പായത്തിന് സ്വപ്ന സാക്ഷാത്കാരം; ഡിജിറ്റല്‍ ലൈബ്രറി യാഥാര്‍ഥ്യമാകുന്നു
കണ്ണൂര്‍: പായം പഞ്ചായത്തിന്റെ ഡിജിറ്റല്‍ ലൈബ്രറി യാഥാര്‍ഥ്യമാകുന്നു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ലൈബ്രറിയാണ് പായത്ത് ഒരുങ്ങുന്നത്.
സാങ്കേതിക വിദ്യയുടെ ഗുണഫലം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ലൈബ്രറിയുടെ നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. മൂന്നു മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിച്ച് ലൈബ്രറിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് പഞ്ചായത്തിന്റെ പദ്ധതി. ലോകബാങ്ക് സഹായമായ 30 ലക്ഷം ഉള്‍പ്പെടെ 45 ലക്ഷം രൂപ ചിലവഴിച്ചാണ് ഡിജിറ്റല്‍ ലൈബ്രറി ഒരുക്കുന്നത്. രണ്ടുനിലകളിലായി പ്രവര്‍ത്തനമാരംഭിക്കുന്ന ലൈബ്രറിയുടെ കെട്ടിടനിര്‍മാണം പൂര്‍ത്തിയായി. വിദ്യാര്‍ഥികളില്‍ കുറഞ്ഞുവരുന്ന വായനാശീലം അവര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്നെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശവും പദ്ധതിക്കുണ്ട്. പായം പഞ്ചായത്ത് ഓഫിസിന് സമീപത്ത് തന്നെയാണ് ലൈബ്രറിയും നിര്‍മിക്കുന്നത്.
പഞ്ചായത്തിന് അകത്തും പുറത്തുമുള്ള സാധാരണക്കാര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇന്നത്തെ ആധുനിക സംവിധാനത്തില്‍ ലഭ്യമാകുന്ന വിവര സാങ്കേതിക വിദ്യ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന് പറഞ്ഞു. ലൈബ്രറിയില്‍ ക്ലാസുകളും സെമിനാറുകളും കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള പ്രദര്‍ശനങ്ങളും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."