തോട് നികത്തി റോഡ് നിര്‍മിച്ചു, കൊച്ചി മേയര്‍ക്കും എം.എല്‍.എക്കുമെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഉത്തരവ്
മൂവാറ്റുപുഴ: സി.ആര്‍.ഇസഡ് നിയമം ലംഘിച്ച് കൊച്ചാപ്പിള്ളി തോട് നികത്തി റോഡ് നിര്‍മിച്ചതിനെതിരെ കൊച്ചി മേയര്‍ സൗമിനി ജയിന്‍, പി.ടി.തോമസ് എം.എല്‍.എ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. കടവന്ത്ര കടവില്‍ വീട്ടില്‍ ടാര്‍സ് നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നിയമവിരുദ്ധമായി നിര്‍മിച്ച വഴിക്ക് ഔദ്യോഗിക പരിവേശം നല്‍കുന്നതിന് പട്ടയഭൂമിയില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മിക്കാനും പി.ടി.തോമസ് എം.എല്‍.എ അടക്കമുള്ളവര്‍ ശ്രമിച്ചു. ഇത് കയ്യേറ്റക്കാരെ സഹായിക്കുന്നതിനാണന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. വിശദമായ വാദം കേള്‍ക്കുന്നതിന് കേസ് 2020 ഫെബ്രുവരിയിലേയ്ക്ക് മാറ്റി. ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.
ചിലവന്നൂര്‍ കായലിന് സമീപത്തുള്ള തോടാണ് നികത്തിയത്. കോച്ചാപ്പിള്ളി തോട് നികത്തിയത് ഭാവിയില്‍ പ്രകൃതിദുരന്തമടക്കമുള്ളവയ്ക്ക് കാരണമാകുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊച്ചി നഗരസഭ സെക്രട്ടറി എ.എസ്.അനുജ, മുന്‍ സെക്രട്ടറി ആര്‍.എസ്.അനു, അഡീഷണല്‍ സെക്രട്ടറി ആര്‍.രാജേഷ്‌കുമാര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാരായ സി.എം.സുലൈമാന്‍, പി.എസ്.ബാബുരാജ്, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എ.ടൈറ്റസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ അന്‍സാര്‍ പി.എം, ഗോപിനാഥ്, വാര്‍ഡ് കൗണ്‍സിലര്‍ ജോണ്‍സണ്‍ പാട്ടത്തില്‍, കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി പ്രസിഡന്റ് ജോ മാത്യു എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. കോര്‍പ്പറേഷന്‍ 57-ാം ഡിവിഷനിലെ വെള്ളകെട്ട് പരിഹരിച്ചിരുന്നത് കോച്ചാപ്പിള്ളി തോടായിരുന്നു. ഏകദേശം ഒന്നര കിലോമീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും ഉണ്ടായിരുന്നതാണ് ഈ തോട്.
തോട് കയ്യേറ്റത്തിനും, നികത്തലിനുമെതിരെ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് ഓംബുഡ്‌സ്മാനും പരാതി നല്‍കിയോതെട തോട് അളന്ന് തിട്ടപ്പെടുത്താന്‍ ഉത്തരവായിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ കോര്‍പറേഷന്‍ തയ്യാറായില്ല. എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിക്ക് പതിച്ച് നല്‍കിയ 22 ഏക്കര്‍ ഭൂമിയിലേയ്ക്ക് വഴിയുണ്ടാക്കുന്നതിനാണ് തോട് നികത്തിയതെന്ന് പരാതിയില്‍ പറയുന്നു. പലപ്പോഴായി രാത്രി കാലങ്ങളില്‍ ചെളിയും വേസ്റ്റും കൊണ്ടുവന്ന് തോട് നികത്തി അനധികൃതമായി വഴി നിര്‍മിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."