സഫയുടെ തുടര്‍പഠനം മുസ്ലിംലീഗ് ഏറ്റെടുത്തു
മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി രാജ്യത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റിയ സഫയുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് ഇനി മുസ്‌ലിം ലീഗിന്റെ സഹായവും. സഫയുടെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ ചെലവും മലപ്പുറം ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി ഏറ്റെടുത്തതായി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കരുവാരക്കുണ്ട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിനിയാണ് സഫ ഫെബിന്‍. കഴിഞ്ഞ ദിവസം സ്‌കൂളില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. ചടങ്ങ് ആരംഭിക്കും മുന്‍പ് തന്നെ ഞാന്‍ ഇംഗ്ലീഷിലാണ് പ്രസംഗിക്കുന്നതെന്നും പരിഭാഷപ്പെടുത്താന്‍ വിദ്യാര്‍ഥികളില്‍ നിന്ന് ആരെങ്കിലും തയാറാവുമോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇതുകേട്ട സഫ വേദിയിലെത്തുകയായിരുന്നു.
സഫയുടെ പരിഭാഷ എല്ലാവരെയും അല്‍ഭുതപ്പെടുത്തിയതായും വിദ്യാഭ്യാസ രംഗത്ത് മലപ്പുറത്തിന്റെ മുന്നേറ്റമാണിത് സൂചിപ്പിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സഫയെപോലുള്ളവര്‍ ഉയര്‍ന്നുവരണമെന്നും തങ്ങള്‍ പറഞ്ഞു. കിഴക്കേത്തല അല്‍ റഫ ഓഡിറ്റോറിയത്തില്‍ നടന്ന കരുവാരക്കുണ്ട് സഊദി കെ.എം.സി.സി മീറ്റില്‍ സഫ ഫെബിനെ ആദരിച്ചു. വിവിധ കോണുകളില്‍ നിന്നും ഈ വിദ്യാര്‍ഥിനിക്കുള്ള അഭിനന്ദന സന്ദേശങ്ങളും ആദരവുകളും തേടിയെത്തുകയാണ്.
രാഹുല്‍ ഗാന്ധി സ്വന്തം ഫെയ്സ് ബുക്ക് പേജില്‍ പരിഭാഷയും അഭിപ്രായവും രേഖപ്പെടുത്തിയതോടെ ആയിരക്കണക്കിനാളുകള്‍ സഫയുടെ പ്രകടനം ഇതിനോടകം കണ്ടുകഴിഞ്ഞു. സഫയുടെ പിതാവ് കുഞ്ഞിമുഹമ്മദ് മൗലവിയേയും നിരവധി പേര്‍ അഭിനന്ദനം അറിയിച്ചു. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രഫ. രവീന്ദ്രനാഥ്, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ തുടങ്ങി പല പ്രമുഖരും നേരിട്ട് അഭിനന്ദനമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."