തൊഴിലുറപ്പ് പദ്ധതി: അതിയന്നൂര്‍ ബ്ലോക്കില്‍ തൊഴില്‍ ദിനങ്ങള്‍ മൂന്ന് ലക്ഷം കടന്നു
തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സൃഷ്ടിച്ചത് 302513 തൊഴില്‍ ദിനങ്ങള്‍. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 9,80,63,000 രൂപ ചെലവഴിച്ചു. ഗ്രാമപഞ്ചായത്ത് തലത്തില്‍ കോട്ടുകാല്‍ പഞ്ചായത്താണ് 80970 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു മുന്നില്‍ നില്‍ക്കുന്നത്.
മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തികള്‍ക്ക് പ്രാധാന്യം നല്‍കി 190 ഫാം പോണ്ടുകള്‍, 18 കിണറുകള്‍, 28 വ്യക്തിഗത ടോയ്‌ലെറ്റുകള്‍ എന്നിവ നിര്‍മിച്ചു.
പഞ്ചായത്ത് അതിര്‍ത്തിയിലെ കനാലുകളുടെ പുനരുദ്ധാരണ ജോലികള്‍ ഉടന്‍ ആരംഭിക്കും.
കൃഷിഭൂമിയോടു ചേര്‍ന്ന് കോണ്ടൂര്‍ ബണ്ട്, ട്രഞ്ച്, മഴക്കുഴി, കമ്പോസ്റ്റ് പിറ്റ് എന്നിവ നിര്‍മിച്ചതിലൂടെ കര്‍ഷകരുടെ ജലദൗര്‍ലഭ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുവാനും സാധിച്ചു. ലൈഫ് പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് കെട്ടിടനിര്‍മാണത്തിനാവശ്യമായ സിമന്റ് കട്ടകള്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മിച്ചു നല്‍കുന്നുണ്ട്.
ഹരിത കേരളാ മിഷന്റെ ഭാഗമായി ജലശ്രീ പദ്ധതി പ്രകാരം അഞ്ച് ഗ്രാമപഞ്ചായത്തുകളിലും ജലസഭകള്‍ കൂടുകയും കുളങ്ങള്‍ പുനരുദ്ധാരണം നടത്തി കയര്‍ ഭൂവസ്ത്രം വിരിച്ചു ബണ്ടുകള്‍ ബലപ്പെടുത്തി. വിവിധ പഞ്ചായത്തുകളില്‍ വൃക്ഷതൈ ഉല്‍പ്പാദനത്തിനായി അഗ്രിക്കള്‍ച്ചര്‍ നഴ്‌സറികളും പ്രവര്‍ത്തിക്കുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ക്കാണ് അടുത്ത സാമ്പത്തിക വര്‍ഷം പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."