ഭീതിയുയര്‍ത്തി പുലാമന്തോള്‍ പാലത്തിലെ കടന്നല്‍കൂട്
കൊപ്പം: തൂതപ്പുഴക്ക് കുറുകെയുള്ള പുലാമന്തോള്‍ പാലത്തിന് താഴ്ഭാഗത്തായി കൂടുകൂട്ടിയ കടന്നലുകള്‍ പാലത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഭീക്ഷണിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പാലത്തിലൂടെ സഞ്ചരിച്ച നിരവധി പേര്‍ക്കാണ് ഇവയുടെ കുത്തേറ്റത്. പാലത്തിന്റെ കോണ്‍ക്രീറ്റിന്റെ അടിഭാഗത്തായതു കാരണം ഇത് നശിപ്പിക്കാനോ ഇവ കൂട്ടില്‍നിന്നും ഇളകി പറക്കുന്നത് കാണുവാനോ സാധിക്കുന്നില്ല. പലപ്പോഴും കാറ്റില്‍ കൂട് ഇളകുന്നതോടെയാണ് കടന്നലുകള്‍ യാത്രക്കാരെ ആക്രമിക്കുന്നത്.
കഴിഞ്ഞ ദിവസം കാറ്റില്‍ കൂട് ഇളകിയോതോടെ പറന്നെത്തിയ ഇവ ബൈക്ക് യാത്രികര്‍ അടക്കമുള്ള നിരവധിപേരെ ആക്രമിച്ചിരുന്നു. പരുക്കേറ്റവര്‍ പലരും പുലാമന്തോളിലെ സ്വകാര്യ ക്ലിനിക്കുകളിലും മറ്റും ചികിത്സ തേടിയാണ് മടങ്ങിയത്. വൈകുന്നേരങ്ങളിലടക്കം നിരവധിപേര്‍ കാല്‍നടയായി സഞ്ചരിക്കുന്ന പാലത്തില്‍ കടന്നല്‍ കൂടുകൂട്ടിയതോടെ ഇതുവഴി സഞ്ചരിക്കുന്നവര്‍ വലിയ ഭീതിയിലാണ്. യാത്രികര്‍ക്ക് ഭീഷണിയായ കടന്നല്‍ കൂട് നശിപ്പിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."