അയ്യോ അച്ഛാ പോകല്ലേ.. എന്നു കരഞ്ഞിട്ടെന്തു കാര്യം
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് ബി.ജെ.പി രാജ്യമൊട്ടാകെ നടത്തുന്ന രാഷ്ട്രീയനീക്കങ്ങളെ ഫലപ്രദമായി ചെറുക്കാനോ മറുതന്ത്രം പ്രയോഗിക്കാനോ കഴിയാത്തവിധം അസ്തപ്രജ്ഞരായി തീര്‍ന്നിരിക്കുന്നു കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വം. 2019ലെ പൊതുതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പിന്നീടൊരു പൊതുതെരഞ്ഞെടുപ്പുണ്ടാകുമോ എന്നുപോലും ഭയക്കേണ്ട അവസ്ഥയാണ്. എന്നിട്ടും തങ്ങളെ ഇപ്പോഴും പ്രതീക്ഷയോടെ നെഞ്ചില്‍ കൊണ്ടുനടക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷം ജനതയെയും നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വം.
മാസങ്ങള്‍ക്കു മുമ്പ് മൂന്നു സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തുടങ്ങുന്നു കോണ്‍ഗ്രസിന്റെ സമീപകാലത്തെ പാളിച്ചകള്‍. ഛത്തീസ്ഗഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. അതിനാല്‍ കോണ്‍ഗ്രസ്സിനെയായിരുന്നു ഗവര്‍ണര്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കേണ്ടിയിരുന്നത്. എന്നാല്‍, അതിനുവേണ്ടി അവകാശമുന്നയിക്കുന്നതിനു പകരം ആരു നിയമസഭാകക്ഷി നേതാവാകണമെന്നു കോണ്‍ഗ്രസ് ഓഫീസിലിരുന്നു തര്‍ക്കിക്കുകയായിരുന്നു നേതാക്കള്‍.
ഇവിടെ ഫലപ്രദമായി ഇടപെടാനോ തീരുമാനത്തിലെത്താനോ ദേശീയനേതൃത്വം നിയോഗിച്ച നിരീക്ഷകര്‍ക്കു കഴിയാതെ പോയി. അതിനുവേണ്ട പ്രാപ്തിയും നേതൃഗുണവും ആ നിരീക്ഷകര്‍ക്ക് ഇല്ലാതെ പോയി. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മന്ത്രിസഭയുണ്ടാക്കാന്‍ തന്ത്രങ്ങള്‍ മെനയേണ്ട കെ.സി വേണുഗോപാല്‍ നോക്കുകുത്തിയായി. ഈ സമയങ്ങളിലെല്ലാം ബി.ജെ.പി അണിയറയില്‍ തകൃതിയായി തന്ത്രങ്ങള്‍ മെനയുകയായിരുന്നു. മൂന്നു സംസ്ഥാനങ്ങളിലും ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബി.ജെ.പി അധികാരത്തില്‍ വന്നു.
തീര്‍ന്നില്ല, തൊട്ടുപിന്നാലെയാണു രാഷ്ട്രപതി തെരഞ്ഞെടുപ്പു വന്നത്. മാസങ്ങള്‍ക്കുമുമ്പേ തെരഞ്ഞെടുപ്പു മുന്നറിയിപ്പു വന്നതാണ്. അന്നുതൊട്ടേ ബി.ജെ.പി പണിപ്പുരയിലായിരുന്നു. ബി.ജെ.പി ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തിയാകുമെന്നു കരുതിയ വ്യക്തിയെ നേരത്തേതന്നെ മോദിയും അമിത്ഷായും കണ്ടുവച്ചിരുന്നു. നോട്ടുനിരോധനം പോലെ മറ്റാരും ഈ രഹസ്യം അറിഞ്ഞില്ല. രഹസ്യം മനസ്സിലുറപ്പിച്ച് അമിത്ഷായും നരേന്ദ്രമോദിയും കോണ്‍ഗ്രസ്സിന്റെ കണ്ണില്‍ പൊടിയിടാനായി മൂന്നംഗ തെരഞ്ഞെടുപ്പുസമിതിയെ നിയോഗിച്ചു. ഇപ്പോഴത്തെ രാജ്യസഭാ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു അരുണ്‍ജെയ്റ്റ്‌ലി, സുഷമാ സ്വരാജ് എന്നിവരായിരുന്നു ആ കടലാസ് കമ്മിറ്റിയംഗങ്ങള്‍.
ഇവരെയാണ് പ്രതിപക്ഷത്തിനടുത്തേക്കു പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്താനെന്ന വ്യാജേന അയച്ചത്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി ആരാണെന്നറിയാനുള്ള തന്ത്രമായിരുന്നു അത്. പ്രതിപക്ഷം അങ്ങനെയൊരു ഒരുക്കവും നടത്തിയിരുന്നില്ല. ശ്രമിച്ചിരുന്നുവെങ്കില്‍ പ്രതിപക്ഷത്തിന്റെ നോമിനിയാകുമായിരുന്നു ഇന്നത്തെ രാഷ്ട്രപതി. സ്വീകാര്യനായ പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്താനോ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള കരുക്കള്‍ നീക്കാനോ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിനു കഴിഞ്ഞില്ല.
പ്രതിപക്ഷം അന്തംവിട്ടുനില്‍ക്കുകയാണെന്നു മനസ്സിലാക്കിയ മോദി മറക്കുടയ്ക്കുള്ളില്‍ ഒളിപ്പിച്ച രാംനാഥ് കോവിന്ദിനെ പുറത്തിട്ടു. ഒരു ദലിത് പ്രസിഡന്റാകുന്നതു തടയാന്‍ പ്രതിപക്ഷത്തിനാകുമോയെന്ന വികാരപരമായ ചോദ്യവും പുറത്തേക്കിട്ടു. കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ബി.ജെ.പിക്കു രണ്ടു ലക്ഷ്യമുണ്ടായിരുന്നു. ഇന്ത്യയില്‍ ബി.ജെ.പിക്ക് എതിരേ വര്‍ധിച്ചുവരുന്ന ദലിത് രോഷം തടഞ്ഞുനിര്‍ത്തുകയെന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത്, തങ്ങള്‍ എന്തു ബില്ല് പാസാക്കിയാലും കണ്ണടച്ച് ഒപ്പിടുമെന്ന് ഉറപ്പുള്ള ഒരാളെ ആ പദവിയില്‍ എത്തിക്കുക, പണ്ട് ഫഖ്‌റുദ്ദീന്‍ അലി അഹമ്മദ് അടിയന്തരാവസ്ഥയില്‍ ചെയ്തതുപോലെ. ഇവിടെയും കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു.
ഇപ്പോഴിതാ നിതീഷ്‌കുമാറെന്ന അധികാരമോഹി വീണ്ടും ബി.ജെ.പി പാളയത്തിലെത്തിയിരിക്കുന്നു. പ്രതിച്ഛായയും അഴിമതി വിരുദ്ധതയുമാണ് ഈ മലക്കം മറിച്ചിലിന് അദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നത്. മഹാസഖ്യം രൂപീകരിക്കുമ്പോള്‍തന്നെ ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണക്കേസില്‍ പ്രതിയായിരുന്നുവെന്നു നിതീഷ്‌കുമാര്‍ ഓര്‍ക്കേണ്ടതായിരുന്നില്ലേ, കോണ്‍ഗ്രസ് അദ്ദേഹത്തെ ഓര്‍മിപ്പിക്കേണ്ടതായിരുന്നില്ലേ. ബി.ജെ.പിയുടെ കരാളഹസതങ്ങളില്‍നിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താന്‍ ജന്മംകൊണ്ടതാണു മഹാസഖ്യമെന്ന് ഇന്ത്യന്‍ജനതയെ പറഞ്ഞുപറ്റിച്ച നിതീഷ്‌കുമാറിന്റെ തനിനിറം പുറത്തുകൊണ്ടുവരേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടായിരുന്നു.
ബി.ജെ.പിയുടെ അപ്രമാദിത്വത്തിനു വിലങ്ങുതടിയായ ബിഹാറിലെ മഹാസഖ്യഭരണകൂടത്തെ തകര്‍ത്തെറിയേണ്ടതു ബി.ജെ.പിയുടെ ആവശ്യമായിരുന്നു. ഇതു കണ്ടറിയാനുള്ള കഴിവു കോണ്‍ഗ്രസിനില്ലാതെ പോയി. ചന്ദ്രനൊക്കും ഭവാന്‍ ഇന്ദ്രനൊക്കും ഭവാന്‍ എന്നു നിതീഷ്‌കുമാറും നരേന്ദ്രമോദിയും മാസങ്ങള്‍ക്കു മുമ്പേ പരസ്പരം പുകഴ്ത്താന്‍ തുടങ്ങിയപ്പോഴെങ്കിലും കോണ്‍ഗ്രസ് അപകടം മണക്കേണ്ടതായിരുന്നു. മൂന്നുമാസം മുമ്പു തുടങ്ങിയതാണു നിതീഷ്‌കുമാറിന്റെ ചാഞ്ചാട്ടം. അതിന് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം വിലപിച്ചിട്ടു എന്തുകാര്യം. മുന്നണി വിട്ടുപോകുന്ന നിതീഷ്‌കുമാറിനോട് 'അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ' എന്നു കോറസ് ഗാനം മുഴക്കിയതുകൊണ്ടു നിതീഷ്‌കുമാര്‍ ചക്കരക്കുടം ഒഴിവാക്കുമോ.
തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തില്‍ വരാന്‍ കഴിയാത്ത സംസ്ഥാനങ്ങളിലൊക്കെയും കുതന്ത്രങ്ങള്‍ പയറ്റിയും കുതിര കച്ചവടത്തിലൂടെയും ബി.ജെ.പി അധികാരത്തില്‍ വരുമ്പോള്‍ അതിനൊരു മറുതന്ത്രം പയറ്റാനോ നഷ്ടപ്പെടുന്ന ഭരണത്തെ പിടിച്ചുനിര്‍ത്താനോ നേതൃഗുണവും ചിന്താശക്തിയുമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴില്ല. അതാണ് ആ പാര്‍ട്ടി ഇന്നു നേരിടുന്ന ഏറ്റവും വലിയ ദുരന്തവും അപചയവും. ഇനി രണ്ടോ മൂന്നോ വലിയ സംസ്ഥാനങ്ങള്‍ മാത്രമേ ബി.ജെ.പിയുടെ വരുതിയില്‍ വരാനുള്ളൂ. അതിന്റെ പണിപ്പുരയിലാണവര്‍. എന്തുകൊണ്ടാണു കോണ്‍ഗ്രസ് ഇങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തമായിക്കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തനപാരമ്പര്യവും ദീര്‍ഘവീക്ഷണവുമില്ലാത്ത നേതൃനിരയില്‍നിന്നു വലുതായൊന്നും പ്രതീക്ഷിക്കാനാവില്ല. കോണ്‍ഗ്രസിന്റെ പഴയകാലനേതാക്കള്‍ അടിസ്ഥാനവര്‍ഗത്തോടൊപ്പം താഴെത്തട്ടില്‍ നിന്നു പ്രവര്‍ത്തിച്ച് ഉന്നത സ്ഥാനങ്ങളിലെത്തിയവരായിരുന്നു.
ഇന്നത്തെ ദേശീയനേതൃത്വമാവട്ടെ നൂലില്‍ കെട്ടി താഴെയിറക്കപ്പെട്ടവരാണ്. ഇന്റര്‍വ്യൂ ചെയ്തു ഭാരവാഹികളെ നിയമിക്കാന്‍ കോണ്‍ഗ്രസെന്താ കോര്‍പറേറ്റ് സ്ഥാപനമാണോ. രാഷ്ട്രീയത്തില്‍ പയറ്റേണ്ട തന്ത്രങ്ങളും നീക്കുപോക്കുകളും സ്വായത്തമാകണമെങ്കില്‍ അടിത്തട്ടില്‍നിന്നു പ്രവര്‍ത്തിച്ചു വരണം. ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇല്ലാത്തതും അതാണ്. ഇപ്പോഴിതാ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കു നല്ല സ്വാധീനമുണ്ടായിട്ടുപോലും രാജ്യസഭയിലേക്ക് അഹമ്മദ് പട്ടേലിനെ വിജയിപ്പിച്ചെടുക്കുന്നതില്‍ ത്രിശങ്കുവിലായിരിക്കുന്നു. ബി.ജെ.പിയിലേക്കു തിരിച്ചുപോയ ശങ്കര്‍ വഗേലക്കൊപ്പം പോകുന്ന എം.എല്‍.എമാരെ തടഞ്ഞു നിര്‍ത്താനുള്ള ത്രാണി പോലും കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിനു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ മഹത്തായ ജനാധിപത്യവും മതേതരത്വവും ഇവരിലൂടെ സംരക്ഷിക്കപ്പെടുമെന്നാണോ ഇനിയും പ്രതീക്ഷിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."