വിമാനത്താവള റോഡിന് സമീപം ആള്‍മറയില്ലാതെ 'മരണക്കിണറുകള്‍'
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റോഡിരികിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലെ കിണറുകള്‍ മരണക്കിണറുകളാകുന്നു. വിദേശത്തുനിന്നെത്തിയ സുഹൃത്തിനെ സ്വീകരിക്കാന്‍ കാറുമായി വിമാനത്താവളത്തിലെത്തിയ കോഴിക്കോട് എടക്കാട് കുറുങ്ങാടം രഞ്ജിത്ത്(32)ആണ് ഇന്നലെ വിമാനത്താവള റോഡരികിലെ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചത്. വിമാനത്താവളത്തിനോട് ചേര്‍ന്നുളള ഉപയോഗ ശൂന്യമായ കിണറുകള്‍ രാത്രിയിലും പകലിലും അപരിചതര്‍ക്ക് പേടി സ്വപ്നമാണ്. ആള്‍മറിയില്ലാത്ത കിണര്‍ നടപ്പാതയോട് ചേര്‍ന്നാണ് നില്‍ക്കുന്നത്.
ഒഴിഞ്ഞ പറമ്പില്‍ മൂത്രമൊഴിക്കാന്‍ പോയപ്പോഴാണ് രജ്ഞിത്തിന് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്.
എട്ടോടെ സുഹൃത്ത് വിമാനം ഇറങ്ങിയിട്ടും രഞ്ജിത്തിനെ കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രഞ്ജിത്തിന്റെ കാര്‍ വിമാനത്താവള കവാടത്തിന് 200 മീറ്റര്‍ അകലെ റോഡരികില്‍ കണ്ടത്. തുടര്‍ന്ന് സമീപത്തെ കുഴികളിലും കിണറുകളിലും പരിശോധിച്ചപ്പോഴാണ് മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹം കണ്ടെത്. ആഴമുളള കിണറിന് സമീപത്ത് തന്നെ മറ്റൊരു മാലിന്യം നിറഞ്ഞ കിണറുമുണ്ട്. വിമാനത്താവള റോഡരികിലെ ഒഴിഞ്ഞ പറമ്പുകളില്‍ പലയിടത്തും മരണക്കെണിയൊരുക്കി കിണറുകളുണ്ടെന്ന് നാട്ടുകാരും പറയുന്നു. ഇവ മണ്ണിട്ട് മൂടുകയോ,സംരക്ഷണ ഭിത്തി കെട്ടി അപകടം ഒഴിവാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ യുവാവ് വീണ് മരിച്ച കിണര്‍ പൊലീസ് താല്‍ക്കാലിക വേലികെട്ടി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്.
കിണറിലെ വെള്ളത്തിന് ചുവപ്പ് നിറം; പരിശോധിച്ചപ്പോള്‍ യുവാവിന്റെ മൃതദേഹം
കൊണ്ടോട്ടി: കിണറില്‍നിന്ന് വെള്ളം കോരാനെത്തിയ വീട്ടുകാര്‍ വെള്ളത്തിന്റെ നിറംമാറ്റം കണ്ട് പരിശോധിച്ചപ്പോള്‍ കണ്ടത് മൃതദേഹം. തുടര്‍ന്ന് അയല്‍വാസികളേയും പൊലിസിനേയും വിവരമറിയിച്ചു. പ്രദേശവാസിയായ പുളിക്കല്‍ പൂവത്തിക്കോട്ട ചാളക്കണ്ടി ശശിധരന്റെ(42)മൃതദേഹമാണ് കിണറ്റിലുള്ളതെന്ന് അറിഞ്ഞ് നാട് നടുങ്ങി.
വ്യാഴാഴ്ച രാത്രി പത്തരക്ക് ശേഷമാണ് അപകടം നടന്നതെന്ന് കരുതുന്നു. പുളിക്കല്‍ അങ്ങാടിയില്‍നിന്നു രാത്രി വീട്ടിലേക്ക് വരുമ്പോള്‍ വഴിയരികിലുള്ള കിണറിലേക്ക് വീണതാകാം എന്ന് സംശയിക്കുന്നു. കിണറിന് ആള്‍മറയില്ലായിരുന്നു. ഫയര്‍ഫോഴ്‌സും പൊലിസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കിണറില്‍ നിന്നെടുത്തത്.അപകടത്തില്‍ ശിരസ് പിളര്‍ന്നിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."