പൗരത്വബില്ലില്‍ കത്തി ഗുവാഹത്തി; ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയേക്കും
ടോക്യോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുവാഹത്തിയില്‍ ഞായറാഴ്ച്ചയാണ് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി നടക്കാനിരുന്നത്.
പൗരത്വഭേഗതി ബില്‍ നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തായതിനെ തുടര്‍ന്ന് ഞായറാഴ്ചമുതല്‍ മൂന്നുദിവസം ഗുവാഹാട്ടിയില്‍ നടക്കേണ്ടിയിരുന്ന ഉച്ചകോടിയുടെ വേദി മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ആബെ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് ജപ്പാനിലെ വാര്‍ത്താ ഏജന്‍സിയായ ജീജി പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കിയതിനു പിന്നാലെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുല്‍ മോമെനും ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാനും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം ഔദ്യോഗിക ചര്‍ച്ചകള്‍ക്കായിരുന്നു സന്ദര്‍ശനം. ഇന്നലെ മുതല്‍ ശനിയാഴ്ച വരെയായിരുന്നു ചര്‍ച്ചകള്‍ നിശ്ചയിച്ചിരുന്നത്. രാജ്യത്തിന്റെ ആവശ്യം പരിഗണിച്ചാണ് സന്ദര്‍ശനം മാറ്റിവച്ചതെന്നു മോമെന്റെ ഓഫിസ് അറിയിച്ചു. ബംഗ്ലാദേശില്‍ 14ന് നടക്കുന്ന രക്തസാക്ഷി ദിനാചരണവും 16ന് നടക്കുന്ന വിജയ ദിനാഘോഷവും കാരണമാണ് തന്റെ സന്ദര്‍ശനം റദ്ദാക്കിയതെന്ന് മോമെന്‍ അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
പൗരത്വഭേദഗതി ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭം അസമില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. പ്രക്ഷോഭകാരികളെ നേരിടാന്‍ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."