മുഹമ്മദ് കുഞ്ഞിയുടെ കാതുകളിലുണ്ട് ചെറുവത്തൂര്‍ അങ്ങാടിയുടെ ആരവം
ഇന്ന് വ്യാപാര ദിനം
ചെറുവത്തൂര്‍: കൂകിപ്പാഞ്ഞെത്തുന്ന കല്‍ക്കരി വണ്ടിയുടെ താളവും, പഴയ ചെറുവത്തൂര്‍ അങ്ങാടിയുടെ ആരവവും ഇപ്പോഴും മുഴങ്ങുന്നുണ്ട് എഴുപ്പത്തിയഞ്ചുകാരനായ മുഹമ്മദ് കുഞ്ഞിയുടെ കാതില്‍.
കാല പ്രയാണത്തില്‍ ഇന്ന് കാണുന്ന ചെറുവത്തൂര്‍ ടൗണിലേക്ക് വ്യാപാര കേന്ദ്രം പറിച്ചു നട്ടപ്പോള്‍ ആളും ആരവവും ഒഴിഞ്ഞ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പഴയ അങ്ങാടിയിലെ കൊച്ചു കടയില്‍ ഇദ്ദേഹത്തിനു കൂട്ട് ഈ അങ്ങാടിയുടെ കച്ചവട പ്രതാപത്തിന്റെ ഓര്‍മ്മകള്‍ മാത്രം. കാല്‍നൂറ്റാണ്ടു മുമ്പ് വരെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള കെട്ടിടങ്ങളായിരുന്നു ചെറുവത്തൂരിന്റെ പ്രധാന വ്യാപാരകേന്ദ്രം.
അന്നത്തെ പേരുകേട്ട അങ്ങാടി. ട്രെയിനില്‍ വെള്ളം നിറയ്ക്കുന്ന സ്റ്റേഷനായതുകൊണ്ട് തീവണ്ടികള്‍ മണിക്കൂറുകളോളം ചെറുവത്തൂരില്‍ നിര്‍ത്തിയിട്ടിരുന്നു. ഈ സമയത്ത് യാത്രക്കാര്‍ക്ക് ആശ്രയമായിരുന്നു സ്റ്റേഷനോട് ചേര്‍ന്ന ചെറുവത്തൂര്‍ അങ്ങാടി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വരെ യാത്രയ്ക്കിടെ ഇവിടെയിറങ്ങിയിരുന്നു എന്നത് ചരിത്രം. പടന്ന, പിലിക്കോട്, കയ്യൂര്‍, ചീമേനി എന്നിവിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി എത്തിയിരുന്നതും ഇവിടെ തന്നെ.
കാലം മാറിയപ്പോള്‍ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരം പ്രധാന വ്യാപാരകേന്ദ്രമായി രൂപപ്പെട്ടു. തകര്‍ന്നുവീഴാറായ കെട്ടിടങ്ങളായി പഴയ അങ്ങാടി മാറി. അന്നുണ്ടായിരുന്നവരില്‍ പലരും കച്ചവടം ഉപേക്ഷിച്ചു. ചിലര്‍ പുതിയ വ്യാപാര കേന്ദ്രത്തിലേക്ക് കുടിയേറി. നിരപ്പലകകള്‍ നീക്കുന്ന തന്റെ കടയില്‍ നിന്നും എവിടേക്കും പോകാതെ മുഹമ്മദ് കുഞ്ഞി ഇപ്പോഴും ഇവിടെയുണ്ട്. ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് വീട്. കുറച്ചു പച്ചക്കറികളും, പലഹാരങ്ങളും നിരത്തി വച്ച ഈ കടയ്ക്ക് പ്രായം ഇരുപത്തിയഞ്ചു കഴിഞ്ഞു.
ഇവിടെ പണ്ട് കടകള്‍ പ്രവര്‍ത്തിച്ച കെട്ടിടങ്ങള്‍ പലതും മോടി കൂട്ടി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. മുഹമ്മദ് കുഞ്ഞിയുടെ കട കൂടാതെ മേല്‍പ്പാലം പരിസരത്തെ ഒരു കെട്ടിടം കൂടി പഴയ വാണിജ്യ പ്രതാപത്തിന്റെ ഓര്‍മകളും പേറി ഇവിടെ നിലകൊള്ളുന്നു. കഴിയാവുന്നിടത്തോളം കാലം ഈ കടയും തുറന്നിരിക്കണമെന്നതാണ് മുഹമ്മദ് കുഞ്ഞിയുടെ ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."