മാപ്പിളപ്പാട്ടില്‍ ബദറുദ്ദീന്‍ മാഷിന്റെ ശിഷ്യര്‍
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഇശല്‍ മഴ പെയ്യുന്ന മാപ്പിളപ്പാട്ട് വേദിയില്‍ ബദറുദ്ദീന്‍ മാഷിന്റെ കുട്ടികളാണ് താരങ്ങള്‍.
ഏഴു ജില്ലകളില്‍ നിന്ന് വിവിധ വിഭാഗങ്ങളിലായി 24 വിദ്യാര്‍ഥികളാണ് ബദറുദ്ദീന്‍
മാഷിന്റെ വരികളില്‍ പാടുന്നത്.
കഴിഞ്ഞ മൂന്ന് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ മാറ്റുരച്ച വിദ്യാര്‍ഥികള്‍ക്കാണ് വിവിധ സ്ഥാനങ്ങള്‍ ലഭിച്ചത്. രാവിലെ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ മത്സരിച്ച ഏഴുപേര്‍ക്കും എ ഗ്രേഡ് ലഭിച്ചു.
പ്രവാചക ചരിത്ര കാവ്യത്തിലെ സീറത്തുന്നബവിയ്യ കൃതിയില്‍ നിന്നുള്ള പാട്ടുകളാണ് വിദ്യാര്‍ഥികള്‍ ആലപിച്ചത്. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ചരിത്രവും കൃതികളും ഉള്‍ക്കൊള്ളിച്ച് 188 വരികളില്‍ വൈദ്യര്മാലയും ബദറുദ്ദീന്മാഷ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ 99 നാമങ്ങള്‍ ഉള്‍കൊള്ളിച്ച അസ്മാഉല്‍ ഹുസ്നാ മാലപ്പാട്ട്, യൂസുഫ് നബി ഖിസ്സ, ഇബ്റാഹിം നബി ഖിസ്സ, സുലൈമാന്‍ നബി ഖിസ്സ, തിരുനബിമംഗലം കല്യാണപ്പാട്ടുകള്‍, ആയിശാബീവി ചരിതം, ഖദീജാമംഗലം, ഫാത്തിമമംഗലം, മൂസാ നബി ഖിസ്സപ്പാട്ട് എന്നിവയും ബദറുദ്ദീന്റെ രചനകളാണ്.
മാപ്പിള കലകളെ സംബന്ധിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളുടെ രചനയില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.
മാപ്പിളപ്പാട്ടുകളുടെ നിരവധി സി.ഡികളും പുറത്തിറക്കിയിട്ടുണ്ട്. 2016ല്‍ മാപ്പിള കവിക്കുള്ള ഇശല്‍ തനിമ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി.
കോഴിക്കോട് പരപ്പില്‍ എം.എം സ്കൂളിലെ യു.പി വിഭാഗം അധ്യാപകനാണ് ബദറുദ്ദീന്‍ മാഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."