നോര്‍ക്ക സംഘം റിയാദില്‍: മെഡിക്കല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി പത്രത്തില്‍ ഇന്ന് ഒപ്പുവയ്ക്കും
റിയാദ്: സഊദി ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ ഡോക്ടര്‍, നഴ്സ്, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യാനുള്ള അനുമതി പത്രത്തില്‍ നോര്‍ക്ക റൂട്ട്സ് ഇന്ന് (വ്യാഴം) റിയാദില്‍ ഒപ്പുവയ്ക്കും. സഊദി ആരോഗ്യമന്ത്രാലയവുമായാണ് നോര്‍ക്ക ഒപ്പിടുക. കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്ത്യയില്‍ നിന്നും ആരോഗ്യമേഖല ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ സഊദി ആരോഗ്യ മന്ത്രാലയം നോര്‍ക്കക്ക് അനുമതി നല്‍കിയത്. ഏപ്രില്‍ 15ന് പ്രതിനിധി സംഘം റിയാദിലെത്തി മന്ത്രാലയവുമായി കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ യാത്രയുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതില്‍ കാലതാമസമുണ്ടായോടെ യാത്ര വൈകുകയായിരുന്നു.
ഇന്ന് രാത്രി മലയാളി പൊതുസമൂഹത്തെ നോര്‍ക്ക സംഘം അഭിസംബോധന ചെയ്യുന്നുണ്ട്. അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മലയാളി സംഘടനളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും. വിവിധ പ്രശ്നങ്ങള്‍ മനസിലാക്കാനും പ്രവാസിക്ഷേമ പദ്ധതികള്‍ ആലോചിക്കാനുമാണ് വിവിധ സംഘടനകളുമായി പരിപാടി ആസൂത്രണം ചെയ്തത്. നോര്‍ക്ക സി.ഇ.ഒ കെ.എന്‍ രാഘവന്, ജനറല്‍ മാനേജര്‍ ഗോപകുമാര്‍ എന്നിവരുള്‍പ്പെട്ട കഴിഞ്ഞ ദിവസം സഊദിയിലെത്തിയിരുന്നു. റിയാദിലെത്തുന്ന സംഘം ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ അഹ്മദ് ജാവേദിനെ സന്ദര്‍ശിച്ചു പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."