യമനില്‍ കുടുങ്ങിയ രണ്ടു മലയാളികളടക്കം ഒന്‍പത് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ട് കൊച്ചിയിലെത്തി
മട്ടാഞ്ചേരി: ജോലിക്കായി പോയി യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരായ ഒന്‍പത് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ട് കൊച്ചിയിലെത്തി. കന്യാകുമാരി സ്വദേശികളായ വിന്സ്റ്റന്(47),ആല്‍ബര്‍ട്ട് ന്യൂട്ടന്(35),എസ്കലിന്(29),അമല്‍ വിവേക്(33),ഷാജന്(33),സഹായ ജഗന്(28),സഹായ രവികുമാര്‍(30),കൊല്ലം സ്വദേശികളായ നൗഷാദ്(41),നിസാര്‍(44) എന്നിവരാണ് രക്ഷപ്പെട്ട് കൊച്ചിയിലെത്തിയത്.
കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിനാണ് ഇവര്‍ ഷാര്‍ജയിലെ ഒരു അറബിയുടെ പരിചയത്തില്‍ മത്സ്യബന്ധന തൊഴിലിനായി എത്തിയത്. പിന്നീട് ഇവിടുത്തെ സ്പോണ്സര് യമനിലെ മറ്റൊരാള്‍ക്ക് ഇവരെ കൈമാറുകയായിരുന്നു. ഒമാനിലേക്കാണെന്നാണ് പറഞ്ഞതെങ്കിലും പിന്നീടാണ് തൊഴിലാളികള്‍ക്ക് യമനിലാണെന്ന് മനസിലായത്.
തൊഴിലാളികളെ മത്സ്യബന്ധനത്തിനായി ബോട്ടും നല്കി വിട്ടു. മത്സ്യം സ്പോണ്സര് വില്‍ക്കുകയും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതിരിക്കുകയും ചെയ്തു. മാസങ്ങളോളം ഇത് തുടര്‍ന്നപ്പോള്‍ ഇവര്‍ ജോലിക്ക് പോകുന്നതുനിര്ത്തി.
ഇതോടെ സ്പോണ്സര് ഇവര്‍ക്ക് ഭക്ഷണവും നല്കാതായി .പട്ടിണിയായതോടെ ഇവര്‍ വീണ്ടും തൊഴിലിന് പോകാന്‍ തുടങ്ങി.
ശമ്പളം കിട്ടാതായതോടെ തൊഴിലാളികള്‍ ഇവിടെ നിന്ന് രക്ഷപെടാന്‍ തീരുമാനിക്കുകയായിരുന്നു. സ്പോണ്സര് മത്സ്യബന്ധനത്തിനായി നല്കിയ ബോട്ടുമായി രക്ഷപ്പെട്ടു. ലക്ഷദ്വീപിന് സമീപത്ത് എത്തിയപ്പോള്‍ ഇന്ധനവും ഭക്ഷണവും തീരുകയും കൂട്ടത്തിലുള്ള ഒരു തൊഴിലാളിയുടെ ഭാര്യയെ സാറ്റ്ലൈറ്റ് വഴി ബന്ധപ്പെടുകയും ചെയ്തു. ഇവര്‍ തീര സംരക്ഷണ സേനയില്‍ അറിയിക്കുകയും സേന നിരീക്ഷണ വിമാനത്തില്‍ ബോട്ട് കിടക്കുന്ന ഭാഗം കൊച്ചിയില്‍നിന്ന് നൂറ് നോട്ടിക്കല്‍ മൈല്‍ അകലെയാണെന്ന് കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് കപ്പലായ ആര്യമാന് എത്തി ഇവരെ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ച് കോസ്റ്റല്‍ പൊലിസിനു കൈമാറി. ബോട്ട് പൊലിസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തൊഴിലാളികളെ ബന്ധുക്കള്‍ക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."