ജില്ലയിലെ മൂന്നാമത് സര്‍ക്കാര്‍ പോളിടെക്‌നിക് യാഥാര്‍ഥ്യമാകുന്നു
മുക്കം: തടസങ്ങള്‍ നീങ്ങിയതോടെ മുക്കം നഗരസഭയിലേക്ക് സര്‍ക്കാര്‍ അനുവദിച്ച ഗവ. പോളിടെക്‌നിക് കോളജ് യാഥാര്‍ഥ്യമാവുന്നു. ഏകദേശം 60 കോടിയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. എ.ഐ.സി.ടി.ഇയുടെ അംഗീകാരത്തോടെയുള്ള ഗ്രാന്റ് കൂടി പ്രയോജനപ്പെടുത്തിയാകും ജില്ലയിലെ മൂന്നാമത് ഗവ. പോളിടെക്‌നിക് കോളജ് പൂര്‍ത്തിയാവുക.
നഗരസഭയിലെ മിനി പഞ്ചാബ് മുത്താപ്പ് കുന്നിലാണ് പോളിടെക്‌നിക് നിര്‍മിക്കുക. ഇതിനായി അഞ്ച് ഏക്കര്‍ സ്ഥലം വിട്ടു നല്‍കാന്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍ സന്നദ്ധത അറിയിച്ചു. നേരത്തെ ചേന്ദമംഗല്ലൂര്‍ മംഗലശ്ശേരി തോട്ടത്തിലേക്ക് പോളിടെക്‌നിക് അനുവദിച്ചിരുന്നുവെങ്കിലും സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയം മൂലം മുടങ്ങുകയായിരുന്നു.
മംഗലശ്ശേരി തോട്ടംഭൂമി വനം വകുപ്പിന്റെ കൈവശമായതിനാല്‍ അത് റവന്യൂ വകുപ്പിന് കൈമാറുന്നതിലുള്ള സാങ്കേതിക പ്രശ്‌നമാണ് വിനയായത്. ഇതോടെ പോളിടെക്‌നിക് ചേന്ദമംഗല്ലൂരിന് നഷ്ടമാവുമെന്ന അവസ്ഥ വന്നതോടെയാണ് ഇസ്‌ലാഹിയ അസോസിയേഷന്‍ സ്ഥലം സൗജന്യമായി നല്‍കാന്‍ തയാറായത്. എന്നാല്‍ ഇത് വഖ്ഫ് ഭൂമിയായതിനാല്‍ സര്‍ക്കാര്‍ വില നിശ്ചയിച്ച് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സ്‌പെഷല്‍ ഓഫിസറും വെസ്റ്റ്ഹില്‍ പോളിടെക്‌നിക് പ്രിന്‍സിപ്പലുമായ കെ.പി രാജീവിന്റെ നേതൃത്വത്തില്‍ ജൗഹര്‍ അലി, സൈതുട്ടി എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ സംഘത്തോടൊപ്പം നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍, കൗണ്‍സിലര്‍മാരായ കെ.ടി ശ്രീധരന്‍, അനില്‍കുമാര്‍, ബ്രിജേഷ്, ഷഫീഖ് മാടായി, കെ.പി അഹമ്മദ് കുട്ടി, കെ.സി മുഹമ്മദലി, മജീദ് കിളിക്കോടന്‍, എം.ടി അബ്ദുല്‍ ഹകീം, ടി.കെ അബ്ദുറഹിമാന്‍, മജീദ് ചാലക്കല്‍, ബന്ന ചേന്ദമംഗല്ലൂര്‍, സി.കെ ബര്‍ക്കത്തുല്ല, മുഹമ്മദ് മോഡ, വേലായുധന്‍ എന്നിവരുമുണ്ടായിരുന്നു.
സാധ്യതാ പഠനം തൃപ്തികരമായിരുന്നുവെന്നും ഏറെ സൗകര്യപ്രദമായ സ്ഥലമാണിതെന്നും ഉടന്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും സംഘം പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് തന്നെ പണിയാരംഭിക്കാമെന്ന് സ്‌പെഷല്‍ ഓഫിസര്‍ കെ.പി രാജീവന്‍ പറഞ്ഞു.
സര്‍ക്കാര്‍ നഗരസഭക്ക് അനുവദിച്ച പോളിടെക്‌നിക്കിനായി സ്ഥലം ലഭ്യമാക്കാന്‍ നിരന്തരമായ അന്വേഷണത്തിലായിരുന്നുവെന്നും സൗകര്യപ്രദമായ സ്ഥലം ലഭ്യമായതില്‍ സന്തോഷമുണ്ടെന്നും പോളിടെക്‌നിക്ക് യാഥാര്‍ഥ്യമായാല്‍ അത് നഗരസഭയുടെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാവുമെന്നും നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ പറഞ്ഞു. ചട്ടപ്രകാരം അഞ്ച് ഏക്കര്‍ ഭൂമിയാണ് കെട്ടിട നിര്‍മാണത്തിന് ആവശ്യമായി വരുന്നത്. ജില്ലയില്‍ രണ്ട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളജുകള്‍ ആണുള്ളത്. ഇതിലൊന്ന് വനിത കോളജാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."