കാലാവസ്ഥാ വ്യതിയാനം: കടലില്‍ ഓക്‌സിജന്റെ അളവ് കുറയുന്നു
മാഡ്രിഡ്: കാലാവസ്ഥാ വ്യതിയാനം മൂലം കടലില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. ഐ.യു.സി.എന്‍ എന്ന പ്രകൃതിസംരക്ഷണ സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
നൈട്രജന്‍, ഫോസ്ഫറസ് തുടങ്ങിയവ ജലത്തില്‍ കലര്‍ന്ന് വളത്തെപ്പോലെ പ്രവര്‍ത്തിച്ച് ആല്‍ഗകളുടെ ആധിക്യത്തിനിടയാക്കുന്നതും ജലത്തിലെ ഓക്‌സിജന്റെ അളവ് കുറയാനിടവരുത്തുന്നു. രാസവസ്തുക്കള്‍ കടല്‍ജലത്തില്‍ കലരുന്നതും തീരപ്രദേശത്തെ ജലത്തില്‍ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നു. 1960കളില്‍ 45 സമുദ്രഭാഗങ്ങളില്‍ ഓക്‌സിജന്റെ അളവ് കുറവായിരുന്നു. എന്നാല്‍, ഇന്ന് 700 ഇടങ്ങളില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞു. ചൂരമീന്‍ (ടൂണ), മാലിന്‍ മത്സ്യം, സ്രാവുകള്‍ എന്നിവയ്ക്ക് ഇത് വലിയ ഭീഷണിയാണെന്ന് ഗവേഷകര്‍ പറയുന്നു.
കാര്‍ബണ്‍ഡൈഓക്‌സൈഡ് പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ കൂടുതലായി പുറന്തള്ളപ്പെടുന്നതിനാല്‍ കടല്‍ കൂടുതല്‍ ചൂടിനെ സ്വാംശീകരിക്കുന്നു. അതിനാല്‍ കുറച്ച് ഓക്‌സിജനേ നിലനില്‍ക്കൂ.
അന്തരീക്ഷത്തിലെ ചെറിയ വ്യത്യാസങ്ങള്‍പോലും കടലിലെ ജീവികളെ ബാധിക്കുന്നു. കുറഞ്ഞ ഓക്‌സിജന്‍ മാത്രം ആവശ്യമായ ജെല്ലി ഫിഷ് പോലുള്ളവയ്ക്ക് ഇത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ല. എന്നാല്‍, ചൂരമീന്‍, സ്രാവ് പോലുള്ളവയെ ഇത് സാരമായി ബാധിക്കും. വലിയ മത്സ്യങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമാണ്.
മാലിന്യങ്ങള്‍ കടലിലേക്ക് പുറന്തള്ളുന്നത് തുടര്‍ന്നാല്‍ 2100ഓടെ ഓക്‌സിജന്റെ അളവ് 3-4 ശതമാനം കുറയുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്രജലത്തെ ചൂടുപിടിപ്പിക്കുന്ന ഹരിതഗൃഹവാതകങ്ങളും ഫോസ്ഫറസ് പോലുള്ള രാസവസ്തുക്കളും പുറന്തള്ളുന്നത് കുറച്ചെങ്കിലേ സമുദ്രത്തെയും ജൈവവൈവിധ്യത്തെയും രക്ഷിക്കാനാവൂവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."