ഒഴുക്കില്‍പെട്ട മൂന്നുപേരെ സാഹസികമായി രക്ഷിച്ച് പതിനെട്ടുകാരന്
ഗുരുവായൂര്‍: പാറന്നൂര്‍ ചിറയില്‍ ഒഴുക്കില്‍പ്പെട്ട അമ്മയേയും മക്കളേയും രക്ഷിച്ചത് സാലിഹിന്റെ മനശക്തി. മൂന്നു ജീവനുകള്‍ രക്ഷിക്കാനായി ചിറയിലേക്ക് എടുത്തുചാടിയപ്പോള്‍ ശരീരത്തിലുണ്ടായ വേദനയില്‍ നിന്നും ഇനിയും മുക്തനായിട്ടില്ലാത്ത സാലിഹ് കൂട്ടുകാരുടേയും നാട്ടുകാരുടേയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഞായറാഴ്ച വൈകുന്നേരം കേച്ചേരിക്കടുത്ത പാറന്നൂര്‍ ചിറയില്‍ ഒഴുക്ക് കൂടുതലായിരുന്നു, കാണാന്‍ സഞ്ചാരികളും. കാറ്ററിങ്ങ് ജോലിയുമായി ബന്ധപ്പെട്ട് അതുവഴി പോയപ്പോള്‍ ഗുരുവായൂര്‍ പുളിച്ചാറം വീട്ടില്‍ സാലിഹും കുറച്ചുനേരം വാഹനമൊതുക്കി ചിറയുടെ സൗന്ദര്യം നോക്കിനിന്നു. പൊടുന്നനെയാണ് തൊട്ടപ്പുറത്ത് ചിറയില്‍ കളിച്ചിരുന്ന ബാലന് ഒഴുക്കില്‍പെട്ടത്. നിലവിളിച്ചുകൊണ്ട് അവന്റെ അമ്മയും സഹോദരിയും ഒപ്പം ചാടി. മൂവരും ഒഴുക്കില്‍പെട്ട് രക്ഷതേടാന്‍ കൈകളുയര്‍ത്തുന്നു. ചിറ കാണാനെത്തിയവരെല്ലാം അപകടത്തില്‍ സ്തബ്ധരായി നില്ക്കവേ സാലിഹ് വെള്ളത്തിലേക്ക് എടുത്തുചാടി. താഴ്ന്നുപോകുന്നവര് രക്ഷപ്പെടാനായി സാലിഹിനെ പൊതിഞ്ഞു. താനും അപകടത്തില്‍ പെട്ടുവെന്ന് കരുതിയെങ്കിലും ഉടന്‍ ഓരോരുത്തരെയായി വേര്‍പെടുത്തി. ഇരുകൈകളില്‍ ഓരോരുത്തരെ പിടിച്ച് മുകളിലേക്ക് വന്ന് കരക്കടുപ്പിച്ചു. വീണ്ടും ഒഴുക്കിലേക്ക് ചാടി മൂന്നാമത്തെയാളേയും രക്ഷിച്ചു.
അവശനായ സാലിഹിനെ നാട്ടുകാര്‍ വീട്ടില്‍ കൊണ്ടുപോയി ശുശ്രൂഷിച്ചു. ഏറെ നേരത്തിനു ശേഷമാണ് സാലിഹിന് പൂര്‍ണ്ണസ്ഥിതി തിരിച്ചുകിട്ടിയത്. ഗുരുവായൂര്‍ ആക്ട്സിലെ ഏറ്റവും പ്രായംകുറഞ്ഞ മെമ്പറാണ് സാലിഹ്. പ്ലസ്ടുവിന് ശേഷം കെല്‍ട്രോണില്‍ ലോജിസ്റ്റിക് കോഴ്സ് പഠിക്കുന്നു. ഒഴിവു സമയങ്ങളില്‍ കാറ്ററിങ്ങ് ജോലിക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുകയാണ് ഈ പതിനെട്ടുകാരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."