സോറി, ഉള്ളിയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നുമറിയില്ല...
ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില ക്രമാതീതമായി വര്‍ധിക്കുന്നത് വന്‍ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കും വഴിയൊരുക്കിയിരിക്കേ, ഉള്ളിയുടെ വില കൂടിയ കാര്യം തങ്ങള്‍ക്കറിയില്ലെന്ന ഒഴുക്കന്‍ മറുപടിയുമായി കേന്ദ്രമന്ത്രിമാര്‍. ഉള്ളിയുടെ വില വര്‍ധന സംബന്ധിച്ച ചോദ്യത്തിന് 'താന്‍ ഉള്ളി കഴിക്കാത്ത കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നാ'യിരുന്നു കഴിഞ്ഞ ദിവസം സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന് മറുപടി പറഞ്ഞത്.
വിഷയത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കേയാണ് കേന്ദ്രമന്ത്രിമാരുടെ നിരുത്തരവാദപരമായ മറുപടികള്‍. മറുപടി വിവാദമായതോടെ വിശദീകരണവുമായി ധനമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. താന്‍ പറഞ്ഞത് മറ്റൊരര്‍ഥത്തില്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നെന്നാണ് വിശദീകരണം. ഉള്ളി വിലയിലെ സര്‍ക്കാര്‍ നടപടികളെക്കുറിച്ച് സഭയില്‍ മറുപടി നല്കുന്ന വീഡിയോ സഹിതമാണ് ഇന്നലെ നിര്‍മലാ സീതാരാമന് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എന്നാല്‍, ആ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പേ സമാന പരാമര്‍ശവുമായി മറ്റൊരു കേന്ദ്രമന്ത്രിയും രംഗത്തെത്തി. ഉള്ളി വിഷയത്തിലെ ചോദ്യത്തെ ചിരിച്ചുതള്ളിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി അശ്വിനി കുമാര്‍ ചൗബി, താന്‍ ഉള്ളി കഴിക്കാറില്ലെന്നും ഉള്ളിയെ സംബന്ധിച്ച കാര്യങ്ങള്‍ തനിക്കറിയില്ലെന്നും പ്രതികരിച്ചു. താന്‍ വെജിറ്റേറിയനാണ്. ഇതുവരെ ഉള്ളി രുചിച്ചിട്ടുപോലുമില്ല.
അത്തരത്തിലുള്ള എന്നെപ്പോലൊരാള്‍ക്ക് എങ്ങനെ ഉള്ളിയുടെ മാര്‍ക്കറ്റ് വില ഉയരുന്നതും താഴുന്നതും അറിയാന്‍ പറ്റുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. താന്‍ ഉള്ളി കഴിക്കാറില്ലെന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവനയെ ന്യായീകരിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."