റോഹിംഗ്യന്‍ വിഷയത്തില്‍ യു.എസ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്: 'മ്യാന്‍മറില്‍ വംശഹത്യ നടന്നു'
വാഷിങ്ടണ്‍: മ്യാന്‍മറില്‍ റോഹിംഗ്യകള്‍ക്കെതിരേ വംശഹത്യ നടന്നതിനു തെളിവുകളുണ്ടെന്നു യു.എസ് അന്വേഷണ സംഘം. കുറ്റവാളികള്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നും റോഹിംഗ്യകള്‍ക്കെതിരേയുള്ള അക്രമണം സംബന്ധിച്ച് അന്വേഷിക്കാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഏല്‍പ്പിച്ച നിയമ സ്ഥാപനമായ പബ്ലിക് ഇന്റര്‍നാഷനല്‍ ലോ ആന്‍ഡ് പോളിസി ഗ്രൂപ്പ് (പി.ഐ.എല്‍.പി.ജി) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മ്യാന്‍മറിലെ രാഖൈനിലുണ്ടായ ആക്രമണത്തെ തുടര്‍ന്നു ബംഗ്ലാദേശിലേക്കു പലായനം ചെയ്ത 1,024 റോഹിംഗ്യകളുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
സൈന്യത്തിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായ ആക്രമണങ്ങളുണ്ടായെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുദ്ധകുറ്റകൃത്യം, മനുഷ്യത്വത്തിനെതിരേയുള്ള കുറ്റങ്ങള്‍ എന്നിവയാണ് റോഹിംഗ്യകള്‍ക്കെതിരേ നടന്നതെന്നും പി.ഐ.എല്‍.പി.ജി അംഗം പോള്‍ വില്യംസ് പറഞ്ഞു.
അക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അന്താരാഷ്ട്ര ക്രിമിനല്‍ നടപടിയനുസരിച്ചു വിചാരണ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 13,000 അക്രമണങ്ങളാണ് മ്യാന്മറിലുണ്ടായത്. പി.ഐ.എല്‍.പി.ജി അംഗങ്ങള്‍ അഭിമുഖം നടത്തിയ ഇരകളില്‍ 20 ശതമാനം പേരും ആക്രമണങ്ങളില്‍ ശാരീരികമായി പരുക്കേറ്റവരാണ്. 70 ശതമാനം പേരുടെയും വീടുകളും ഗ്രാമങ്ങളും അവരുടെ കണ്‍മുന്നില്‍വച്ചാണ് അഗ്നിക്കിരയാക്കിയത്. 80 ശതമാനം പേരും തങ്ങളുടെ കുടുംബങ്ങളെയോ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൊല്ലുന്നതിനു സാക്ഷികളാണ്. സൈനികരുടെ ആക്രമണങ്ങളുടെ ലക്ഷ്യം മ്യാന്മറില്‍നിന്നു റോഹിംഗ്യകളെ പുറത്താക്കലായിരുന്നു. പലായനം ചെയ്യുന്നവരെപ്പോലും സൈന്യം വെടിവച്ചുകൊന്നെന്നും വംശഹത്യയായിരുന്നു ഉദ്ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റോഹിംഗ്യകള്‍ക്കെതിരേയുണ്ടായ ആക്രമണ വിവരങ്ങള്‍ ശേഖരിക്കാനായി സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിക്കാനുള്ള യു.എന്‍ മനുഷ്യാവകാശ സംഘടനയുടെ തീരുമാനം പി.ഐ.എല്‍.പി.ജി സ്വാഗതം ചെയ്തു.
മ്യാന്മറിലുണ്ടായതു വംശഹത്യയാണെന്ന് ഓഗസ്റ്റില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ യു.എന്‍ വ്യക്തമാക്കിയിരുന്നു. റോഹിംഗ്യകള്‍ക്കെതിരേയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തമേല്‍ക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. തീവ്രവാദത്തിനെതിരേയുള്ള നടപടിയാണ് രാഖൈനിലുണ്ടായതെന്നാണ് മ്യാന്‍മറിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."