ഭാരതീയം ചരിത്രസ്മൃതിയാത്രക്ക് ഇന്ന് തുടക്കം
ഗുരുവായൂര്‍: ചരിത്രസ്മരണകള്‍ അലയടിക്കുന്ന ഗുരുവായൂരിന്റെ മണ്ണില്‍ നിന്നും മാനവീകതയുടെ കൊടിക്കൂറ ഉയര്‍ത്തി ഭാരതീയം ചരിത്രസ്മൃതിയാത്രക്ക് ഇന്ന് തുടക്കം. തീവ്രവാദികള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് ജില്ലയില്‍ ഏഴുദിവസം പര്യടനം നടത്തുന്ന ഈ സ്മൃതിയാത്ര ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ത്ത അവിസ്മരണീയ ദിനമാണ് ഓഗസ്റ്റ് 9.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുകയെന്ന ദേശാഭിമാന പ്രചോദകമായ മുദ്രാവാക്യം ഉയര്‍ത്തിനടന്ന ക്വിറ്റ് ഇന്ത്യാ സമരം നടന്ന ദിനം. ജ്വലിക്കുന്ന ഓര്‍മ്മകള്‍ നിറയുന്ന ആ സമരത്തിന്റെ വാര്‍ഷികദിനത്തിലാണ് എസ്.കെ.എസ്.എസ്.എഫ് ഭാരതീയം സ്മൃതിയാത്ര ആരംഭിക്കുന്നത്. മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശമേറ്റ ഗുരുവായൂരില്‍ ആ മഹാത്മാവിന്റെ പേരില്‍ തന്നെയാണ് സമ്മേളന നഗരി.
ഉച്ചക്ക് രണ്ടിന് മഹാത്മാഗാന്ധി നഗറില്‍ (ടൗണ്‍ഹാള്‍) നടക്കുന്ന ഉദ്ഘാടന സമ്മേളനം ശ്രദ്ധേയമാകും. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സാമൂഹ്യ-രാഷ്ട്രീയ ആധ്യാത്മിക സദസിലെ പ്രമുഖര്‍ പ്രസംഗിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളും പ്രഗത്ഭരായ പ്രഭാഷകരുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീര്‍ ഫൈസി ദേശമംഗലവുമാണ് ജാഥ നയിക്കുന്നത്. തീവ്രവാദത്തിനും ഫാസിസത്തിനും ചരിത്രവക്രീകരണത്തിനുമെതിരെ നടക്കുന്ന ജാഥ ഓഗസ്റ്റ് 14ന് കയ്പമംഗലത്ത് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."