സൊഹ്റാബുദ്ദീന്‍ കേസില്‍ വിധി 21ന്
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ട സൊഹ്റാബുദ്ദീന്‍ ശൈഖ്, തുളസി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ പൂര്‍ത്തിയായി. മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി മുന്‍പാകെ വിചാരണ നടന്ന കേസില്‍ ഈ മാസം 21ന് വിധി പുറപ്പെടുവിക്കുമെന്ന് ജഡ്ജി അറിയിച്ചു. വ്യാഴാഴ്ച കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ കേസ് വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു. പ്രതികള്‍ കുറ്റം ചെയ്തതായി കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായി സി.ബി.ഐ പ്രോസിക്യൂട്ടര്‍ ബി.പി രാജു കോടതിയെ അറിയിച്ചു.
2005 നവംബറില്‍ അധോലോക നായകന് സൊഹ്റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും സുഹൃത്ത് പ്രജാപതിയെയും മുംബൈയില്‍ വച്ച് ഗുജറാത്ത് പൊലിസ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം, മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താനെത്തിയ തീവ്രവാദിയെന്ന് ആരോപിച്ച് സൊഹ്റാബുദ്ദീനെ വെടിവച്ചുകൊന്നു. രണ്ടുദിവസത്തിനു ശേഷം കൗസര്‍ബിയെയും കൊലപ്പെടുത്തി.
ഈ രണ്ടു സംഭവങ്ങള്‍ക്കും സാക്ഷിയായ പ്രജാപതിയെ അടുത്ത വര്‍ഷവും കൊലപ്പെടുത്തുകയും ചെയ്തെന്നാണ് സി.ബി.ഐ കേസ്. ഈ മൂന്നു സംഭവങ്ങളും ഒറ്റ കേസായാണ് സി.ബി.ഐ പരിഗണിക്കുന്നത്. വന്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സംഭവങ്ങളില്‍ പ്രധാനസാക്ഷികള്‍ കൂറുമാറിയത് കേസിനെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."