കിറ്റുകള്‍ പൂഴ്ത്തിയ സംഭവം; റവന്യൂ ഉദ്യോഗസ്ഥര്‍ കാരശ്ശേരി പഞ്ചായത്തില്‍ പരിശോധന നടത്തി
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ പ്രളയ ദുരിതബാധിതര്‍ക്കായി ജില്ലാ ഭരണകൂടം നല്‍കിയ കിറ്റുകള്‍ പൂഴ്ത്തിവെച്ചതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ റവന്യു സംഘം പരിശോധന നടത്തി. ജില്ല ദുരന്തനിവാരണ സേനയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ റംല, തഹസില്‍ദാര്‍ പ്രേമന്‍ എന്നിവരാണ് പരിശോധനക്കെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളുടെ പരാതിയെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് സംഘം എത്തിയത്. ഇന്നലെ വൈകിട്ട് 2.30 ഓടെ പഞ്ചായത്ത് ഓഫിസിലെത്തിയ സംഘം ആദ്യം പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും പിന്നീട് പരാതിക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് കാരശ്ശേരിയിലേയും കറുത്തപറമ്പിലേയും സാംസ്‌കാരിക നിലയങ്ങളിലെത്തി കിറ്റുകള്‍ പരിശോധിച്ചു. ജില്ലാ കലക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ റംല പറഞ്ഞു. മുഴുവന്‍ കിറ്റുകളും ജില്ലാ ഭരണകൂടം നല്‍കിയതാണോ എന്ന് രേഖകള്‍ പരിശോധിച്ച ശേഷം മാത്രമേ പറയാനാവൂ എന്നും ചില പെട്ടികള്‍ പൊളിച്ച നിലയിലും സ്റ്റിക്കറുകള്‍ എടുത്തു മാറ്റിയ നിലയിലും കണ്ടതായും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. അതിനിടെ പരാതിക്കാരും യു.ഡി.എഫ് നേതാക്കളും റവന്യു സംഘവുമായി നിരവധി തവണ പഞ്ചായത്ത് ഓഫിസില്‍ വെച്ചും സാംസ്‌കാരിക നിലയങ്ങളില്‍ വെച്ചും വാക്കേറ്റമുണ്ടായി.
കിറ്റുകള്‍ പൂഴ്ത്തിവെച്ചതുമായി ബന്ധപ്പെട്ട് കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി നിലപാട് മാറ്റിയതും വിവാദമായിട്ടുണ്ട്. സാധനങ്ങള്‍ ലഭിച്ചത് തനിക്കറിയില്ലെന്നും തന്റെ ഉത്തരവാദിത്വത്തിലല്ല സൂക്ഷിച്ചതെന്നും നേരത്തെ നിലപാട് സ്വീകരിച്ച സെക്രട്ടറി ഇന്നലെ കിട്ടിയ സാധനങ്ങളുടെ ലിസ്റ്റുമായാണ് എത്തിയത്. പക്ഷെ നേരത്തെ എണ്ണി തിട്ടപ്പെടുത്തി തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നും ഒരു കിറ്റ് അധികം ലഭിച്ചതും പൊട്ടിച്ച നിലയില്‍ കണ്ടത്തിയതും സെക്രട്ടറിയെ പ്രതിരോധത്തിലാക്കി. 157 കിറ്റുകള്‍ ജില്ലാ ഭരണകൂടം അനുവദിച്ചുവെന്നാണ് സെക്രട്ടറിയുടെ കയ്യിലുള്ള രേഖയിലുള്ളതെങ്കില്‍ റവന്യു ഉദ്യോഗസ്ഥര്‍ എണ്ണി നോക്കിയപ്പോള്‍ 158 കിറ്റുകള്‍ ഉണ്ടായിരുന്നു.
മാത്രമല്ല മറ്റു പഞ്ചായത്തുകളിലെല്ലാം റവന്യു വകുപ്പ് കിറ്റ് വിതരണം നടത്തുമ്പോള്‍ കാരശ്ശേരിയില്‍ മാത്രമാണ് പഞ്ചായത്ത് സെക്രട്ടറിക്ക് സാധനങ്ങള്‍ നല്‍കിയത്. ഇതും സംശയത്തിനിടയാക്കുന്നതായി യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായതായും കലക്ടറുടെ തുടര്‍നടപടിക്കനുസരിച്ച് തങ്ങള്‍ സമരം ആസൂത്രണം ചെയ്യുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."