നടി ആക്രമിക്കപ്പെട്ട സംഭവം: അപ്പുണ്ണിയെ പൊലിസ് ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍ രാജിനെ പൊലിസ് ചോദ്യം ചെയ്ത് വിട്ടയച്ചു. രണ്ടാഴ്ചത്തെ ഒളിവുവാസത്തിനു ശേഷമാണ് അപ്പുണ്ണി ചോദ്യംചെയ്യലിനായി ആലുവ പൊലിസ് ക്ലബില്‍ എത്തിയത്.
ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന് പൊലിസ് നിര്‍ദേശിച്ചത്.
മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് നാടകീയമായാണ് അപ്പുണ്ണി ആലുവ പൊലിസ് ക്ലബില്‍ എത്തിയത്. അപ്പുണ്ണിയെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലൂടെ അദ്ദേഹത്തിന്റെ മുഖച്ഛായയുള്ള ജ്യേഷ്ഠന്‍ ആദ്യം കടന്നുപോയി.
മാധ്യമപ്രവര്‍ത്തകര്‍ ഇയാളുടെ ഭാഗത്തേക്കു തിരിഞ്ഞ സമയത്ത് അതിവേഗത്തില്‍ കാറിലെത്തിയ അപ്പുണ്ണി പൊലിസ് ക്ലബില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന്, അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് പൊലിസ് അപ്പുണ്ണിയെ വിട്ടയച്ചത്. ചോദ്യംചെയ്യലില്‍ പല നിര്‍ണായക വിവരങ്ങളും പൊലിസിനു ലഭിച്ചതായാണ് അറിയുന്നത്. അപ്പുണ്ണിയില്‍നിന്നെടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ പൊലിസ് വീണ്ടും ചോദ്യം ചെയ്യുമെന്നു സൂചനയുണ്ട്.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ പൊലിസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യല്‍.
നടിയെ ലക്ഷ്യംവച്ച ശേഷം പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോനെയും ദിലീപ് ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഞ്ജു വാര്യരെ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആക്കിയത് ശ്രീകുമാറാണെന്ന ചിന്തയാണ് ദിലീപിനെ ഇതിനു പ്രേരിപ്പിച്ചത് എന്നാണ് അറിയുന്നത്.
ശ്രീകുമാര്‍ സംവിധാനം ചെയ്ത കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു മഞ്ജു വാര്യരുടെ ചലച്ചിത്ര രംഗത്തേക്കുള്ള തിരിച്ചുവരവ്. ദിലീപിന്റെ ഇടപെടലിനെ തുടര്‍ന്ന് ശ്രീകുമാറിനു നേരത്തെ നിരവധി പ്രൊജക്ടുകള്‍ ഉപേക്ഷിക്കേണ്ടി വന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഒടിയന്‍, മഹാഭാരതം എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ സിനിമാ സംവിധാനരംഗത്തേക്കും എത്തിയിരിക്കുകയാണ് ശ്രീകുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."