കാര്‍ഷിക ഗ്രാമീണ ചന്തയൊരുക്കി തച്ചമ്പാറയിലെ കര്‍ഷകര്‍
മണ്ണാര്‍ക്കാട്: കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് യഥാര്‍ഥ വില കിട്ടുന്നില്ല, ഇട നിലക്കാരാണ് ലാഭം കൊയ്യുന്നതെന്നാണ് പൊതുവേ കാര്‍ഷിക മേഖലയിലെ പരാതി. എന്നാല്‍ തച്ചമ്പാറയിലെ കര്‍ഷകര്‍ക്ക് ഈ പരാതിയില്ല. ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്നവ ഇവര്‍ തന്നെ ഇടനിലക്കാരില്ലാതെ വില്‍പന നടത്തുകയാണ് ചെയ്യുന്നത്.
തച്ചമ്പാറ കൃഷി ഭവന്‍, പച്ചക്കറി ക്ലസ്റ്റര്‍, ആത്മ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തച്ചമ്പാറ താഴെ കവലയില്‍ ആഴ്ചയില്‍ ആറു ദിവസവും കാര്‍ഷിക ഗ്രാമീണ ചന്ത നടത്തിയാണ് കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നത്. കര്‍ഷകരുടെ തനത് ഉല്‍പന്നങ്ങള്‍, കുടുംബശ്രീ അംഗങ്ങളുടെ ഉല്‍പന്നങ്ങള്‍, കുടില്‍ വ്യവസായമായുണ്ടാക്കുന്ന വസ്തുക്കള്‍ എന്നിവ വിറ്റഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ജനുവരിയില്‍ ഗ്രാമീണ ചന്ത തുടങ്ങിയത്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ അവര്‍ നിശ്ചയിക്കുന്ന വിലക്ക് ഇടനിലക്കാരില്ലാതെ വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ഗ്രാമീണ ചന്തകള്‍ തുടങ്ങിയിരുന്നു.
കുടുംബശ്രീയും കൃഷി ഭവനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ചേര്‍ന്ന് നടത്തുന്ന ഗ്രാമീണ ചന്തകള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാനും പ്രവര്‍ത്തനങ്ങള്‍ക്കും ഓരോ ലക്ഷംരൂപ വീതം സര്‍ക്കാര്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 90 ശതമാനം ഗ്രാമീണ ചന്തകളും ഇതിനകം പ്രവര്‍ത്തനം നിലച്ചു.
തച്ചമ്പാറയില്‍ ബുധനാഴ്ച ദിവസങ്ങളിലായിരുന്നു തുടക്കത്തില്‍ ചന്ത പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ മുതല്‍ രാത്രി വരെ ചന്തയുണ്ട്. തച്ചമ്പാറ കൃഷി ഭവന്റെ കീഴിലുള്ള പച്ചക്കറി ക്ലസ്റ്റര്‍ ഭാരവാഹികളാണ് നടത്തിപ്പുകാര്‍. രാവിലെ ഓരോ കര്‍ഷകരും അവരുടെ ഉല്‍പന്നങ്ങള്‍ കൊണ്ടുവരും. വൈകുന്നേരത്തോടെ എല്ലാം വിറ്റഴിയും. പഞ്ചായത്തിലെ കര്‍ഷകരുടെ മിക്കവാറും പച്ചക്കറികളും ഇവിടെയാണ് വിറ്റഴിക്കുന്നത്.
നാടന്‍ കോഴിമുട്ട, തേന്‍, നാടന്‍ തൈര് തുടങ്ങിയവക്കും ഇവിടെ ആവശ്യക്കാര്‍ ഏറെയാണ്. വാഴക്കുലയടക്കമുള്ളവ ഇവിടെനിന്നും വാങ്ങാന്‍ മൊത്ത വ്യാപാരികള്‍ പോലും വരുന്നുണ്ട്. പരമാവധി വിലയും റൊക്കം പണവും കര്‍ഷകര്‍ക്ക് ലഭിക്കും.
തച്ചമ്പാറ ആത്മ ഇക്കോഷോപ്പിനോടനുബന്ധിച്ചാണ് ഗ്രാമീണ ചന്ത നടക്കുന്നത്. പച്ചക്കറി ക്ലസ്റ്റര്‍ ഭാരവാഹികളായ സുന്ദരന്‍, ബിനോയ് ജേക്കബ്, എം. സുലൈമാന്‍, ഗോപാകൃഷ്ണന്‍ തുടങ്ങിയവരാണ് ഗ്രാമീണ ചന്തക്ക് നേതൃത്വം കൊടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."