അബൂ ദുജാനയുടെ കൊലപാതകം: കശ്മിരില്‍ അക്രമം പടരുന്നു
ശ്രീനഗര്‍: സൈനിക നടപടിക്കിടയില്‍ ലഷ്‌കറെ ത്വയ്ബ ഭീകരന്‍ അബൂ ദുജാന കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള പ്രതിഷേധം കശ്മിരില്‍ കത്തിപ്പടരുന്നു. ഇന്നലെ ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സൈനിക നടിപടിക്കെതിരേ രൂക്ഷമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
കശ്മിരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് പാക് വംശജനായ അബൂ ദുജാന എന്ന ഹാഫിസ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് വ്യാപകമായ പ്രക്ഷോഭമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉണ്ടായത്.
പ്രക്ഷോഭകരെ നിയന്ത്രിക്കുന്നതിനായി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗറിലെ ഏഴ് പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പുല്‍വാമക്കു പുറമെ അയല്‍ ജില്ലകളായ ഷോപ്പിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ് എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമാണ്. അതേസമയം അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടയില്‍ പുല്‍വാമ ജില്ലയിലെ ബീഗംപുരക്കടുത്ത കാകപോറ ഗ്രാമവാസി സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിരുന്നു. സുരക്ഷാ സേനക്കെതിരായ കല്ലേറിനിടയില്‍ ഇവരെ പിരിച്ചുവിടുന്നതിനുള്ള നടപടിക്കിടയിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പൊലിസ് അറിയിച്ചു. അക്രമത്തില്‍ പൊലിസ്, സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അതേസമയം ദുജാനയുടെ കൊല കശ്മിരിലെ സുരക്ഷാ സേനയുടെ ഏറ്റവും വലിയ വിജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 15 ലക്ഷം രൂപയാണ് സൈന്യം ഇയാളുടെ തലക്ക് വിലയിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."