന കാറ്റിനേക്കാള്‍ വേഗതയുണ്ടായിരുന്നു കൊയിലാണ്ടി ഗവ. മാപ്പിള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംഘത്തിന്റെ കോല്‍ക്കളി നീക്കങ്ങള്‍ക്ക്. മിന്നായം കണക്കെ മെയ് വഴക്കത്തോടെ കോലടിച്ച സംഘങ്ങള്‍ കാഞ്ഞങ്ങാടിന് സമ്മാനിച്ചത് അത്ഭുതവും അമ്പരപ്പും. കളിക്കോലുകളുടെ കൂട്ടിയിരുമ്മലില്‍ കലയുടെ അനിര്‍വചനീയമായ നിമിഷങ്ങള്‍ പിറന്നപ്പോള്‍ ചുട്ടുപൊള്ളുന്ന ഉച്ചവെയിലിലും കാണികള്‍ അക്ഷമയോടെ കാത്തിരുന്നു. ഒപ്പം കൈയടിച്ചും താളമിട്ടും ലയിച്ചു ചേര്‍ന്നു. വിവിധ മാപ്പിളപ്പാട്ട് ഇശലുകള്‍ക്കൊത്ത് മെയ് വഴക്കത്തോടെ കോലടിച്ചാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം കോല്‍ക്കളി മത്സരത്തില്‍ കൊയിലാണ്ടി ഗവ. മാപ്പിള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീം ആസ്വാദകരുടെ മനസിലേക്കു കൂടി കളിച്ചുകയറിയത്. പാരമ്പര്യ ശൈലിയില്‍ വിവിധ രൂപത്തില്‍ കളിച്ചു തുടങ്ങിയ സംഘങ്ങള്‍ കാണികള്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്‍പത് വര്‍ഷം കോല്‍ക്കളി മത്സരത്തിലെ ആധിപത്യമുണ്ടായിരുന്ന കൊയിലാണ്ടി കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ മത്സരിച്ചിരുന്നില്ല. ഒന്‍പത് വര്‍ഷത്തെ ആധിപത്യം തിരിച്ചുപിടിച്ചാണ് കോല്‍ക്കളിയിലേക്ക് തിരിച്ചുവന്നത്.

 

എ ഗ്രേഡ് ഷഹ്‌ലക്ക് സമര്‍പ്പിച്ച് ഷാര്‍ലറ്റ്
കാഞ്ഞങ്ങാട്: അധികൃതരുടെ അനാസ്ഥയില്‍ വിടരും മുന്‍പേ കൊഴിഞ്ഞ് വീണ തന്റെ കുഞ്ഞനുജത്തി ഷഹ്‌ല ഷെറിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് വയനാടിന്റെ വാനമ്പാടി ഷാര്‍ലറ്റ് എസ്. കുമാര്‍.
ഇത്തവണത്തെ സ്‌കൂള്‍ കലോത്സവത്തില്‍ തന്റെ സ്‌കൂളായ ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടിനായും വയനാടിനായും നേടിയ ആദ്യ പോയിന്റാണ് അവള്‍ പാതിയില്‍ കൊഴിഞ്ഞ കുഞ്ഞനുജത്തിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചത്. മലയാളം കവിതാ പാരായണത്തിലായിരുന്നു ഷാര്‍ലറ്റ് ഇന്നലെ എ ഗ്രേഡ് കരസ്ഥമാക്കിയത്. നിറയെ നിറങ്ങള്‍ സ്വപ്നം കണ്ടുവളര്‍ന്നുവന്നിരുന്ന ഷെഹലയുടെ വിയോഗം കലാമേഖലക്ക് കനത്ത നഷ്ടമാണ് വരുത്തിവെച്ചത്.
ഇതാണ് ജില്ലക്കായി ഇത്തവണ നേടിയ ആദ്യ പോയിന്റ് അവള്‍ക്ക് സമര്‍പ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. തന്റെ സമര്‍പ്പണം അവളുടെ വിയോഗത്തിന് പകരമാകില്ലെങ്കിലും തന്നെക്കൊണ്ട് ആകുന്നത് ചെയ്യുകയാണെന്നാണ് ഷാര്‍ലറ്റ് പറയുന്നത്.
ഇനിയുള്ള കലോത്സവങ്ങളില്‍ വേദികളില്‍ തിളങ്ങുമായിരുന്നവളാണ് ചിലരുടെ അശ്രദ്ധമൂലം ഇല്ലാതായതെന്നും ഷാര്‍ലറ്റ് പറഞ്ഞു. തിരുവനന്തപുരം മുതല്‍ ഇങ്ങോട്ടുള്ള എല്ലാ കലോത്സവങ്ങളിലും വേദികളെ ആലാപനങ്ങളില്‍ കീഴടക്കിയവളാണ് ഷാര്‍ലറ്റ്. മാപ്പിളപ്പാട്ട്, ലളിതഗാനം, ഗസല്‍, കവിതാപാരായണം തുടങ്ങി ഷാര്‍ലറ്റിന്റെ ശബ്ദമാധുരി വേദികളാണ്.
ഇത്തവണ കവിതാ പാരായണത്തില്‍ ഉപജില്ലയില്‍ തന്നെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയ വിധികര്‍ത്താക്കളോട് മധുരപ്രതികാരം തീര്‍ത്തായിരുന്നു ഷാര്‍ലറ്റിന്റെ വരവ്. തുടര്‍ച്ചയായി സംസ്ഥാന തലത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച ഷാര്‍ലറ്റിനെ വിധികര്‍ത്താക്കള്‍ ഉപജില്ലയില്‍ 'വിധി' കൊണ്ട് വെട്ടുകയായിരുന്നു.
ഇതേ തുടര്‍ന്ന് അപ്പീല്‍ നേടിയെത്തിയ ഷാര്‍ലറ്റ് ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് വിധികര്‍ത്താക്കള്‍ക്ക് മറുപടി കൊടുത്തത്. അതേ മികവ് പുറത്തെടുത്ത് ഡോ. സച്ചിദാനന്ദന്റെ 20 വയസായ മകള്‍ക്കൊരു താരാട്ട് എന്ന കവിതയുമായി സംസ്ഥാനതലത്തിലും ഷാര്‍ലറ്റ് .


തിരുവനന്തപുരത്തുനിന്ന് പറന്നെത്തിയ അപ്പീല്‍
കാഞ്ഞങ്ങാട്: സിനിമാക്കഥയെ വെല്ലും കലോത്സവ വേദിയിലേക്ക് അപ്പീല്‍ 'വിമാനത്തില്‍ പറന്നെത്തിയ' ഈ കഥ. വട്ടപ്പാട്ടാണ് മത്സരം. കോഴിക്കോട് എം.ഐ.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥികളാണ് താരങ്ങള്‍. കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ ഇവര്‍ക്ക് ലഭിച്ചത് രണ്ടാംസ്ഥാനം. അപ്പീലുമായി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു. അപ്പീല്‍ നിരസിച്ചു.
തുടര്‍ന്ന് ലോകായുക്തയെ സമീപിക്കാനായിരുന്നു വിദ്യാലയത്തിന്റെ തീരുമാനം. വ്യാഴാഴ്ച നടക്കേണ്ട മത്സരത്തിന് ലോകായുക്ത അപ്പീല്‍ അനുവദിച്ച ഉത്തരവ് ലഭിച്ചത് ബുധനാഴ്ച അര്‍ധരാത്രി 12.45ന്. അപ്പീല്‍ അനുവദിച്ച ഒറിജിനല്‍ കാസര്‍കോടേക്ക് എത്തിക്കുക എന്നതായി അടുത്ത വെല്ലുവിളി. വിമാനമല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. പ്രത്യേക വാഹനത്തില്‍ അധ്യാപകനായ അമീര്‍ അബ്ദുല്‍ റഹ്മാന്‍ കൊച്ചിയിലേക്ക്. അവിടെ നിന്നും രാവിലെ 8.10 ന് പറന്ന വിമാനം 9.10ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. പ്രത്യേക വാഹനത്തില്‍ കാഞ്ഞങ്ങാട്ടെ കലോത്സവ നഗരിയിലേക്ക്. പലയിടങ്ങളില്‍ ഗതാഗതക്കുരുക്ക്. പ്രതീക്ഷയോടെ ഒരുങ്ങി നിന്ന കുട്ടികള്‍ക്ക് പ്രാര്‍ഥനയുടെ നിമിഷങ്ങള്‍. രണ്ട് ടീമുകള്‍ മാത്രം ബാക്കിനില്‍ക്കെ ഓടിക്കിതച്ചെത്തിയ ആമിര്‍ മാഷില്‍ നിന്നും ഉത്തരവ് കൈപ്പറ്റി കുട്ടികള്‍ വേദിയിലേക്ക്. മത്സരഫലം വന്നപ്പോള്‍ എ ഗ്രേഡ് ലഭിച്ച സന്തോഷം. നെഞ്ചിടിച്ച നിമിഷങ്ങള്‍ ആരവങ്ങിലേക്ക് വഴിമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ ഭരണം നിലനിര്‍ത്ത് ബിജെപി; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല

Kerala
  •  2 months ago
No Image

ഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്

Kerala
  •  2 months ago
No Image

തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  2 months ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

 മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago