കഴക്കൂട്ടത്തെ റെയില്‍വേ വികസനം ചുവപ്പുനാടയില്‍ തന്നെ
കഴക്കൂട്ടം: ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് തല്‍ക്കാലം കഴക്കൂട്ടത്ത് സ്റ്റോപ്പ് ഇല്ല. അതെ സമയം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനെ കാത്ത് വികസനങ്ങളുടെ പെരുമഴ.
ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്‌പ്രൈസിന് കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് ഉത്തരവായെങ്കിലും ഇതുവരെ ഇരു ട്രെയിനുകളും ഇവിടെ നിര്‍ത്താറില്ല.
മറ്റു ദീര്‍ഘദൂര ട്രെയിനുകള്‍ക്കും തല്‍ക്കാലം കഴക്കൂട്ടത്ത് സ്റ്റോപ്പ് ഇല്ല. അഞ്ഞൂറ് കിലോമീറ്ററിനപ്പുറം ടിക്കറ്റുവില്‍പ്പന ഈ സ്റ്റേഷനില്‍ കുറവാണെന്ന മുടന്തന്‍ ന്യായം ഉന്നയിച്ചാണ് കഴക്കൂട്ടം റെയില്‍വേ വികസന ആക്ഷന്‍കൗണ്‍സിലും ടെക്കികളുടെ സംഘടനയായ പ്രതിധ്വനിയും ആവശ്യപ്പെട്ട ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കഴക്കൂട്ടത്ത് തല്‍ക്കാലം സ്റ്റോപ്പ് അനുവദിക്കാത്തത്. അതേ സമയം കഴക്കൂട്ടത്തെ കാത്ത് വികസനങ്ങളുടെ പെരുമഴ തന്നെയാണ് റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വികസനങ്ങള്‍: നിര്‍ഭയ ഫണ്ടില്‍ നിന്നും സി.സി കാമറ സ്ഥാപിക്കും. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്ന എ.ടി.വി.എം. ലഗ്ഗേജ് ട്രോളി. ശരീരികമായി ബുദ്ധിമുട്ടുവര്‍ക്ക് ഉപയോഗിക്കാനായി വീല്‍ ചെയര്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ 23 ബോഗികളില്‍ കയറാന്‍ പറ്റുന്ന ഫ്‌ലാറ്റ് ഫോം.
മൂന്നാം പ്ലാറ്റുഫോമിന്റെ പൊക്കം കൂട്ടി തറയോട് പാകുക മൂന്ന് ഐ.ആര്‍.എസ് ഷെല്‍ട്ടര്‍. നാലു മുറികളുള്ള ബാത്തുറൂം. സി.എ.ഡി ഡിപ്ലോ ബോര്‍ഡ്. അടച്ച് സ്‌ക്രീന്‍ എന്നാല്‍ വികസനം കടലാസില്‍ മാത്രം. ഒന്നും ഇതുവരെ പ്രാബല്യത്തില്‍ വന്നില്ല.
ആലപ്പുഴ വഴിയുള്ള ഒന്നോ രണ്ടോ തീവണ്ടികള്‍ക്ക് കഴക്കൂട്ടത്ത് സ്റ്റോപ്പ് നല്‍കാമെന്ന് രേഖാമൂലം ഡോ.ശശി തരൂര്‍ എം.പിക്ക് നല്‍കിയ ഉറപ്പ് ഏപ്രില്‍ മാസം തന്നെ നടപ്പിലാക്കണമെന്ന് ജനറല്‍മാനേജരോട് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുവരെ ആ ഉറപ്പ് പാലിച്ചിട്ടില്ല.
അഞ്ഞൂറ് കിലോമീറ്ററിനുമപ്പുറം യാത്ര ചെയ്യുന്നവരുടെ ശരാശരി ടിക്കറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന റെയില്‍വേ ബോര്‍ഡിന്റെ വാദം ശരിയല്ലെന്നും ജി.എമ്മിനെ ഭാരവാഹികള്‍ ബോധ്യപ്പെടുത്തി. ഇതു സംബന്ധിച്ച് ഡോ. ശശിതരൂര്‍ എം.പിയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ അറിയിച്ചിട്ടുണ്ട്.
അമ്പതിനായിരത്തിലധികം വരുന്ന ടെക്‌നോപാര്‍ക്കിലെ ഐ.ടി ജീവനക്കാരില്‍ ഭൂരിഭാഗവും ദൂര സ്ഥലങ്ങളില്‍ നിന്ന് വന്നു താമസിക്കുന്നവരാണ്.
അത് കൊണ്ട് തന്നെ ഏറെ നാളായി കഴക്കൂട്ടം റെയിവെ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിന് സ്റ്റോപ്പ് അനുവദിക്കുക എന്ന ആവശ്യവുമായി പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ഐ.ടി ജീവനക്കാര്‍ രംഗത്തുണ്ടായിരുന്നു. ദിവസവും ട്രെയിനില്‍ വീട്ടില്‍ പോയി വരുന്നവര്‍ക്കും വെള്ളിയാഴ്ചകളില്‍ വീട്ടില്‍ പോയി തിങ്കളാഴ്ച വരുന്നവര്‍ക്കും വൈകുന്നേരം ജോലി സമയത്തിന് ശേഷം തമ്പാനൂര്‍ റെയിവേ സ്റ്റേഷനിലേക്ക് എത്തുക എന്നത് ഏറെ പ്രയാസകരമാണ്, അതിനാല്‍ കൂടുതല്‍ പേരും സ്വകാര്യ ബസ് സര്‍വിസുകളെയാശ്രയിക്കുന്നത്. ഇത് ഓരോ വ്യക്തികള്‍ക്കും നല്ല രീതിയില്‍ സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നുണ്ട്. നാഗര്‍കോവില്‍ ഭാഗത്ത് നിന്ന് വരുന്ന നൂറ് കണക്കിന് ജീവനക്കാര്‍ക്ക് രാവിലെ ജയന്തി ജനത ട്രെയിന്‍ കഴക്കൂട്ടത്ത് നിര്‍ത്തിയാല്‍ വളരെ ഉപകാരപ്രദമാകും, അവര്‍ക്ക് വൈകുന്നേരം തിരിച്ചു പോകാനുള്ള പരശുറാം ട്രെയിന്‍ ഇവിടെ നിര്‍തുന്നുണ്ട്. ടെക്‌നോപാര്‍ക്കിലെ ഐ.ടി ജീവനക്കാരുടെ ഇത്തരത്തിലുള്ള യാത്ര ക്ലേശങ്ങളും അതെങ്ങനെ ഓരോരുത്തരുടെയും വക്തി ജീവിതത്തെ ബാധിക്കുന്നു എന്നു പൊതു സമൂഹത്തെയും ഭരണാധികാരികളെയും ബോധ്യപെടുത്തുന്നതിനായി ലിബറേറ്റര്‍സ്‌ലൈബ്രേറിയസ് എന്ന ഹ്രസ്വ ചിത്രം ഒരുക്കിയാണ് അഞ്ച് വര്‍ഷം മുന്‍പ് പ്രതിധ്വനി ആദ്യമായി ട്രെയിന്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തത്. കൂടുതല്‍ ട്രെയിനിനു സ്റ്റോപ്പ് അനുവദിപ്പിക്കുന്നതിനായി എണ്ണമറ്റ ക്യാംപയിനുകളാണ് പ്രതിധ്വനി നടത്തിയത്.
ടെക്‌നോപാര്‍ക് മെയിന്‍ ഗേറ്റില്‍ നിന്നും ആരംഭിച്ച റാലിയില്‍ നൂറ് കണക്കിന് ടെക്കികളാണ് അന്ന് പങ്കെടുത്തത്. കേന്ദ്ര റെയില്‍വേ മന്ത്രിമാര്‍ , ഡോ: ശശി തരൂര്‍ എം.പി, ഡോ: സമ്പത് എം.പി, എം.എല്‍.എമാര്‍, മാറി മാറി വരുന്ന തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ മാര്‍ ( രാജേഷ് അഗര്‍വാള്‍ , സുനില്‍ ബാജ്‌പേയ്, പ്രകാശ് ഭൂട്ടാനി), സതേണ്‍ റെയില്‍വേ ജി.എം ശ്രീ കുല്‍ക്ഷേത്ര (2018 മാര്‍ച്ച്) തുടങ്ങിയവര്‍ക്കൊക്കെ റെയില്‍വേ സ്റ്റോപ്പുകളുടെ ആവശ്യം ബോധ്യപ്പെടുത്തി നിരവധി അഭ്യര്‍ഥനകളാണ് നല്‍കിയത്.
കഴക്കൂട്ടം എം.എല്‍.എയും മന്ത്രിയുമായിരുന്ന ശ്രീ കടകംപള്ളി സുരേന്ദ്രനും നിവേദനം നല്‍കുകയും അദ്ദേഹം കൂടുതല്‍ സ്റ്റോപ്പ് ലഭിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രിക്കു നിവേദനം നല്‍കുകയും ചെയ്തിരുന്നു. സിഗ്‌നേച്ചര്‍ കാംപയിനും സെല്‍ഫി വീഡിയോ കാംപയിനും ഹാഷ് ടാഗ് കാംപിനും ഉള്‍പ്പെടെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളാണ് റെയില്‍വേയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പെടുത്താന്‍ വേണ്ടി പ്രതിധ്വനി നടത്തിയത്. ആവശ്യം ന്യായമാണ് എന്ന ബോധ്യം എല്ലാവരും ബോധ്യപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ സ്റ്റോപ്പുകള്‍ പ്രവര്‍ത്തികമാകുന്നതില്‍ പൂര്‍ണമായും അവഗണിക്കപ്പെടുന്നു എന്ന് ബോധ്യമായതിനാലാണ് കഴിഞ്ഞ വര്‍ഷം പ്രത്യക്ഷ പ്രതിഷേധ റാലിയിലേക്ക് ഞങ്ങള്‍ എത്തിയത്.
അതിന് ശേഷം ആലപ്പുഴ വഴിയുള്ള ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ പച്ചക്കൊടി കാട്ടിയെങ്കിലും റെയില്‍വേ ബോര്‍ഡിന്റെ അനുമതി ഇതുവരെ ലഭിച്ചില്ല.ട്രെയിന്‍ സ്റ്റോപ്പ് ലഭിക്കാന്‍ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള സമര മാര്‍ഗങ്ങളിലേക്ക് പോകാന്‍ പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ഐ.ടി ജീവനക്കാര്‍ ഒരുങ്ങുകയാണ്. രാത്രി എട്ടുമണി കഴിഞ്ഞാല്‍ യാതൊരു വിധ സുരക്ഷയും ഇല്ലാത്തതാണ് കഴക്കൂട്ടം റെയില്‍വെ സ്റ്റേഷന്റെ മറ്റൊരു പ്രധാന വിഷയം. ട്രെയിനില്‍ യാത്രയ്ക്കായി വരുന്ന യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് യാതൊരു സുരക്ഷയും ഇവിടെ ഇല്ല.
ഇതിനോടകം തന്നെ പല യാത്രക്കാരുടെയും സ്‌കൂട്ടറുകള്‍ മോഷണം പോയി. തുമ്പ പൊലിസില്‍ പരാതി കൊടുത്തിട്ടും യാതൊരു വിധ നടപടിയും ഉണ്ടായില്ല. പ്രിപെയ്ഡ് ഓട്ടോ കൗണ്ടര്‍ ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. തെരുവുനായ ശല്യമാണ് മറ്റൊരു പ്രശ്‌നം. ദൈനം ദിനം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഐ.ടി നഗരമായ കഴക്കൂട്ടത്തെ റെയില്‍വേയുടെ വികസനം മാത്രം ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."