മതം, പൗരത്വം, മനുഷ്യാവകാശം
അങ്ങനെ ദേശീയ പൗരത്വബില്‍ ലോക്‌സഭയില്‍ 311 പേരുടെ പിന്തുണയോടെ പാസായി. എതിര്‍ത്തത് 80 പേര്‍ മാത്രം. ഇതില്‍ അത്ഭുതമൊന്നുമില്ല. രാജ്യം ഇത് പ്രതീക്ഷിച്ചതാണ്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ മുസ്‌ലിംകള്‍ അല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. മുസ്‌ലിം ജനവിഭാഗങ്ങള്‍ പുറത്താക്കപ്പെടുകയും ചെയ്യും.
അങ്ങനെ ഒരു വിഭാഗീയത ബില്ലില്‍ ഇല്ല എന്ന് അമിത് ഷാ പറയുന്നുണ്ടെങ്കിലും കൃത്യമായ വംശീയ സമവാക്യങ്ങള്‍ ഇതിലുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഹിന്ദുത്വ അജണ്ടയില്‍ നിന്നുകൊണ്ടാണ് ഇങ്ങനെയൊരു ബില്ല് രൂപം കൊള്ളുന്നത്. ലക്ഷ്യം മുസ്‌ലിംകളെ പുറത്താക്കുക എന്നതു തന്നെ. വടക്കുകിഴക്കന്‍ മേഖലകളില്‍നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ അത്തരം ഗോത്രവര്‍ഗ പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കുറുക്കന്റെ കൗശലം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാല്‍ നിയന്ത്രിക്കപ്പെടുന്ന പ്രസ്ഥാനമാണ് ബി.ജെ.പി. അതിനാല്‍ അവര്‍ക്ക് രാജ്യസഭയിലും ഈ ബില്‍ പാസാക്കിയെടുക്കാന്‍ വിഷമമുണ്ടാവില്ല.
ഈ ബില്ലുമായി ബന്ധപ്പെട്ടുകൊണ്ട് പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധങ്ങള്‍ വളരെ ദുര്‍ബലമായിരുന്നു. വംശീയ വേട്ടയുടെ വിഷയത്തില്‍ കുറച്ചുകാലമായി സംഭവിക്കുന്നത് ഇതുതന്നെയാണ്. പേടിയും നിശ്ശബ്ദതയും ബാധിച്ച വര്‍ത്തമാന ഇന്ത്യയില്‍ ജീവിതം മൊത്തത്തില്‍ തന്നെ ദുസ്സഹമായിത്തീര്‍ന്നിട്ടുണ്ട്. വിശപ്പിന്റെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും രാഷ്ട്രീയം റദ്ദ് ചെയ്യപ്പെടുകയും വംശീയ രാഷ്ട്രീയം മേല്‍കൈ നേടുകയും ചെയ്യുന്നു. ഇന്ത്യയുടെ മതേതര മനസ്സ് കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാവുകയാണ്. വംശീയതയും ഫാസിസവും കലര്‍ന്ന മിഥ്യാഭ്രമങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണത്തില്‍ ഭയപ്പെടുന്ന വര്‍ധനവ് സംഭവിക്കുന്നു.
വിശാല ഹിന്ദുത്വ അജണ്ട നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിരോധങ്ങള്‍ ഇല്ലാതാക്കുക എന്ന വലിയ ലക്ഷ്യമാണ് കോണ്‍ഗ്രസ് മുക്തഭാരതത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. അതിന് ഏത് ജനാധിപത്യവിരുദ്ധ മാര്‍ഗവും അവര്‍ പയറ്റും. കര്‍ണാടകയിലെ ബി.ജെ.പി വിജയം അതാണ് കാണിക്കുന്നത്. മതേതര പ്രസ്ഥാനങ്ങള്‍ ഐക്യപ്പെടാതിരിക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്. അതിലവര്‍ വലിയൊരളവ് വിജയിച്ചുകഴിഞ്ഞു. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ മുന്നണി ഭരണംപോലും ശാശ്വതമെന്നു കരുതണ്ട. അട്ടിമറി അവിടെയും സാധ്യമാണ്. ബി.ജെ.പിയോട് എപ്പോള്‍ വേണമെങ്കിലും ഐക്യപ്പെടാവുന്ന ജനിതക ഘടനയാണ് ശിവസേനയുടേത്. ബി.ജെ.പി ശിവസേന കലഹം സയാമീസ് ഇരട്ടകളുടെ കലഹം മാത്രമാണ്. അതിനെ മതേതര പാര്‍ട്ടികള്‍ നമ്പേണ്ടതില്ല.
ബംഗാളില്‍നിന്ന് മമതയും പഞ്ചാബില്‍നിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങുമാണ് പൗരത്വബില്ലിനെതിരേ രംഗത്തുവന്ന മുഖ്യമന്ത്രിമാര്‍. രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ അനിവാര്യതയെക്കുറിച്ചുപോലും മമത പറഞ്ഞുകഴിഞ്ഞു. മമതയുടെ വീര്യം കാണുമ്പോള്‍ ആഗ്രഹിച്ചുപോയത് അവരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷയാക്കണമെന്നാണ്. തീര്‍ച്ചയായും ഇന്ദിരാഗാന്ധിയുടെ പ്രതാപകാലത്തേയ്ക്ക് കോണ്‍ഗ്രസിന് മടങ്ങിപ്പോകാം. കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്നതും അത്തരമൊരു നേതൃത്വത്തിന്റെ അഭാവമാണ്.
ഫാസിസ്റ്റ്‌വംശീയ കാലഘട്ടത്തില്‍ പ്രതിഷേധങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും രൂക്ഷതയേറിയേ മതിയാവൂ. താനുണ്ടായിരിക്കെ ബംഗാള്‍ജനതയെ ആരും തൊടാന്‍ വരേണ്ടെന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യമുണ്ടല്ലൊ, അതൊരു പ്രതീക്ഷയാണ് ഭാരതത്തിന്. ഈ ശബ്ദം മായ്ച്ചുകളയാനായിരുന്നല്ലൊ കോണ്‍ഗ്രസും സി.പി.എമ്മും ബംഗാളില്‍ ഒന്നിച്ചത് എന്നോര്‍ക്കുമ്പോള്‍ മഹാകഷ്ടം എന്നേ പറയാനുള്ളൂ. ഇന്ത്യയിലെ ഒരേയൊരു ഇടതുപക്ഷ മുഖ്യമന്ത്രിയെന്ന് പറയപ്പെടുന്ന പിണറായി വിജയന്റെ നിശ്ശബ്ദത ഭീകരം തന്നെ. സംഘ്പരിവാറുകാരുടെ കൈയടിനേടാനുള്ള ഉത്സാഹത്തിനിടയില്‍ അദ്ദേഹം മറന്നുപോവുന്നത് സംഘ്പരിവാറുകാരുടെ ഊരിപ്പിടിച്ച വാളിനിടയിലൂടെ നടന്നു എന്ന് അദ്ദേഹം തന്നെ വീമ്പുപറയുന്ന സ്വന്തം ഭൂതകാലമാണ്. കേരളത്തിലെ ഇടതുപക്ഷ മതേതര ബ്ലോക്ക് പൗരത്വബില്ലിന്റെ വിഷയത്തില്‍ കുറ്റകരമാം വിധം നിശ്ശബ്ദമാണ്. എഴുത്തുകാര്‍, ചിത്രകാരന്മാര്‍, സാമൂഹിക ശാസ്ത്രജ്ഞര്‍... ആരും ഒന്നും പറയുന്നല്ല. കേരളത്തിന്റെ പൊതുബോധവും മുസ്‌ലിം വിരുദ്ധതയിലേയ്ക്ക് ചായുകയാണോ?
ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത് പുതിയൊരു വംശീയ ആഖ്യാനമാണ്. ബാബരി മസ്ജിദിന്റെ കാലം കഴിഞ്ഞ സ്ഥിതിയ്ക്ക് അവര്‍ക്ക് മറ്റൊരു ആഖ്യാനം ആവശ്യമാണ്. മുസ്‌ലിം വിരുദ്ധതയിലൂടെ ഹിന്ദുക്കളെ ഒന്നിപ്പിച്ച് നിര്‍ത്തി അധികാരം പിടിക്കാനുള്ള തന്ത്രം.
ജനാധിപത്യം വംശീയാധിപത്യത്തിന് വഴിമാറിയാല്‍ ഇന്ത്യയെച്ചൊല്ലി അതിന്റെ മതേതര പൈതൃകത്തെച്ചൊല്ലി ഏറെയൊന്നും അഭിമാനിക്കേണ്ടി വരില്ല. ഹിന്ദുമതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുമ്പോള്‍ തന്നെ സംഘിരാഷ്ട്രീയത്തോട് ഐക്യപ്പെടാന്‍ കൂട്ടാക്കാത്ത ഒരു സമൂഹമായിരുന്നു ഇന്ത്യയുടെ അഭിമാനം. അതും ഒരു മിഥ്യയാവുകയാണോ എന്ന് ആലോചിക്കുമ്പോള്‍ പേടി തോന്നുന്നു. മതേതര കക്ഷികളുടെ നിശ്ശബ്ദതയ്ക്ക് കാരണം ഇതുതന്നെ. മുസ്‌ലിംകള്‍ക്കുവേണ്ടി തീവ്രമായി സംസാരിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടികളുടെ ഹിന്ദുവോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന പേടി.
കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കു മാത്രമല്ല. തീവ്ര മതേതരമെന്ന് വിശ്വസിക്കുന്ന സി.പി.എമ്മിനും ഈ പേടിയുണ്ട്. സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന പൊതുബോധത്തിന്റെ കൂടെയല്ല ഈ പാര്‍ട്ടികള്‍ നില്‍ക്കേണ്ടത്. മറിച്ച് ഇതിനെ മറികടക്കുന്ന പ്രചാരണങ്ങള്‍ നടത്തുകയാണ് വേണ്ടത്. അത്തരം ശ്രമങ്ങള്‍ക്കിടയില്‍ താല്‍ക്കാലിക നഷ്ടവുമുണ്ടാവും. അത് കാര്യമാക്കരുത്. ജനതയുടെ തെറ്റായ പൊതുബോധത്തിനൊപ്പം മതേതര പ്രസ്ഥാനങ്ങള്‍ സഞ്ചരിക്കരുത്. മറിച്ച് ജനതയെ തിരുത്തണം. സംഘ്പരിവാര്‍ കവര്‍ന്നെടുത്തുകൊണ്ടുപോവുന്ന ജനതയെ മതേതരത്വത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാതെ ഇന്ത്യന്‍ ജനാധിപത്യത്തിന് നിലനില്‍പ്പില്ല.
വളരെ പെട്ടെന്ന് മുസല്‍മാന്‍മാരെ രാജ്യത്തിനു പുറത്താക്കുക എന്നതൊന്നുമല്ല ലക്ഷ്യമിടുന്നത്. ദീര്‍ഘനാള്‍ ഈ വിഷയം കത്തിച്ചുനിര്‍ത്തുക. അതുവഴി മുസ്‌ലിം വിരുദ്ധമായ കപടദേശീയതയിലൂടെ സംഘ്പരിവാര്‍ അനുകൂല ഹിന്ദു ഐക്യം ഉണ്ടാക്കുക. ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്താനുള്ള സാഹചര്യം സൃഷ്ടിക്കുക. ഈ വിഭജനവും ധ്രുവീകരണവും ഭാവിയില്‍ ആഭ്യന്തരകലാപത്തിന് കാരണമാവും. രാജ്യം ശിഥിലമാവും. ഒന്നുറപ്പിക്കാം. ഇരട്ടനീതി മുസ്‌ലിം വിഭാഗത്തിന്റെ ജീവിതം കൂടുതല്‍ ഭയാശങ്കകള്‍ നിറഞ്ഞതാക്കി മാറ്റും. മുസ്‌ലിം നാമധാരിയായി ജീവിക്കുക ദുസ്സഹമാവും. മാവോയിസ്റ്റുകളായി ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലന്റേയും താഹയുടേയും കാര്യം തന്നെ നോക്കാം. പ്രഖ്യാപിത മാവോയിസ്റ്റുകള്‍ എത്രയോ ഉണ്ട് കേരളത്തില്‍. അവരുടേതായ രീതിയില്‍ പ്രചാരണ പ്രവര്‍ത്തനം നടത്തുന്നവര്‍. മാവോയിസ്റ്റുകള്‍ പൊതുവെ മതപരമായ സ്വത്വം ഉപേക്ഷിക്കുന്നവരാണ്. എന്നാല്‍, രണ്ട് മുസ്‌ലിം യുവാക്കള്‍ മാവോയിസ്റ്റുകളായി ചിത്രീകിരക്കപ്പെടുമ്പോള്‍ അവര്‍ മുസ്‌ലിം തീവ്രവാദികള്‍ കൂടിയാവുകയാണ്.
അടിച്ചേല്‍പ്പിക്കപ്പെടുന്ന അപരത്വം. മുസല്‍മാന്‍മാര്‍ ആയതുകൊണ്ട് മാത്രം മറ്റ് മാവോയിസ്റ്റുകള്‍ക്ക് നേരിടേണ്ടതില്ലാത്ത പ്രതിസന്ധി ഇടതുപക്ഷ ഭരണത്തില്‍ അലനും താഹയ്ക്കും നേരിടേണ്ടി വരുന്നു. പിണറായി വിജയനും മോഹനന്‍ മാഷ്‌ക്കും സംഘ്പരിവാറിന്റെ കൈയടി ലഭിക്കുന്നു. ഭാവിയില്‍ ഇത്തരം ഇരട്ടനീതികള്‍ മുസല്‍മാന്‍മാര്‍ പ്രതീക്ഷിക്കണം.
പൗരത്വ ബില്ലിന്റെ കാര്യത്തില്‍ മുസല്‍മാന്‍മാര്‍ ഒന്നിച്ച് നിന്ന് പ്രതിരോധം തീര്‍ക്കുകയെന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. കാരണം ഇത് മതപ്രശ്‌നമല്ല. മനുഷ്യപ്രശ്‌നമാണ്. മതേതര പ്രസ്ഥാനങ്ങളാണ് ഈ വിഷയം ഏറ്റെടുക്കേണ്ടത്. വേട്ടയാടപ്പെടുന്ന ഒരു വിഭാഗം ഇന്ത്യന്‍ പൗരന്മാര്‍ക്ക് അങ്ങനെയാണ് നീതി ഉറപ്പാക്കേണ്ടത്. പാര്‍ലമെന്റില്‍ മാത്രം പ്രതിരോധം തീര്‍ത്തിട്ടും കാര്യമില്ല. ജനാധിപത്യത്തെ രാജ്യത്തിന്റെ അന്തസ്സായി കാണുന്ന ഭരണകൂടം മാത്രമേ പ്രതിപക്ഷത്തെ മാനിക്കൂ. ബി.ജെ.പിയില്‍ നിന്ന് അത് പ്രതീക്ഷിക്കണ്ട. പാര്‍ലമെന്റിനു പുറത്താണ് ഇനി പോരാടേണ്ടത്. വലിയ റാലികള്‍ ഉണ്ടാവണം. ഇരട്ട നീതിക്കെതിരെയുള്ള ജനാധിപത്യപ്രക്ഷോഭങ്ങള്‍കൊണ്ട് തെരുവുകള്‍ ഉണരണം. മുസ്‌ലിം സഹോദരന്മാര്‍ക്കുവേണ്ടി മറ്റ് മതവിഭാഗത്തിലെ പൗരന്മാര്‍ ഉച്ചത്തില്‍ സംസാരിക്കട്ടെ.
ഫാസിസം ജനപഥങ്ങള്‍ക്കുമേല്‍ ഭീതിയുടെ പുതപ്പു വിരിക്കുമെന്നും അത് എടുത്തുമാറ്റാതെ ഫാസിസത്തെ പ്രതിരോധിക്കാനാവില്ലെന്നും എം.എന്‍. വിജയന്‍ നിരീക്ഷിച്ചിട്ടുണ്ട്. പൗരത്വബില്ലിനെ വെറുതെ എതിര്‍ത്തതുകൊണ്ടായില്ല. ഇന്ത്യയ്ക്കുമേല്‍ സംഘ്പരിവാര്‍ വിരിച്ച ഭീതിയുടെ പുതപ്പ് എടുത്തുമാറ്റിയേ മതിയാകൂ. ഈ ദൗത്യം ആര് ഏറ്റെടുക്കും എന്നതാണ് ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."