നെല്ലിയാമ്പതി പെരിയചോലയില്‍ റോഡ് നിര്‍മാണം
പാലക്കാട്: നെല്ലിയാമ്പതിയില്‍ നിന്ന് പറമ്പിക്കുളം കടുവാസങ്കേതത്തിലേക്ക് പോകുന്ന പെരിയചോലയില്‍ റോഡ് വീതികൂട്ടിയതില്‍ രണ്ട് ഗ്രാമപഞ്ചായത്തുകള്‍ക്കും പങ്കുണ്ടെന്ന് തെളിഞ്ഞു. സി.പി.എം ഭരിക്കുന്ന നെല്ലിയാമ്പതി, മുതലമട ഗ്രാമപഞ്ചായത്തുകള്‍ 33 ലക്ഷം രൂപയുടെ ഫണ്ട് ഈ റോഡ് വീതി കൂട്ടി നവീകരിക്കാന്‍ അനുവദിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ആനമട മുതല്‍ പെരിയച്ചോല വരെയുള്ള റോഡിന്റെ വളവുകളില്‍ കല്ല് പതിച്ചു കോണ്‍ക്രീറ്റ് ചെയ്യാനാണ് ഇത്രയധികം തുക സ്വന്തം ഫണ്ടില്‍ നിന്ന് വകയിരുത്തിയത്. മുതലമട പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ വകയിരുത്തുകയും എല്ലാ അനുമതിയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വനംവകുപ്പ് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയാണ് ചിലവിട്ടതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അതും നിലവിലുള്ള റോഡിന്റെ അരികിലൂടെ വെള്ളം ഒഴുകി പോകാനുള്ള ചാല്‍ ഉണ്ടാക്കാനാണ് ചിലവിട്ടത്. നേരത്തെ എസ്റ്റേറ്റുകാരാണ് അഞ്ചു കിലോമീറ്റര്‍ നീളമുള്ള റോഡ് നിര്‍മിക്കാന്‍ പണം മുടക്കിയതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനം വകുപ്പിന്റെ സ്ഥലം കൈയേറി റോഡ് വെട്ടുന്നതില്‍ പങ്കാളികളായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ രണ്ടു പഞ്ചായത്തു ഭരണ സമിതിയെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് എര്‍ത്ത് വാച്ച് കേരള കേന്ദ്ര വനം മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
ആനമട മുതല്‍ നിലവിലുള്ള റോഡ് വീതികൂട്ടി പുതുക്കിയെങ്കിലും കനത്ത മഴയില്‍ പലഭാഗത്തും തകര്‍ന്നിട്ടുണ്ട്. 1912ല്‍ നെല്ലിയാമ്പതിയില്‍ നിന്ന് പറമ്പികുളത്തേക്ക് പോകാന്‍ ബ്രിട്ടിഷുകാര്‍ നിര്‍മിച്ച മൂന്ന് മീറ്റര്‍ വീതിയുള്ള ജീപ്പ് റോഡായിരുന്നുവെന്ന് വനംവകുപ്പ് പറയുന്നു. റോഡ് നിര്‍മിച്ചത് വിവാദമായതോടെ ഗ്രാമപഞ്ചായത്ത് ഫണ്ട് നല്‍കാന്‍ വിസമ്മതിച്ചിരിക്കുകയാണ്. ഇതോടെ കരാറുകാരനും പ്രതിസന്ധിയിലാണ്. പല ഭാഗത്തും തകര്‍ന്ന റോഡ് നന്നാക്കാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്. പെരിയച്ചോല ഭാഗത്താണ് വനഭൂമി കൈയേറിയതെന്ന് മുഖ്യവനപാലകന്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെടുകയും കൈയേറിയ സ്ഥലത്ത് മാര്‍ക്ക് ചെയ്ത് കുറ്റിയടിച്ചിട്ടുമുണ്ട്. ഇതിനിടയില്‍ നെമ്മാറ ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ള 16 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സി.സി.എഫ് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."