രോഗിയുടെ കാല് മാറി ശസ്ത്രക്രിയ: പ്രതിഷേധം ശക്തം
നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ രോഗിയെ കാല് മാറി ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ക്ക് പിഴവു പറ്റിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ മണിക്കൂറുകളോളം ഓഫിസ് പൂട്ടിയിട്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ഉച്ചക്ക് ഒരു മണിക്ക് തുടങ്ങിയ സമരം വൈകീട്ട് 5 മണിയോടെയാണ് അവസാനിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ എത്തിയപ്പോള്‍ ആശുപത്രി സുപ്രണ്ട് സ്ഥലത്തില്ലായിരുന്നു. തുടര്‍ന്നാണ് ഓഫിസ് പുറത്തുനിന്നും അടച്ച് പ്രതിഷേധക്കാര്‍ കുത്തിയിരുപ്പു സമരം തുടങ്ങിയത്.
സമരം തുടങ്ങയതോടെ ഓഫിസില്‍ നിന്നും ജീവനക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെയായി. പിന്നീട് പ്രശ്നം ചര്‍ച്ച നടത്താന്‍ ആര്.എം.ഓ സ്ഥലത്തെത്തി. മേലുദ്യോഗസ്ഥന്മാര് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ മാത്രമേ കാര്യങ്ങള്‍ നടത്താനാവു എന്നു ആര്.എം.ഓ അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയില്ല. തുടര്‍ന്ന് ആശുപത്രി സുപ്രണ്ട് ഡോ.സി.ഹമീദ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.
ഡോക്ടര്‍ക്കെതിരെ നടപടി എന്ന ആവശ്യത്തില്‍ നിന്നും പ്രതിഷേധക്കാര്‍ പിന്‍വാങ്ങാതെ സുപ്രണ്ടിനെ ഉപരോധിക്കാനും തുടങ്ങി. സുപ്രണ്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് നിലമ്പൂര്‍ സി.ഐ കെ.എം.ബിജുവിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തുകയും ചെയ്തു.
ഒടുവില്‍ വിഷയം ജില്ലാ മെഡിക്കല്‍ ഓഫിസറെ അറിയിക്കാം എന്നും മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാം എന്നും സുപ്രണ്ട് എഴുതി നല്‍കിയതോടെയാണ് പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചത്. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും സമരക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."