കൊണ്ടോട്ടിയില്‍ വീട്, കെട്ടിട പരിശോധനകള്‍ക്ക് ജീവനക്കാരില്ല
കൊണ്ടോട്ടി: നഗരസഭ രൂപീകരണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമാവുമ്പോഴും നഗരസഭാ കാര്യാലയമടക്കമുള്ള കെട്ടിടങ്ങളുടേയും വീടുകളുടേയും വാര്‍ഡ്,കെട്ടിട നമ്പറുകള്‍ പഴയ പഞ്ചായത്തിന്റെ പേരില്‍ തന്നെ. കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് 2015ലാണ് കൊണ്ടോട്ടി നഗരസഭ നിലവില്‍ വന്നത്.
എന്നാല്‍ ഇക്കാലമായിട്ടും നഗരസഭയുടെ പേരും പുതുതായി വന്ന വാര്‍ഡ് നമ്പറും കെട്ടിട നമ്പറും പതിച്ച പ്ലേറ്റുകള്‍ വീടുകളിലും കെട്ടിടങ്ങളിലും പതിക്കാനായിട്ടില്ല. നഗരസഭയിലെ മുഴുവന്‍ കെട്ടിടങ്ങളും വീടുകളും ഇപ്പോഴും പഞ്ചായത്ത് നമ്പറിലും വാര്‍ഡ് നമ്പറിലുമാണ് അറിയപ്പെടുന്നത്.
നഗരസഭ ഭരണസമിതി യോഗം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇതിനായി തീരുമാനം എടുത്തിരുന്നു. വീട്ടു നമ്പറുകള്‍ പതിക്കാനായി കുടംബശ്രീയെ ഏല്‍പ്പിക്കാനും തീരുമാനിച്ചിരുന്നു.എന്നാല്‍ നഗരസഭയില്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ വീടുകളുടെ വിസ്തീര്‍ണം അളന്ന് തിട്ടപ്പെടുത്താനായിട്ടില്ല. നഗരസഭയില്‍ 40 വാര്‍ഡുകളിലായി 12,000 ലേറെ വീടുകളും കെട്ടിടങ്ങളുമാണുളളത്.
വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമുള്ളനികുതി പഞ്ചായത്തിലും നഗരസഭയിലും വ്യത്യസ്തമാണ്.പഞ്ചായത്തില്‍ സ്വക്വയര്‍ഫീറ്റ് സ്ലാബ് തുടങ്ങുന്നത് നാല് രൂപയില്‍ നിന്നാണെങ്കില്‍ നഗരസഭയില്‍ ഇത് ആറ് രൂപയാണ് ഈടാക്കുന്നത്. നഗരസഭ പരിധിയിലുള്ള പഴയ കെട്ടിടങ്ങളും വീടുകളും മിക്കതും പുതുക്കിപ്പണിതവയാണ്. ഇതോടെ നികുതിയിലും മാറ്റമുണ്ടാകും. നഗരസഭ ഉദ്യോഗസ്ഥര്‍ ഓരോ വീടും പരിശോധിച്ച് നമ്പര്‍ നിശ്ചയിച്ച് വാര്‍ഡുകളില്‍ ഉള്‍പ്പെടുത്തണം. ഇവ തയാറാക്കാനുള്ള ജീവനക്കാര്‍ നഗരസഭയില്‍ ഇതുവരെ എത്തിയിട്ടില്ല.
നഗരസഭയില്‍ പുതിയ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നഗരസഭയുടെ നമ്പര്‍ തന്നെയാണ് നല്‍കുന്നത്. നികുതി അടക്കാനെത്തുന്നവര്‍ നഗരസഭയുടെ നികുതിയാണ് നല്‍കുന്നതും. ജീവനക്കാരുടെ കുറവ് നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തികളേയും ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."